Uae
ആഗോള തലത്തിൽ മികവ് തെളിയിച്ച് യു എ ഇ
279 സൂചികകളിൽ ലോകത്ത് ഒന്നാമത്
അബൂദബി| ആഗോള തലത്തിൽ മത്സരക്ഷമതയിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നായി യു എ ഇ മാറി. 279 അന്താരാഷ്ട്ര സൂചികകളിൽ രാജ്യം ഒന്നാം സ്ഥാനത്താണ്. 2006-ൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ നഹ്്യാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ചുമതലയേറ്റ ശേഷം നടത്തിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. സമ്പന്നരായ വ്യക്തികളെ ആകർഷിക്കുന്നതിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാമത്. സർക്കാർ സേവനങ്ങളിൽ നിർമിത ബുദ്ധി ഉപയോഗം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലികമ്മ്യൂണിക്കേഷൻ, സുരക്ഷ തുടങ്ങിയ 279 മേഖലകളിൽ ഒന്നാം സ്ഥാനം.
സാമൂഹിക ഐക്യം, വിസ നിയമങ്ങളിലെ വഴക്കം എന്നിവയിൽ രണ്ടാം സ്ഥാനത്ത് യു എ ഇയുണ്ട്.
ശാസ്ത്ര ബിരുദധാരികളുടെ എണ്ണം, ഡിജിറ്റൽ ടൂളുകളുടെ ഉപയോഗം, ആരോഗ്യ പശ്ചാത്തലം എന്നിവയിൽ മൂന്നാം സ്ഥാനവും നേടി. സാമ്പത്തിക കരുത്തിലും സുസ്ഥിരതയിലും ആഗോള തലത്തിൽ ഏഴാം സ്ഥാനത്താണ് രാജ്യം. ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സിൽ പത്താം സ്ഥാനത്തുള്ള രാജ്യം വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നിലാണ്. യു എ ഇയുടെ ദേശീയ മാധ്യമ ഐഡന്റിറ്റിയുടെ മൂല്യം 2025-ൽ ഒരു ട്രില്യൺ ഡോളറിൽ അധികമായി ഉയർന്നു.
മനുഷ്യവിഭവശേഷിയിലും മുന്നേറ്റം
ഗ്ലോബൽ ടാലന്റ്റിപ്പോർട്ടിൽ ഒമ്പതാം സ്ഥാനത്താണ് യു എ ഇ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനം മെച്ചപ്പെടുത്തി. തൊഴിൽ വിപണിയിലെ നൈപുണ്യം, കഴിവുള്ളവരെ ആകർഷിക്കാനുള്ള ശേഷി എന്നിവയിൽ രാജ്യം ബഹുദൂരം മുന്നിലാണ്. 2024-ൽ 167.6 ബില്യൺ ദിർഹമിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. പുതിയ പ്രോജക്റ്റുകളെ ആകർഷിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് യു എ ഇ.
സുരക്ഷിതമായ രാജ്യം എന്ന നിലയിലും യു എ ഇ മുൻപന്തിയിലാണ്. കുറ്റകൃത്യങ്ങൾ കുറവായതും ജീവിതനിലവാരം ഉയർന്നതുമാണ് വിദേശികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ശൈഖ് മുഹമ്മദിന്റെ “ഒന്നാം സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ട’ എന്ന നിലപാടാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.





