Connect with us

Kerala

പോലീസിന്റെ സദ്‌പേരിനു കളങ്കമുണ്ടാക്കിയ നടപടിയില്‍ കര്‍ശന നടപടിയുണ്ടാകും :റവാഡ ചന്ദ്രശേഖര്‍

പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതു പ്രകാരം പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തില്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വിശദമാക്കി

Published

|

Last Updated

തിരുവനന്തപുരം | കസ്റ്റഡി മര്‍ദ്ദനം അടക്കം കേരളത്തിലെ പോലീസിന്റെ സദ്‌പേരിനു കളങ്കമുണ്ടാക്കിയ നടപടിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പോലീസ് സേന പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതു പ്രകാരം പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തില്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്നും റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ മറുപടിയുണ്ടാകും. ഓരോ സംഭവങ്ങളും സൂക്ഷ്മമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണാഘോഷത്തിന്റെ സമയമായതിനാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തടസം നേരിട്ടതെന്നും അടുത്ത ആഴ്ച തന്നെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ക്രമസമാധാന പാലനത്തില്‍ സംഭവിച്ച വീഴ്ചകളും അത് മറികടക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമവശങ്ങള്‍ കൂടി പരിശോധിച്ചു വേണം നടപടി എടുക്കാനെന്നതിനാലാണ് നടപടി വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest