Articles
അത്രമേല്‍ അപരിഷ്‌കൃതമായ നീതി നടപ്പാക്കല്‍
നിയമവിധേയമല്ലാത്ത നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ മുഖമുദ്രയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും അത്തരം നടപടികള്‍ നിര്‍ബാധം തുടരുന്നുണ്ട് യു പി ഭരണകൂടം. കുറ്റാരോപിതര്‍ മുസ്‌ലിംകളോ ദളിതരോ ആകുമ്പോഴാണ് നിയമ നീതി തത്ത്വങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത ഇടപെടലുകള്‍ക്ക് യോഗി ആദിത്യ നാഥ് ഭരണകൂടം മിക്കവാറും മുതിരുന്നത്.

സാമൂഹികവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ തടയാന്‍ രൂപപ്പെടുത്തിയ നിയമമാണ് 1980ലെ ദേശ സുരക്ഷാ നിയമം. ദേശവിരുദ്ധവും വിഘടനവാദപരവും വര്‍ഗീയ, ജാതി വിഭജന ശ്രമങ്ങളിലധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന നിയമം റവന്യൂ റിക്കവറി കേസില്‍ ചുമത്തി പുതിയ “മാതൃക’ സൃഷ്ടിച്ചതായിരുന്നു ഈയിടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അതാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. റവന്യൂ റിക്കവറി കേസില്‍ ദേശ സുരക്ഷാ നിയമം ചുമത്തിയത് ഞെട്ടിപ്പിക്കുന്നതും നിലനില്‍ക്കാത്തതുമാണെന്ന് പരാമര്‍ശിച്ചാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാവായ യൂസുഫ് മാലികിനെയാണ് 1980ലെ ദേശ സുരക്ഷാ നിയമത്തിലെ 3(2)ാം വകുപ്പ് പ്രകാരം ഉത്തര്‍ പ്രദേശ് ഭരണകൂടം കസ്റ്റഡിയിലെടുത്ത് ഒരു വര്‍ഷത്തോളം തടവിലിട്ടത്. ജമാല്‍ ഹസന്‍ എന്നയാളെ നികുതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും വീട് മുദ്രവെക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും സീല്‍ ചെയ്തത് തുറന്നു എന്നുമാരോപിച്ചാണ് സമാജ് വാദി പാര്‍ട്ടി നേതാവിനെതിരെ എന്‍ എസ് എ ചുമത്തി തടവിലിട്ടത്. രണ്ട് തവണ തടവുകാലം നീട്ടിയ ഭരണകൂടം കേസ് അലഹബാദ് ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കെയാണ് മൂന്നാം തവണ ഒരു വര്‍ഷത്തേക്ക് തടവ് നീട്ടിയത്.
ഭരണകൂടം പറയുന്നത് ശരിയാണെന്ന് കരുതിയാല്‍ പോലും ഇത്തരമൊരു കേസില്‍ എന്‍ എസ് എ ചുമത്തിയത് നീതീകരിക്കാനാകാത്തതാണെന്ന് വിലയിരുത്തിയ പരമോന്നത നീതിപീഠം കുറ്റാരോപിതനെ ഉടന്‍ വിട്ടയക്കാന്‍ രാംപൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്ക് സന്ദേശം അയക്കാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
നിയമവിധേയമല്ലാത്ത നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ മുഖമുദ്രയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും അത്തരം നടപടികള്‍ നിര്‍ബാധം തുടരുന്നുണ്ട് യു പി ഭരണകൂടം. കുറ്റാരോപിതര്‍ മുസ്‌ലിംകളോ ദളിതരോ ആകുമ്പോഴാണ് നിയമ നീതി തത്ത്വങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത ഇടപെടലുകള്‍ക്ക് യോഗി ആദിത്യ നാഥ് ഭരണകൂടം മിക്കവാറും മുതിരുന്നത്. