Connect with us

Articles

ദക്ഷിണ ദേശത്തെ പോരാട്ടങ്ങള്‍

തമിഴ്നാട്ടില്‍ ജയലളിതയുടെ മരണശേഷം ദുര്‍ബലമായി പോയ എ ഐ എ ഡി എം കെ, ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ നിലവില്‍ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. നാലോ അഞ്ചോ സീറ്റുകളൊഴികെ ബാക്കിയെല്ലാം തൂത്ത് വാരാന്‍ പാകത്തില്‍ തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം മുന്നിലാണ്.

Published

|

Last Updated

ഭരണസഖ്യത്തിലെ മുഖ്യ പാര്‍ട്ടിയായ ബി ജെ പിക്ക് ഏറ്റവും വലിയ വെല്ലുവിളിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ പ്രതീക്ഷയുമുള്ള മണ്ണാണ് ദ്രാവിഡ നാട്. അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് 131 ലോക്സഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ 30 സീറ്റ് മാത്രമാണ് എന്‍ ഡി എയുടെ അക്കൗണ്ടിലുള്ളത്. 37 സീറ്റുകളാണ് കോണ്‍ഗ്രസ്സിനുള്ളത്. ഈ സംസ്ഥാനങ്ങളിലെ മറ്റു സീറ്റുകളില്‍ ബഹുഭൂരിപക്ഷവും പങ്കിടുന്ന പാര്‍ട്ടികള്‍ പ്രതിപക്ഷത്താണ് എന്നതാണ് ബി ജെ പിക്ക് തലവേദനയുണ്ടാക്കുന്നത്. ഈ വസ്തുതകള്‍ മുന്നിലുള്ളത് കൊണ്ടാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി ദക്ഷിണേന്ത്യയില്‍ കാര്യമായി ഊര്‍ജം ചെലവഴിച്ചു തുടങ്ങിയത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്പുള്ള മോദിയുടെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനവും അതിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പും ശേഷവുമായി തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലേക്കുണ്ടായ തുടര്‍ച്ചയായ വരവുമാണ് കഴിഞ്ഞ രണ്ട് ടേമിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ നിന്ന് ഇത്തവണ ദക്ഷിണേന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. അതിന് കാരണം തമിഴ്നാട്, കേരളം സംസ്ഥാനങ്ങളാണ് ഇന്ത്യാ സഖ്യത്തിന് ഏറ്റവും വലിയ പ്രതീക്ഷ നല്‍കുന്നത് എന്നത് തന്നെ. ഇവിടെ 59 സീറ്റില്‍ 50ല്‍ കൂടുതല്‍ സിറ്റുകള്‍ ഇന്ത്യാ സഖ്യം നേടാന്‍ സാധ്യതയുണ്ട്. അതില്‍ ഒന്നെങ്കിലും കുറയ്ക്കാനായാല്‍ ബി ജെ പിക്ക് മേഖലയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് കാലുറപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കേരളം
2009 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് അനുകൂലമായ ഒരു ട്രെന്‍ഡാണ് കേരളത്തിലേത്. 2019ല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ശബരിമല സ്ത്രീ പ്രവേശന പ്രശ്നവുമായിരുന്നു ഇടതുപക്ഷത്തിനേറ്റ വലിയ തിരിച്ചടിക്ക് കാരണമായത്. എന്നാല്‍ ഇത്തവണ ആ സാധ്യതകള്‍ യു ഡി എഫ് വോട്ട് ബേങ്കില്‍ കാര്യമായി സഹായിക്കില്ലെങ്കിലും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യു ഡി എഫിന് ഗുണം ചെയ്യും. എന്നാല്‍ കഴിഞ്ഞ തവണ യു ഡി എഫിന് കാര്യമായി ലഭിച്ച ന്യൂനപക്ഷ വോട്ടുകള്‍ പൗരത്വ ഭേദഗതി നിയമം, ഫലസ്തീന്‍ വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മൂലം ഇത്തവണ അവര്‍ക്ക് കിട്ടില്ല.

