Organisation
സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് അവാര്‍ഡ്
കേരളീയ മത സാമൂഹിക രംഗങ്ങളില്‍ നിസ്തുല സേവനമനുഷ്ഠിച്ചതിനും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം.

ദുബൈ | സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്. ആറ് പതിറ്റാണ്ട് കാലമായി കേരളീയ മത സാമൂഹിക രംഗങ്ങളില്‍ നിസ്തുല സേവനമനുഷ്ഠിച്ചതിനും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാര്‍ഡ്. നാളെ (ജൂലൈ 19, ശനി) കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെത്തിയ ബാഫഖി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് സയ്യിദ് അലി ബാഫഖി തങ്ങള്‍. യമനിലെ തരീമില്‍ നിന്ന് ബാഫഖി കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തിലെത്തിയിരുന്നത്. അന്ന് മുതല്‍ തന്നെ കേരളീയ മുസ്ലിം സമൂഹത്തിന്റെ നേതൃപദവിയില്‍ ബാഫഖി കുടുംബമുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മര്‍കസ് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍ മദ്‌റസാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും മദ്‌റസാധ്യാപകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരന്തരം പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണ്. ആറു പതിറ്റാണ്ടിലധികമായി ആ സേവനം തുടര്‍ന്നു. ഇപ്പോഴും വീല്‍ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം എത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഈ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡെന്ന് ഐ സി എഫ് വ്യക്തമാക്കി.
സയ്യിദ് അഹമ്മദ് ബാഫഖി-സയ്യിദത്ത് നഫീസ ബീവി ദമ്പതികളുടെ മകനായി 1938 നവംബര്‍ 14 നാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. മദ്‌റസാ കാലത്തിനു ശേഷം പള്ളിദര്‍സുകളുടെ ലോകത്തേക്ക് കടന്ന തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. പഠനശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുരംഗത്ത് സജീവമാകുകയായിരുന്നു.
നാളെ കോഴിക്കോട്ട് നടക്കുന്ന മുഅല്ലിം കോണ്‍ഫറന്‍സില്‍ മദ്‌റസാ വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ നിസ്തുല സേവനങ്ങള്‍ക്ക് വി പി എം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫല്‍ ഫൈസി, എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവരെയും ആദരിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നിസാര്‍ സഖാഫി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ പങ്കെടുക്കും.