Connect with us

National

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്മാന്‍, ശതാബ് അഹമ്മദ് എന്നിവരും ജാമ്യഹരജി നല്‍കിയിട്ടുണ്ട്.

കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പ്രതികളുടെ വാദം. കേസില്‍ ഡല്‍ഹി പോലീസ് മനപൂര്‍വ്വം പ്രതിചേര്‍ക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിലധികമായി റിമാന്‍ഡിലാണ്. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ ഇരവാദം പറയുകയാണെന്നാണ് ഡല്‍ഹി പോലീസ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സെപ്തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.