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ തൃശൂര്‍ മാത്രമാണ് ബി ജെ പിക്ക് നേരിയ സാധ്യതയെങ്കിലുമുള്ളത്. രണ്ട് മണ്ഡലങ്ങളിലും ക്രിസ്ത്യന്‍ വോട്ട് ബേങ്കിനെ ബി ജെ പിക്ക് എത്രമാത്രം സ്വാധീനിക്കാനാകും എന്നതിനെ ആശ്രയിച്ചാകും ബി ജെ പിയുടെ സാധ്യതകള്‍. മുസ്ലിം ലീഗിന്റെ രണ്ട് സീറ്റുകളും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്, ഹൈബി ഈഡന്റെ എറണാകുളം സീറ്റും മാറ്റി നിര്‍ത്തിയാല്‍ യു ഡി എഫിന് ഈസി വാക്കോവര്‍ നല്‍കുന്ന സീറ്റുകളില്ല എന്നതാണ് ഇടതുപക്ഷ പ്രതീക്ഷയുടെ കാതല്‍. എന്നിരുന്നാലും നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 20 ല്‍ഏഴ് സീറ്റിനപ്പുറം ഇടതുപക്ഷത്തിന് പ്രതീക്ഷിക്കാനാകില്ല എന്നാണ് വിലയിരുത്തല്‍. ഏതായാലും ഇന്ത്യാ സഖ്യത്തിന്റെ കണക്കിലേക്ക് 20 സീറ്റുകള്‍ എഴുതിച്ചേര്‍ക്കുന്ന ഇടമായി തന്നെ കേരളം നില്‍ക്കാനാണ് സാധ്യത.

തമിഴ്നാട്
39 സീറ്റുള്ള തമിഴ്നാട്ടിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത്. കേരളത്തിലെ യു ഡി എഫ് മുന്നണിയിലെ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും ഇന്ത്യാ സഖ്യത്തിന് കീഴിലാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്.

ജയലളിതയുടെ മരണശേഷം ദുര്‍ബലമായി പോയ എ ഐ എ ഡി എം കെ, ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ നിലവില്‍ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. നാലോ അഞ്ചോ സീറ്റൊഴികെ ബാക്കിയെല്ലാം തൂത്ത് വാരാന്‍ പാകത്തില്‍ തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം മുന്നിലാണ്. അതേസമയം ബ്രാഹ്മണ വിരുദ്ധതയിലും തമിഴ് ദേശീയതയിലും ഇക്കാലമത്രയും സഞ്ചരിച്ച തമിഴ് രാഷ്ട്രീയം വേല്‍ മുരുകനെ മുന്നില്‍ നിര്‍ത്തിയുള്ള ബി ജെ പിയുടെ പ്രചാരണ തന്ത്രങ്ങളില്‍ എത്ര കണ്ട് സ്വാധീനിക്കപ്പെടും എന്നത് വലിയ ചോദ്യമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ട് മാത്രം വോട്ട് പിടിക്കാനാകില്ല എന്ന തിരിച്ചറിവുള്ളത് കൊണ്ടാണ് തമിഴ് നാട്ടില്‍ വൈകാരിക ഓളമുണ്ടാക്കാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കക്ക് വിട്ട് നല്‍കിയ കച്ചത്തീവ് ദ്വീപ് കൂടി തിരഞ്ഞെടുപ്പ് രംഗത്ത് ചര്‍ച്ചയാക്കുന്നതിന്റെ കാരണം. നരേന്ദ്ര മോദി തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ഒരു പൂഴിക്കടകന്‍ പോലെ കച്ചത്തീവ് ദ്വീപ് വെച്ച് കളിക്കുമ്പോള്‍ തീരദേശ വോട്ട് ബേങ്കില്‍ ബി ജെ പി കാര്യമായി കണ്ണുവെക്കുന്നുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കിലും സംസ്ഥാനത്തെ വോട്ട് വിഹിതം ഉയര്‍ത്താന്‍ കച്ചത്തീവ് ബി ജെ പിയെ സഹായിച്ചേക്കാം. അതേസമയം ഇന്ത്യാ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ ഇത് കാര്യമായ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. 2021 മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുള്ള, നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പുത്രനായി അറിയപ്പെടുന്ന കെ അണ്ണാമലൈക്ക് തന്റെ ശക്തി തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്. എന്നാല്‍ ഇതുവരെയും മതപരമായ ധ്രുവീകരണത്തിന് വഴിപ്പെടാത്ത ജനതയില്‍ എങ്ങനെയാണ് ബി ജെ പിക്ക് നേട്ടം കൊയ്യാനാകുക എന്നത് കണ്ടറിയേണ്ടി വരും.

കര്‍ണാടക
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നിലനിര്‍ത്തിപ്പോരുന്ന വോട്ട് ബേങ്കിനെ ചോര്‍ത്താനാകുക കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ബി ജെ പിക്ക് ഇപ്പോഴും സംസ്ഥാനത്ത് മികച്ച സംഘടനാ സംവിധാനവും വോട്ട് വിഹിതവും ഉണ്ട്. മാത്രവുമല്ല മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ എന്‍ ഡി എ സഖ്യത്തിനൊപ്പമാണ്. ഇത് ബി ജെ പിക്കും ജെ ഡി എസ്സിനും ഒരുപോലെ സഹായകമാകും. കഴിഞ്ഞ 10 വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ തന്നെ എന്‍ ഡി എ സഖ്യത്തിന് സംസ്ഥാനത്ത് 60 ശതമാനം വോട്ടുണ്ട്. അതുകൊണ്ട് തന്നെ 28 സീറ്റുള്ള സംസ്ഥാനത്ത് കാര്യമായ വോട്ടു ചോര്‍ച്ചയുണ്ടായില്ലെങ്കില്‍ എന്‍ ഡി എ സഖ്യം 20 സീറ്റിനപ്പുറം നേടിയേക്കാം.

തെലങ്കാന
ദക്ഷിണേന്ത്യയില്‍ ഏറ്റവും കടുപ്പമേറിയ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ബി ജെ പി, കോണ്‍ഗ്രസ്സ്, ബി ആര്‍ എസ് പാര്‍ട്ടികള്‍ സംസ്ഥാനത്തെ 17 മണ്ഡലങ്ങളിലും മുഖാമുഖം പോരടിക്കുന്നുണ്ട്. അസദുദ്ദീന്‍ ഉവൈസി മത്സരിക്കുന്ന ഹൈദരാബാദില്‍ മാത്രമാണ് ഈ പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ട് മത്സരിക്കാത്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയുടെ നേതൃത്വത്തില്‍ തന്നെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് സംസ്ഥാനത്തെ മൊത്തം ട്രെന്‍ഡിനെ കോണ്‍ഗ്രസ്സിന് അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിന്റെ ഉജ്ജ്വല മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ വലിയ തോല്‍വിയിലും ബി ആര്‍ എസ്സിന് സംസ്ഥാനത്ത് 37 ശതമാനത്തിലധകം വോട്ടുണ്ട് എന്നത് മത്സരം കടുപ്പിക്കുന്നുണ്ട്. അതേസമയം നിലവില്‍ നാല് സീറ്റുള്ള ബി ജെ പി ഒരു സീറ്റിലൊതുങ്ങാനാണ് സാധ്യത.

ആന്ധ്രാപ്രദേശ്
മെയ് 13 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സാണ് ലോക്സഭയില്‍ ആകെയുളള 25ല്‍ 22 സീറ്റും നേടിയിരിക്കുന്നത്. മൂന്ന് സീറ്റ് മാത്രമുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് 40 ശതമാനത്തിലധികം വോട്ടുണ്ട്. ആറ് ശതമാനത്തിലധികം വോട്ടുള്ള ബി ജെ പിയുമായി സഖ്യമായാണ് ടി ഡി പി മത്സരിക്കുന്നത്. ഈ സഖ്യത്തിനൊപ്പം സിനിമാ നടന്‍ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി കൂടി ചേരുന്നതോടെ 50 ശതമാനം വോട്ട് എന്‍ ഡി എ പെട്ടിയിലാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

മുഴുവന്‍ സീറ്റിലും മത്സരിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ചേര്‍ന്ന ഇന്ത്യ സഖ്യം യാതൊരു ചലനവും സംസ്ഥാനത്ത് ഉണ്ടാക്കാന്‍ സാധ്യതയില്ല. ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരി വൈ എസ് ശര്‍മിളയുടെ സാന്നിധ്യം മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് മുന്നേറ്റത്തിന് സാധ്യതയുണ്ടാക്കുന്നത്. ശര്‍മിളയുടെ സാന്നിധ്യം വൈ എസ് ആര്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായി തിരിച്ചടി കിട്ടില്ലെങ്കിലും ലോക്സഭയില്‍ ഏഴ് സീറ്റിനപ്പുറം ജഗന് പോകാനാകുക പ്രയാസമാകും.

 

Latest