National
സുരക്ഷാ വീഴ്ച; ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത്
വൈസ് ചാന്‍സലര്‍ നേരിട്ടെത്തണമെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണണമെന്നും ആണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഹൈദരാബാദ് | സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ശനിയാഴ്ച കോളേജ് പരിസരത്ത് പ്രതിഷേധിച്ചത്. വൈസ് ചാന്‍സലര്‍ നേരിട്ടെത്തണമെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണണമെന്നും ആണ് വിദ്യാര്‍ഥികളുടെ ആവശ്യം. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ മൂന്നുപേര്‍ അതിക്രമിച്ചു കയറുകയും ഇതില്‍ ഒരാളെ വിദ്യാര്‍ഥികള്‍ പിടികൂടുകയും ചെയ്തിരുന്നു.
മകരംസംക്രാന്തി അവധിയ്ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ഹോസ്റ്റലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. അവധി കഴിഞ്ഞ് മടങ്ങി വന്നതിനുശേഷം പലമുറികളില്‍ നിന്നായി വിചിത്ര ശബ്ദങ്ങള്‍ കേട്ടിരുന്നതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ആദ്യം ഇത് തങ്ങളുടെ തോന്നലായി കരുതിയിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് താഴത്തെ നിലയിലേയും ഒന്നാമത്തെ നിലയിലേയും കുളിമുറികളുടെ വെന്റിലേറ്ററുകളിലൂടെ ഒരാളുടെ കൈകള്‍ ഉള്ളിലേക്ക് വരുന്നതുകണ്ടതായി ഒരു പെണ്‍കുട്ടി പരാതിപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം ആശങ്കയിലാവുകയായിരുന്നു. അപരിചിതരായ മൂന്നുപേരില്‍ ഒരാളെ ഇന്നലെ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും ചേര്‍ന്ന് പിടികൂടി. ബാക്കിയുള്ള രണ്ടുപേരെ കൂടി പോലീസ് എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്.
അതേ സമയം ഹോസ്റ്റലില്‍ ഒരാള്‍ പ്രവേശിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടനെ സ്ഥലത്തെത്തിയെന്നും വിദ്യാര്‍ഥിനികളും സുരക്ഷാ ജീവനക്കാരും പിടിച്ചുവെച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഹോസ്റ്റലില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.