Kerala
വരും ദിനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത
നദികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിനങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതല്‍ ശനി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടര്‍ന്ന് രണ്ട് നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയരുന്ന കാസര്‍കോട് മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ജലനിരപ്പ് താഴുന്ന പത്തനംതിട്ട മണിമല (തോണ്ട്ര വ്രള്ളംകുളം സ്റ്റേഷന്‍) എന്നീ നദികളിലാണ് സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണം.