Connect with us

cover story

പലമയുടെ പൊലിവിൽ സുക്കർ ഫെസ്റ്റ്

കുടുംബ ബന്ധം പുലർത്തിയും മധുരം പകർന്നും സാമുദായിക പ്രാർഥനകൾ നടത്തിയും വിശ്വാസികൾ സന്തോഷം പങ്കിടുന്ന ഈ സുദിനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഭാവങ്ങളാണുള്ളത്. ആത്മാംശത്തിൽ ഒന്നായിരിക്കുമ്പോഴും വേഷപ്പകർച്ചകളിൽ പലതായി പ്രതിഫലിക്കുക എന്നത് ഇസ്‌ലാമിന്റെ സാർവ ലൗകിക പ്രകാശനത്തിന്റെ സൗന്ദര്യമാണ്. പല നാടുകളിലെ സാംസ്‌കാരിക മൂല ശിലകളെ പ്രതിഫലിപ്പിക്കുന്ന സ്വച്ഛമായൊരു തെളിനീർ പ്രവാഹമാണ് ഇസ്‌ലാം എന്ന് "Islam and the cultural Imperative' എന്ന വിശ്വപ്രസിദ്ധ ലേഖനത്തിൽ പ്രശസ്ത അമേരിക്കൻ പണ്ഡിതനായ ഡോ. ഉമർ ഫാറൂഖ് അബ്ദുല്ല നിരീക്ഷിക്കുന്നുണ്ട്. വിവിധ ദേശങ്ങളിൽ നിന്നു കുടിയേറിപ്പാർത്ത വ്യത്യസ്ത സാംസ്‌കാരിക പരിസരക്കാരായ മുസ്‌ലിംകൾ ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്ന ജർമനിയിലെ ഈദിനുമുണ്ട് ഈ പലമയുടെ കഥ പറയാൻ.

Published

|

Last Updated

ത്മാർപ്പണത്തിന്റെ പകലിരവുകൾക്കു ശേഷം മുസ്‌ലിം ലോകം കൊണ്ടാടുന്ന ആനന്ദ ദിനമാണല്ലോ ഈദുൽ ഫിത്വർ. കുടുംബ ബന്ധം പുലർത്തിയും മധുരം പകർന്നും സാമുദായിക പ്രാർഥനകൾ നടത്തിയും വിശ്വാസികൾ സന്തോഷം പങ്കിടുന്ന ഈ സുദിനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഭാവങ്ങളാണുള്ളത്. ആത്മാംശത്തിൽ ഒന്നായിരിക്കുമ്പോഴും വേഷപ്പകർച്ചകളിൽ പലതായി പ്രതിഫലിക്കുക എന്നത് ഇസ്‌ലാമിന്റെ സാർവ ലൗകിക പ്രകാശനത്തിന്റെ സൗന്ദര്യമാണ്.

പല നാടുകളിലെ സാംസ്‌കാരിക മൂല ശിലകളെ പ്രതിഫലിപ്പിക്കുന്ന സ്വച്ഛമായൊരു തെളിനീർ പ്രവാഹമാണ് ഇസ്‌ലാം എന്ന് “Islam and the cultural Imperative’ എന്ന തന്റെ വിശ്വപ്രസിദ്ധ ലേഖനത്തിൽ പ്രശസ്ത അമേരിക്കൻ പണ്ഡിതനായ ഡോ. ഉമർ ഫാറൂഖ് അബ്ദുല്ല നിരീക്ഷിക്കുന്നുണ്ട്. വിവിധ ദേശങ്ങളിൽ നിന്നു കുടിയേറിപ്പാർത്ത വ്യത്യസ്ത സാംസ്‌കാരിക പരിസരക്കാരായ മുസ്‌ലിംകൾ ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്ന ജർമനിയിലെ ഈദിനുമുണ്ട് ഈ പലമയുടെ കഥ പറയാൻ.

സുക്കർ ഫെസ്റ്റ് എന്ന പേര്

നമ്മുടെ നാട്ടിലെ ചെറിയ പെരുന്നാൾ എന്ന പേരാണല്ലോ ഈദുൽഫിത്വറിന്. ജർമൻകാരും ഇവിടെ സ്‌കൂളുകളിലും ഈദുൽ ഫിത്വറിന് സുക്കർ ഫെസ്റ്റ് എന്നാണ് പറയുക. ഫെയ്‌സ് ബുക്ക് സ്ഥാപകന്റെ പേരൊന്നും ഇതുമായി ബന്ധപ്പെടുന്നില്ല. സുക്കർ (zucker) എന്ന ജർമൻ പദത്തിന് പഞ്ചസാര എന്നാണർഥം. ഈദ് ദിനത്തിലും തുടർന്ന് വരുന്ന രണ്ട് ദിവസങ്ങളിലും വിശ്വാസികൾ പ്രത്യേകിച്ചും കുട്ടികൾ കുടുംബ സന്ദർശനം നടത്തിയും മറ്റും പരസ്പരം മധുരം ( ബക്‌ലവ, വിവിധ തരം അറബിക് – ടർകിഷ് ഹൽവകൾ) നുകരുന്നതും പകരുന്നതുമാണ് സുക്കർ ഫെസ്റ്റ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ശക്കർ വയ്‌റാമി (മധുരോത്സവം) എന്ന ടർക്കിഷ് പ്രയോഗത്തിൽ നിന്നാണീ പേര് ജർമനിയിൽ എത്തിയതെന്നാണ് പ്രബല വീക്ഷണം. ജർമനിയിലെ മുസ്‌ലിം അംഗസംഖ്യയിലെ പ്രബലമായ ടർക്കിഷ് സ്വാധീനത്തെയും ഈ പ്രയോഗം അടിവരയിടുന്നുണ്ട്. 1960 കൾ മുതൽ തുർക്കിയിൽ നിന്നും ജർമനിയിലേക്കുണ്ടായ ടർക്കിഷ് പ്രവാസ പ്രവാഹമാണതിനു പിന്നിൽ.

