Kerala
നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

തിരുവനന്തപുരം | ലൈംഗിക പീഡന കേസില്‍ നടന്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിജയ് ബാബുവിന് കീഴ്‌ക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പരാതിക്ക് പിറകെ ദുബൈയിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു .വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
അതേ സമയം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതിവ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.മറ്റൊരു രാജ്യത്തേക്ക് കടന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയത് തെറ്റായ സന്ദേശം നല്‍കുമെന്നും വാദിച്ചു.എന്നാല്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.