Connect with us

National

ഭീകരാക്രമണ സാധ്യത: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സപ്തംബര്‍ 22നും ഒക്ടോബര്‍ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്തംബര്‍ 22നും ഒക്ടോബര്‍ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ളെയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്.

ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരില്‍ നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് വിവരം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കണമെന്ന് ബി സി എ എസ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ടെര്‍മിനലുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, മറ്റ് ദുര്‍ബല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷ പ്രാദേശിക പോലീസുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമാക്കാണമെന്നും ബി സി എ എസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നാണ് ദേശീയ വാര്‍ത്താ മാധ്യമങ്ങളുടെ റിപോര്‍ട്ട്.

Latest