Connect with us

National

മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് തല്ലിച്ച് അധ്യാപിക; സംഭവം യുപിയില്‍

വീഡിയോ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Published

|

Last Updated

ലക്‌നൗ  | ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപികക്കെതിരെ പ്രതിഷേധം ശക്തം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിറകെ മുസാഫര്‍ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. അധ്യാപിക തൃപ്ത ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. വീഡിയോ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്പിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടിക്കുമ്പോള്‍ അധ്യാപകന്‍ പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

അതേ സമയം അധ്യാപിക പോലീസിന് മുമ്പില്‍ വെച്ച് മാപ്പുപറഞ്ഞതായും അവര്‍ക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ കഴിയില്ല. മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.