Kerala
ആര്‍ടിഒ ജീവനക്കാരിയുടെ ആത്മഹത്യ: കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ
സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്ന് ബിനോദ് കൃഷ്ണ പ്രതികരിച്ചു.

മാനന്തവാടി| മാനന്തവാടിയില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പ്രതികരിച്ചു.
ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് സ്ഥിരീകരിച്ച ബിനോദ് കൃഷ്ണ, പക്ഷേ അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ സിന്ധുവും പരാതി നല്‍കിയിട്ടില്ല. ഇന്നലെ ചിരിച്ചുകൊണ്ടാണ് സിന്ധു ഓഫീസില്‍ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബിള്‍ പറഞ്ഞിരുന്നു.