Connect with us

from print

തമിഴ്‌നാട്: പരിവര്‍ത്തിത മുസ്ലിംകള്‍ക്ക് സംവരണം പരിഗണനയില്‍

പുതിയ സെന്‍സസിനെതിരെ പ്രമേയവുമായി നിയമസഭ

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്ന കാര്യംപരിഗണനയിലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ മനിതനേയ മക്കള്‍ കച്ചി നേതാവ് (എം എം കെ) എം എച്ച് ജവാഹിറുല്ലയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം സ്വീകരിച്ച പിന്നാക്ക- അതീവ പിന്നാക്ക വിഭാഗത്തിലെയും നോട്ടിഫൈഡ് സമുദായങ്ങളിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നിഷേധിക്കുന്നതായി ജവാഹറുല്ല നേരത്തേ ആരോപിച്ചിരുന്നു. ആദി ദ്രാവിഡര്‍, പിന്നാക്ക-അതീവ പിന്നാക്ക വിഭാഗം, ഡിനോട്ടിഫൈഡ് സമുദായങ്ങള്‍ എന്നിവയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നതായി സ്റ്റാലിന്‍ സഭയെ അറിയിച്ചു.സമാനരീതിയില്‍ ഈ അഭ്യര്‍ഥനയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അതിര്‍ത്തി നിര്‍ണയത്തിനെതിരെയും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനെതിരെയും നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായകമായ രണ്ട് നയങ്ങള്‍ക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

 

Latest