പലമ നിറഞ്ഞൊഴുകുന്ന പെരുന്നാൾ

ശക്തമായ ടർക്കിഷ് സ്വാധീനം നിലനിൽക്കുമ്പോഴും ജർമൻ പെരുന്നാൽ പലമയുടെ പ്രകാശനം കൂടിയാണ്. സിറിയ, ലെബനൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മൊറോക്കോ, വിവിധ തെക്കൻ ആഫ്രിക്കൻ നാടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള മുസ്‌ലിം കമ്യൂണിറ്റികൾ ജർമനിയിൽ ഉണ്ട്. ഏതൊരു പള്ളിയിലും പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ വേഷം ശ്രദ്ധിച്ചാൽ മേൽപ്പറഞ്ഞ പലമയുടെ പൊലിവ് കാണാനാകും. വർണശബളമായ ഇന്തോനേഷ്യൻ ബതിക് കുപ്പായവും തൊപ്പിയും കടും നിറങ്ങളിലുള്ള വ്യത്യസ്ത ആഫ്രിക്കൻ നീളക്കുപ്പായങ്ങളും കുർത്ത പൈജാമയണിഞ്ഞ ദക്ഷിണേഷ്യൻ വസ്ത്രങ്ങളും അറബിക് കന്തൂറയുമെല്ലാം ഇടകലർന്ന പള്ളികൾ കാണാൻ തന്നെ ചന്തമേറെയാണ്. ഇടക്കൊക്കെ വെളുത്ത വംശജരായ നവാഗത മുസ്‌ലിംകളും സ്വഫ്ഫുകളിലുണ്ടാകും.

ഒരർഥത്തിൽ ജർമനിയിലെ പെരുന്നാൾ പ്രവാസികളുടെ ആഘോഷമാണ്. ക്രിസ്ത്യൻ സാംസ്‌കാരിക പൈതൃകമുള്ള സെക്കുലർ രാജ്യമാണ് ജർമനി. ദേശീയ കലണ്ടറിൽ മുസ്‌ലിം വിശേഷ ദിനങ്ങൾക്ക് അവധിയില്ലാത്തയിടമാണിത്. അതുകൊണ്ട് തന്നെ ശനി, ഞായർ ദിവസങ്ങളിലല്ല പെരുന്നാളെങ്കിൽ മിക്ക ആളുകൾക്കും പെരുന്നാൾ ദിനം ജോലിയുണ്ടാകും. ലീവെടുക്കാൻ കഴിയാത്തവർ നിസ്‌കാര ശേഷമോ ഉച്ചക്ക് ശേഷമോ ഒക്കെ തൊഴിലിനു പോകും. ദിവസം മുഴുവൻ നീളുന്ന ആഘോഷങ്ങളൊക്കെ തൊട്ടടുത്ത വീക്കെന്റിലാകും നടക്കുക.

മധുരം വിതരണം ചെയ്യുന്ന പൂങ്കാവനങ്ങൾ

പെരുന്നാൾ നിസ്‌കാരം പോലെ തന്നെ പ്രധാനമാണ് അറബ് – ടർക്കിഷ് വിഭാഗങ്ങൾക്ക് ഉറ്റവരുടെ ഖബർ സന്ദർശനം. ഫ്രീഡ്‌ഹോഫ് എന്നാണ് ജർമൻ ഭാഷയിൽ ശ്മശാനത്തിന് പറയുക. പ്രത്യേക മുസ്്ലിം ഖബർസ്ഥാനുകൾ ഇവിടെ വിരളമാണെങ്കിലും പുതിയകാല ശ്മശാനങ്ങളിൽ മുസ്‌ലിംകൾക്ക് പ്രത്യേകം ഭാഗം അനുവദിക്കപ്പെട്ടു കാണാറുണ്ട്. കൂട്ടത്തോടെ മനുഷ്യർ പെരുന്നാൾ ദിനത്തിൽ ഖബർ സന്ദർശനം നടത്താറുണ്ടിവിടെ. ഫ്രീഡോഫുകൾക്കു മുന്നിൽ മധുര പലഹാരങ്ങളും കാരക്കയും നിറച്ച പെട്ടികളുമായി പലരും സന്ദർശകരെ കാത്തുനിൽക്കുന്നതു കാണാം. മരണപ്പെട്ടുപോയ തങ്ങളുടെ ഉറ്റവർക്ക് വേണ്ടി മധുരം നൽകി പ്രാർഥന തേടുകയാണവർ.

