Kerala
നിര്‍ണായക നീക്കത്തില്‍ സമവായമായില്ല; മന്ത്രി ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി വി സി മോഹനന്‍ കുന്നുമ്മല്‍
ചര്‍ച്ച ഫലമൊന്നും ഉണ്ടാക്കാതെ അലസിപ്പിരിഞ്ഞുവെന്നാണ് വിവരം.

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ പ്രതിസന്ധി നീക്കാന്‍ നിര്‍ണായക നീക്കം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രജിസ്ട്രാറുമായി ബന്ധപ്പെട്ട തര്‍ക്കം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് വഴിത്തിരിവായേക്കാവുന്ന നീക്കം. എന്നാല്‍, ചര്‍ച്ച ഫലമൊന്നും ഉണ്ടാക്കാതെ അലസിപ്പിരിഞ്ഞുവെന്നാണ് വിവരം.
ഇന്ന് വി സി സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തടയാനോ പ്രതിഷേധിക്കാനോ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയില്‍ എത്തിയാല്‍ ആരും തടയില്ലെന്ന ഉറപ്പ് മന്ത്രി നേരത്തെ തന്നെ വി സിക്ക് നല്‍കിയിരുന്നു. ഇത് മഞ്ഞുരുകുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. രജിസ്ട്രാര്‍ ആര് എന്നതില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍ അരങ്ങേറുന്നത്.
അതേസമയം, വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ചിലര്‍ നടത്തിയ സംഘര്‍ഷം കാരണമാണ് സര്‍വകലാശാലയില്‍ വരാതിരുന്നതെന്ന് മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കിയിരുന്നു. വി സിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നത്. തടയാതിരുന്നതിന് നന്ദിയുണ്ട്. സമരം നടത്തുകയും എല്ലാം തകര്‍ക്കുകയും ആണ് ചിലരുടെ പ്രധാന പരിപാടി. ഇതിനിടയില്‍ വിദ്യാര്‍ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാര്‍ഥിയായി തുടരുന്നത് ഒരു പ്രൊഫഷനായി ചിലര്‍ കൊണ്ടുനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രജിസ്ട്രാറെ പിന്തുണയ്ക്കാന്‍ അക്രമികളെ ഇറക്കി നിയമം ലംഘിക്കുന്നു. അന്വേഷണത്തിന് സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തുകയും നിയമം അനുസരിക്കില്ലെന്ന് പറയുകയും ചെയ്യുന്നു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഒരു ശിക്ഷ അല്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും വി സി പ്രതികരിച്ചു.