Connect with us

Kerala

പോക്‌സോ കേസിനെ തുടര്‍ന്ന് കാട്ടിലൊളിച്ച പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

പ്രാഥമികാവശ്യത്തിനായി വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതിയും സുഹൃത്ത് രതീഷും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട  | പതിനാല്കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച പ്രതിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവര്‍ഷത്തോളമായി കാട്ടില്‍ ഒളിവില്‍ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാര്‍ സത്രത്തിലെ സുരേഷ് എന്നുവിളിക്കുന്ന ജോയി (26) ആണ് പോലീസിന്റെ പിടിയിലായത്.

2020 നവംബര്‍ 22ന് വെളുപ്പിന് പ്രാഥമികാവശ്യത്തിനായി വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ, വെളിയില്‍ പതുങ്ങിനിന്ന പ്രതിയും സുഹൃത്ത് വണ്ടിപ്പെരിയാര്‍ സത്രം സ്വദേശി കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ രതീഷിന്റെ വീട്ടിലും വനത്തിനുള്ളില്‍ പലയിടങ്ങളിലെ ഷെഡ്ഡുകളിലും വച്ചും ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കുട്ടിയുടെ ബന്ധു പമ്പ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. മുന്നു വര്‍ഷമായി അന്വേഷണം വഴിമുട്ടി നിന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം റാന്നി ഡി വൈ എസ് പി ആര്‍ ബിനുവിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. രണ്ടാം പ്രതി രതീഷ് ഒളിവില്‍ തുടരുകയാണ്.

പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, എസ് ഐ സുഭാഷ്, മുമ്പ് പമ്പ എസ് ഐ ആയിരുന്ന വിമല്‍, സി പി ഓമാരായ രതീഷ് കുമാര്‍, അരുണ്‍ ദേവ്, നിവാസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.