ഖബർസ്ഥാനുകൾക്ക് നമ്മുടെ നാട്ടിൽ പള്ളിക്കാടുകൾ എന്നു പറയാറുണ്ടല്ലോ. ഇവിടെ പൂങ്കാവനം എന്നു വിളിക്കുന്നതാകും കൂടുതൽ ഉചിതം. വലിയ വൃക്ഷങ്ങളോ ചെടികളോ ഖബറുകൾക്ക് മുകളിൽ കാണാനാകില്ല. പച്ച വിരിച്ച ഉദ്യാനങ്ങളാണിവിടുത്തെ ഖബർസ്ഥാനുകൾ. ഖബറിന് മുകളിൽ പൂച്ചെടികളും വർണ വിളക്കുകളും യഥേഷ്ടം കാണാനാകും.

ഭയപ്പാടിനേക്കാൾ ശാന്തതമുറ്റിയ ഇടങ്ങളാണിവിടുത്തെ ഖബർസ്ഥാനുകൾ. ഖബറടക്കങ്ങൾ പലപ്പോഴും കുടുംബക്കാർ മാത്രം കൂടുന്ന സ്വകാര്യ ചടങ്ങുകളാകയാൽ പെരുന്നാൾ ദിനത്തിലാണിവിടുത്തെ ഫ്രീഡ് ഹോഫുകളിൽ കൂടുതൽ മനുഷ്യരെത്തുക. അതിനാലാകണം പരമാവധി മനുഷ്യരുടെ പ്രാർഥന കാംക്ഷിച്ചുകൊണ്ട് ആളുകൾ മധുരപ്പൊതികളുമായി അന്നേദിനം ഇവിടങ്ങളിൽ കാത്തുനിൽക്കുന്നത്.

നമ്മുടെ നാടിനെ അപേക്ഷിച്ച് ഇവിടങ്ങളിലെ പെരുന്നാളിന് ശബ്ദഭംഗി കുറവാണ്. ബാങ്ക് വിളിയോ തക്ബീർ ധ്വനിയോ പള്ളികൾക്ക് പുറത്ത് ലൗഡ് സ്പീക്കറിൽ കേൾക്കാനാകാത്ത നാടാണിത്. അതുകൊണ്ട് തന്നെ പെരുന്നാളിന്റെ ശബ്ദം ജർമനിക്ക് പരിചയം ഇല്ലെന്ന് പറയാം. ഇമ്പമാർന്ന തക്ബീർ ധ്വനി കേൾക്കണമെങ്കിൽ ചുരുക്കം ചില അറബിക് കടകളിലോ ബാർബർ ഷോപ്പുകളിലോ ഒക്കെ പോകണം. അപ്പോഴാണ് നമ്മുടെ നാടിന്റെ പെരുന്നാൾ ജർമനിയിൽ ശരിക്കും നഷ്ടമാകുന്നത് അനുഭവപ്പെടുക.

മലയാളി മുസ്‌ലിംകൾ താരതമ്യേന പുതിയ കമ്യൂണിറ്റിയാണ് ജർമനിയിൽ. അതുകൊണ്ട് തന്നെ മലയാളിപ്പെരുന്നാളും ഇവിടെ പുതിയതും നേരിയതുമാണ്. അവരവരുടെ താമസസ്ഥലത്തിനടുത്തുള്ള പള്ളികളിൽ നിസ്‌കാരം കൂടി അവനവന്റെ താമസ സ്ഥലത്ത് ഭക്ഷണം കഴിച്ച് നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് തീരുന്നതാണ് പലപ്പോഴും മലയാളിപ്പെരുന്നാൾ. താരതമ്യേന എണ്ണക്കൂടുതൽ മലയാളികളുള്ള ജർമൻ നഗരങ്ങളിൽ പെരുന്നാൾ കഴിഞ്ഞുള്ള ശനി, ഞായർ ദിവസങ്ങളിൽ ചെറിയ ഒത്തുചേരലുകളും കുട്ടികളുടെ കലാകായിക മത്സരങ്ങളുമൊക്കെ ഉണ്ടാകും. അൽപ്പ കാലം കൊണ്ടു തന്നെ പൊലിവ് നിറഞ്ഞ മലയാളിപ്പെരുന്നാളുകൾ ജർമനിയിൽ പ്രതീക്ഷിക്കാം. പലമയുടെ സുക്കർഫെസ്റ്റിൽ നമ്മുടെ മധുരവും ഭാഗമാകും. എല്ലാവർക്കും സ്‌നഹം നിറഞ്ഞ സുക്കർ ഫെസ്റ്റ് ആശംസകൾ.

 

(ലേഖകൻ ബെർലിൻ ഫ്രയെ യൂനിവേഴ്സിറ്റിയിൽ പി എച്ച്ഡി സ്കോളറാണ്.)

---- facebook comment plugin here -----

Latest