Connect with us

asean

മ്യാന്മറിനെ പങ്കെടുപ്പിക്കാതെ ആസിയാൻ ഉച്ചകോടി തുടങ്ങി

അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന രീതിയിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യ സർക്കാറിന് ഭരണം കൈമാറാനും സൈനിക ഭരണകൂടം തയ്യാറാകാത്തതിനെ തുടർന്നാണ് മ്യാന്മർ പട്ടാള മേധാവിയെ ഉച്ചകോടിയിൽ നിന്ന് ഒഴിവാക്കിയത്

Published

|

Last Updated

ജക്കാർത്ത | പട്ടാള ഭരണം നിലനിൽക്കുന്ന മ്യാന്മറിന്റെ പങ്കാളിത്തമില്ലാതെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടി ആരംഭിച്ചു. മൂന്ന് ദിവസത്തെ ഉച്ചകോടി വെർച്വലായാണ് സംഘടിപ്പിക്കുന്നത്. മ്യാന്മർ സൈനിക മേധാവിയും ഭരണാധികാരിയുമായ ജനറൽ മിൻ ഓംഗ് ഹ്ലെയിംഗിനെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അടിയന്തര യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.

അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന രീതിയിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യ സർക്കാറിന് ഭരണം കൈമാറാനും സൈനിക ഭരണകൂടം തയ്യാറാകാത്തതിനെ തുടർന്നാണ് മ്യാന്മർ പട്ടാള മേധാവിയെ ഉച്ചകോടിയിൽ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ അവർ രംഗത്തെത്തിയെങ്കിലും ആസിയാൻ നേതാക്കൾ വഴങ്ങിയില്ല. രാഷ്ട്രീയേതര പ്രതിനിധി എന്ന നിലയിൽ ഉയർന്ന നയതന്ത്ര പ്രതിനിധിയായ ചാൻ അയയെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ആസിയാൻ ക്ഷണിച്ചിരുന്നെങ്കിലും മ്യാന്മർ അയച്ചില്ല.

ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്്ലാൻഡ്, വിയറ്റ്നാം എന്നിവയാണ് മ്യാന്മറിന് പുറമെ ആസിയാനിൽ അംഗമായ രാജ്യങ്ങൾ. മുൻ പട്ടാള ഭരണകൂടത്തിന്റെ കീഴിൽ 1997ലാണ് മ്യാന്മർ ആസിയാനിൽ അംഗമായത്.

ആസിയാനിൽ ബൈഡനും
ജക്കാർത്ത | ആസിയാൻ രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടിയിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. 2017ൽ ഡൊണാൾഡ് ട്രംപ് ആസിയാൻ- യു എസ് യോഗത്തിൽ പങ്കെടുത്തതിന് ശേഷം അമേരിക്കൻ പ്രസിഡന്റ്തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംബന്ധിച്ചിട്ടില്ല. യു എസ്- ചൈന ബന്ധം വഷളാകുതിനിടെയാണ് ബൈഡൻ ഉച്ചകോടിയിൽ പങ്കെടുത്തത്. ചൈനക്കെതിരെ ഉയർന്നുവരുന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമായാണ് ബൈഡന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. ഇന്ന് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും ബൈഡൻ സംബന്ധിക്കും.
അതിനിടെ, ഉന്നത യു എസ് നയതന്ത്ര പ്രതിനിധികൾ മ്യാന്മറിലെ ദേശീയ ഐക്യ സർക്കാറുമായി (എൻ യു ജി) വെർച്വൽ കൂടിക്കാഴ്ച നടത്തി. പുറത്താക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെട്ട നിഴൽ സർക്കാറാണ് എൻ ജി യു.

കുറ്റങ്ങൾ നിഷേധിച്ച് ഓംഗ് സാൻ സൂചി
യാങ്കൂൺ | തനിക്കെതിരെ പട്ടാള ഭരണകൂടം ചുമത്തിയ കുറ്റങ്ങൾ മ്യാന്മറിലെ പുറത്താക്കപ്പെട്ട നേതാവ് ഓംഗ് സാൻ സൂചി നിഷേധിച്ചു. ഫെബ്രുവരിയിലെ അട്ടിമറിക്കും കസ്റ്റഡിക്കും ശേഷം കോടതിയിൽ ആദ്യമായി നൽകിയ മൊഴിയിലാണ് സൂചി ആരോപണങ്ങൾ നിഷേധിച്ചത്. ജൂണിലാണ് സൂചിക്കെതിരായ വിചാരണ ആരംഭിച്ചത്. പതിറ്റാണ്ടുകളോളം ജയിലിലടക്കാവുന്ന കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിട്ടുള്ളത്. നയ്പിഡോയിലെ പട്ടാള കോടതിയിൽ നടക്കുന്ന വിചാരണാ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കുണ്ട്. സൂചിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest