Connect with us

loksabha election 2024

ന്യൂഡല്‍ഹിയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജ് മത്സരിക്കും

ആദ്യഘട്ട പട്ടികയില്‍ 195 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജ് ആദ്യമായി മത്സര രംഗത്ത് ഇറങ്ങുന്നു . ബി ജെ പിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ന്യൂ ഡല്‍ഹി ലോക്‌സഭ മണ്ഡലത്തില്‍ ബന്‍സൂരി സ്വരാജ് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയുടെ സിറ്റിങ് സീറ്റാണ് ന്യൂ ഡല്‍ഹി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അമ്മയുടെ പാരമ്പര്യം സംരക്ഷിക്കുമെന്നും സ്വര്‍ഗത്തില്‍ വെച്ച് അമ്മ തന്നെ അനുഗ്രഹിക്കുമെന്നും ബന്‍സൂരി സ്വരാജ് പ്രതികരിച്ചു. തനിക്ക് അവസരം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നെഡ്ഡ എന്നിവരോട് ബന്‍സൂരി സ്വരാജ് നന്ദി പറഞ്ഞു. ബി ജെ പിയുടെ ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ – കണ്‍വീനറാണ് സുപ്രീംകോടതി അഭിഭാഷക കൂടിയായ ബന്‍സൂരി സ്വരാജ്.

സൗത്ത് ഡല്‍ഹി സിറ്റിങ് എം പി രമേശ് ബിധുരി, ന്യൂ ഡല്‍ഹി സിറ്റിങ് എം പി മീനാക്ഷി ലേഖി എന്നിവര്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയില്ല. ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ അഞ്ച് സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. നാലിടത്ത് സിറ്റിങ് എം പിമാരെ മാറ്റിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. വെസ്റ്റ് ഡല്‍ഹി : കമല്‍ജീത് സെഹ് രാവത്, ചാന്ദിനി ചൗക് : പ്രവീണ്‍ ഖണ്ഡേല്‍വാള്‍, സൗത്ത് ഡല്‍ഹി : രാംവീര്‍ സിംഗ് ബിധുരി എന്നിവര്‍ മത്സരിക്കും.
ആദ്യഘട്ട പട്ടികയില്‍ 195 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്.