National
സുബീന്‍ ഗാര്‍ഗിന്റെ മരണം; ഗായികയും ബാന്‍ഡ് മേറ്റും അറസ്റ്റില്‍
സുബിന്‍ ഗാര്‍ഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നും റിപ്പോര്‍ട്ടുകള്‍

ഗോഹട്ടി | ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരണവുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുബീന്‍ ഗാര്‍ഗിന്റെ ബാന്‍ഡ് മേറ്റ് ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
്അതേ സമയം സുബിന്‍ ഗാര്‍ഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സെന്റ് ജോണ്‍സ് ദ്വീപില്‍ കടലില്‍ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂര്‍ എത്തിയ സുബീന്‍ ഗാര്‍ഗ് സെപ്റ്റംബര്‍ 19നാണു മരിച്ചത്. അന്ന് യാനത്തില്‍ നടന്ന പാര്‍ട്ടിയില്‍ സുബീന്‍ ഗാര്‍ഗിനൊപ്പം ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുബീന്‍ ഗാര്‍ഗ് കടലില്‍ നീന്തുമ്പോള്‍ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം മഹന്തയുടെ ഫോണില്‍ റിക്കാര്‍ഡ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഗോസ്വാമിയെയും മഹന്തയെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹന്ത എന്നിവരെ കേസില്‍ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീന്‍ ഗാര്‍ഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ഗാര്‍ഗിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാംതവണ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.