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രക്ഷോഭത്തെ പോലും തോക്കെടുത്താണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കമുള്ളവര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും പേര് വിവരങ്ങളും ഉള്‍പ്പെടുത്തി യു പി നഗരങ്ങളില്‍ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി ഭരണകൂടം. തുടര്‍ന്ന് സമരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും വീടും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയുമാണ് യോഗി സര്‍ക്കാര്‍ “നീതി’ നടപ്പാക്കിയത്. ഭരണഘടനാധിഷ്ഠിത ജനാധിപത്യ സംവിധാനത്തിന് തീരെ പരിചയമില്ലാത്ത വിധത്തിലാണ് നിയമവും നീതി നടപ്പാക്കലും പലപ്പോഴും ഉത്തര്‍ പ്രദേശില്‍ അരങ്ങേറുന്നത്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാണ് വിചാരണയില്ലാതെ വരമ്പത്ത് കൂലി കൊടുക്കുന്ന ഏര്‍പ്പാടെന്ന ഗിരിപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. വിവേകത്തിനു മേല്‍ വികാരം ആധിപത്യം നേടിയ ജനസാമാന്യത്തെ തൃപ്തിപ്പെടുത്താനും അത് മതിയാകും. എന്നാല്‍ അത്രമേല്‍ അപരിഷ്‌കൃതമായ നീതി നടപ്പാക്കല്‍ രീതി ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ല എന്നതാണ് സത്യം. കുറ്റാരോപിതനെ കേള്‍ക്കുക എന്നത് ഉലകത്തിലെ എല്ലാ നിയമ നീതിശാസ്ത്രങ്ങളുടെയും അടിസ്ഥാന പ്രമാണമാണ്. എന്തൊക്കെ പറഞ്ഞാലും അയാള്‍ക്ക് തന്റെ വശം പറയാനുണ്ടാകുമല്ലോ. അത് കേള്‍ക്കേണ്ടത് നീതി നടപ്പാക്കുന്നവരുടെ കടമയാണ്. ആ അവകാശത്തിനാണല്ലോ നാം സ്വാഭാവിക നീതി എന്ന് പറയുന്നത്.
അതീഖ് അഹ്‌മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ വിരമിച്ച സുപ്രീം കോടതി ന്യായാധിപന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയുടെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹരജി ഇതിനകം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിശാല്‍ തിവാരി എന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ലോക്‌സഭാംഗം കൂടിയായ അതീഖ് അഹ്‌മദിന്റെ മകന്‍ ആസാദ് പിതാവ് കൊല്ലപ്പെട്ടതിന്റെ രണ്ട് നാള്‍ മുമ്പ് ഉത്തര്‍ പ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതുള്‍പ്പെടെ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ 2017 മുതല്‍ സംസ്ഥാനത്ത് അരങ്ങേറിയ 183 പോലീസ് ഏറ്റുമുട്ടലുകളിലും അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹരജി അതീഖ് അഹ്‌മദിന്റെയും സഹോദരന്റെയും കൊലപാതകം ഒരു ഒത്തുകളി നാടകമായിരുന്നോ എന്ന നിലയിലും അന്വേഷണം വേണമെന്ന് പറയുന്നു. കേസും അന്വേഷണവുമൊക്കെ പതിവ് മുറക്ക് തന്നെ നടക്കട്ടെ. അതിനൊടുവില്‍ ഭരണകൂടത്തിന്റെ അസ്തിക്ക് തൊടുന്ന വിധി നീതിപീഠം പുറപ്പെടുവിക്കുമെന്ന് അധികമാരും കരുതുന്നുണ്ടാകില്ല. അപ്പോഴും ഇന്ന് ഉത്തര്‍ പ്രദേശില്‍ കാണുന്നത് നാളെ രാജ്യത്താകമാനം വ്യാപിക്കുമെന്ന് വന്നാല്‍ അത് നമ്മുടെ ജനാധിപത്യത്തിന് വലിയ അപകടമാണ്. ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ നന്മകളെ ആദേശം ചെയ്ത ഭരണഘടനയുടെ മരണമാണ് അവിടെ നമുക്ക് ദര്‍ശിക്കാനാകുക. തത്്സ്ഥാനത്ത് പത്തി വിടര്‍ത്തുന്നത് പോലീസ് സ്റ്റേറ്റിന്റെ കാട്ടുനീതിയായിരിക്കും.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ ഭരണക്രമത്തില്‍ നിയമ വാഴ്ചയിലെ ചെറിയ വിള്ളലുകള്‍ പോലും വലിയ അപകടം ക്ഷണിച്ചുവരുത്തും. എന്നിരിക്കെ തത്സമയം ലോകം കാണ്‍കെ വെടിവെച്ചിടപ്പെട്ട ശിരസ്സുകള്‍ ഏത് കുറ്റാരോപിതന്റേതായാലും നമ്മുടെ രാജ്യത്തെ നിയമവാഴ്ചയെ പ്രതി സുഖകരമല്ലാത്ത ചിത്രമാണത് നല്‍കുന്നത്.