Kerala
കണ്ണൂരില്‍ സി പി എം കലാപത്തിന് ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ്
ആക്രമണത്തിന് പോലീസ് ഒത്താശയെന്നും ആരോപണം

കണ്ണൂര്‍ | കണ്ണൂരില്‍ സി പി എം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നുവെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. കോണ്‍ഗ്രസ്സ്
സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സി പി എം ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയുമാണിത്. ഇതെല്ലാം സി പി എം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്നും അദ്ദംഹം ആരോപിച്ചു.
സി പി എം അക്രമത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിട്ടും അത് തടയാന്‍ പോലീസ് തയ്യാറാകുന്നില്ല. പോലീസിനെ നിഷ്‌ക്രിയമാക്കിയാണ് സി പി എം നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്നത്. സി പി എം ക്രിമിനലുകളെ നിയന്ത്രിക്കുന്നതിലും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി പി എമ്മിന്റെ ഉദ്ദേശ്യം ജനങ്ങളില്‍ ഭീതി പടര്‍ത്തി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചര്‍ച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോണ്‍ഗ്രസ്സ് നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.