Connect with us

Kerala

വിളിച്ചു വരുത്തിയ ചങ്ങാതിയെ മുഖ്യമന്ത്രിയുടെ ദൂതനാക്കി സ്വപ്ന കോടതിയില്‍; സംഭ്രമജനകമായ വെളിപ്പെടുത്തലിന് ആയുസ്സ് മിനുട്ടുകള്‍

താനാണ് സ്വപ്ന സുരേഷിനെ കണ്ടതെന്നും സ്വപ്ന വിളിച്ചിട്ടാണ് അവരെ കാണാന്‍ പോയതെന്നും വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഷാജി കിരണ്‍.

Published

|

Last Updated

മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന പേരില്‍ ഷാജി കിരണ്‍ എന്നു പേരുള്ളയാള്‍ വന്നു ഭീഷണിപ്പെടുത്തിയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ്. താനാണ് സ്വപ്ന സുരേഷിനെ കണ്ടതെന്നും സ്വപ്ന വിളിച്ചിട്ടാണ് അവരെ കാണാന്‍ പോയതെന്നും വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഷാജി കിരണ്‍. ഇതോടെ ഉദ്വേഗജനകമായ വെളിപ്പെടുത്തല്‍ പൊടുന്നനെ പൊലിഞ്ഞു. സംഭ്രമജനകമായ വെളിപ്പെടുത്തലിന് ആയുസ്സ് മിനുട്ടുകള്‍ മാത്രമായിരുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഹരജിയില്‍ സ്വപ്ന സുരേഷ് പറഞ്ഞത്. രഹസ്യ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണം. ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനിതിന് തയാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയില്‍ ഭീഷണിപ്പെടുത്തി എന്നും പറയുന്നു. ഇയാള്‍ പറഞ്ഞതിന്റെ ഒരുഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നും ഹരജിയില്‍ ആരോപിച്ചു.

കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ജൂണ്‍ എട്ടിനു ഉച്ചക്ക് ഒന്നരയോടെയാണ് യു പി രജിസ്ട്രേഷനിലുള്ള ടൊയോട്ട കാറില്‍ വന്നത്. എം ശിവശങ്കര്‍ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയിരുന്നു. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. അവരുടെ ചില നിക്ഷേപങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നതെന്നു പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് ഷാജി കിരണ്‍ പറഞ്ഞെന്നും സ്വപ്ന ആരോപിച്ചിരുന്നു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലും ജയ്ഹിന്ദിലും ജോലി ചെയ്തിരുന്ന താന്‍ തന്നെയാണ് സ്വപ്നയെ കണ്ടതെന്ന് ഷാജി കിരണ്‍ വെളിപ്പെടുത്തി. സ്വപ്നയെ പരിചയമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെയോ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സി പി എം നേതാക്കളെ അറിയില്ല. സ്വപ്ന കൊച്ചിയില്‍ എത്തുമ്പോള്‍ തന്നെ വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയെ അറിയാം. സഹോദരനെ അറിയാം. സരിത്തിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് സ്വപ്ന തന്നെ വിളിച്ചു. സഹായിക്കണം, പാലക്കാട്ടേക്ക് വരണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്വപ്നയെ കാണാന്‍ അവരുടെ ഓഫീസില്‍ പോയത്. നിയമപരമായി എന്ത് സഹായവും ചെയ്യാം എന്ന് പറഞ്ഞു.

എന്തെങ്കിലും പറയുമ്പോള്‍ സുരക്ഷിതത്വം കൂടി നോക്കണം എന്നേ പറഞ്ഞുള്ളൂ. അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു സഹൃത്ത് എന്ന നിലയ്ക്കും കൗതുകത്തിന്റെ പുറത്തുമാണ് ഇക്കാര്യങ്ങള്‍ സ്വപ്നയോട് സംസാരിച്ചതെന്നും ഷാജി പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് സ്വപ്നയെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സ്വപ്ന മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ട്. തിരിച്ചും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. മൊഴി തിരുത്താന്‍ താന്‍ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അതവരുടെ സുരക്ഷ കണക്കിലെടുത്താണെന്നും ഷാജി കിരണ്‍ പറഞ്ഞു.

ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമുണ്ടെങ്കില്‍ സ്വപ്ന അത് പുറത്തുവിടട്ടെ. എം ശിവശങ്കറിനെ പരിചയമില്ല. ശിവശങ്കറല്ല സ്വപ്നയെ പരിചയപ്പെടുത്തിയത്. ചെറിയ രീതിയില്‍ ഭൂമി കച്ചവടം നടത്തുന്ന ഒരാള്‍ മാത്രമാണ് താന്‍. ആകെ 32,000 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉള്ളത്. കെ പി യോഹന്നാന്റെ സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും ഷാജി കിരണ്‍ വിശദീകരിച്ചു. സ്വപ്നയെ കാണാന്‍ പോയത് ഒരു സുഹൃത്തിന്റെ വാഹനത്തിലാണ്. യു പിയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിയ വാഹനമാണ്. തനിക്ക് സ്വന്തമായി വാഹനമില്ല. താന്‍ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരണ്‍ എന്നാണ് യഥാര്‍ഥ പേര്. ഷാജി കിരണ്‍ എന്നത് സുഹൃത്തുക്കള്‍ വിളിക്കുന്ന പേരാണെന്നും ഇദ്ദേഹം പറഞ്ഞു.

സ്വപ്ന തനിക്കു പരിചയമുള്ള ഒരാളെ അപരിചിതന്‍ എന്ന നിലയിലും വിളിച്ചുവരുത്തിയ ആളെ മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന നിലയിലും കോടതിയില്‍ അവതരിപ്പിച്ചതെന്തിനാണെന്നുമുള്ള ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു.

 

 

Latest