Connect with us

book review

ഹൃദയാന്തരത്തിൽ നീറ്റലുണ്ടാക്കുന്ന നേർചിത്രങ്ങൾ

വേദനയനുഭവിക്കുന്ന മനുഷ്യ മക്കളോട് ചേർന്നുനിൽക്കുക എഴുത്തുകാരന്റെ ധർമമാണ്. കാൽപ്പനിക സങ്കൽപ്പങ്ങൾക്കപ്പുറം മനുഷ്യന്റെ വ്യഥ തുറന്നുകാട്ടുന്ന രചനകൾക്ക് സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

Published

|

Last Updated

കാസർകോട് ജില്ലയിലെ എൻമകജെയിലും പരിസര പ്രദേശങ്ങളിലും സംഹാരതാണ്ഡവമാടിയ എൻഡോസൾഫാൻ എന്ന മാരക വിഷവസ്തു സൃഷ്ടിച്ച അപകടത്തിന്റെ ആഴം അനാവരണം ചെയ്യുന്ന നോവലാണ് അംബികാസുതൻ മാങ്ങാടിന്റെ “എൻമകജെ’. സർക്കാറിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ പ്ലാന്റേഷൻ കോർപറേഷനാണ് കശുവണ്ടി തോട്ടങ്ങളിൽ ഉയർന്ന അളവിൽ എൻഡോസൾഫാൻ തളിച്ചത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഭരണകൂടവും ജനപ്രതിനിധികളും കുത്തക മുതലാളിമാരുടെ കുഴലൂത്തുകാരായി മാറിയപ്പോൾ ഒരു നാടുമുഴുവൻ ദുരന്തത്തിലകപ്പെട്ടു. 2001 വരെയുള്ള നീണ്ട ഇരുപത്തിയഞ്ച് വർഷത്തെ എൻഡോസൾഫാൻ ഉപയോഗം പ്രകൃതിയിലും മനുഷ്യ ജീവിതത്തിലും ചെലുത്തിയ അപകടകരമായ സ്വാധീനത്തിന്റെ അനന്തരഫലങ്ങളാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്.എൻമകജെ, സ്വർഗ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ തോതിൽ ഈ വിഷം തളിക്കപ്പെട്ടത്. അതോടെ അവിടെ പിറന്നുവീഴുന്ന കുട്ടികളിൽ പലരും അനവധി വൈകല്യങ്ങൾക്ക് വിധേയരായി. ബാല്യത്തിലേ നര ബാധിച്ച നിത്യരോഗിയായ പരീക്ഷിത്ത്, കീഴ്ത്താടി കടന്ന്‌ തുങ്ങിയാടുന്ന വലിയ നാവ് പുറത്തേക്കിട്ട് കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്തുന്ന ശിപ്പനായിക്കിന്റെ പതിനാല് വയസ്സുകാരിയായ മകൾ ഭാഗ്യലക്ഷ്മി, ശരീരത്തേക്കാൾ വലിയ തലയും ചെറിയ കൈകാലുകളുമായി പുൽപ്പായയിൽ കിടക്കുന്ന നാരായണ ഷെട്ടിയുടെ മകൾ, ഇളം പ്രായത്തിലേ മാനസിക വിഭ്രാന്തിക്ക് വിധേയയായ തൂമണ്ണ ശെട്ടിയുടെ രണ്ട് പെൺമക്കൾ തുടങ്ങി ദൈന്യതയുടെ നേർച്ചിത്രങ്ങൾ നോവലിൽ അനവധി കാണാം.

മണ്ണും പെണ്ണും എന്നും ചൂഷണത്തിന്റെ ഇരകളാണെന്ന സാർവ ലൗകിക സത്യത്തിലേക്ക് നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്. സദാചാരത്തിന്റെ മൂടുപടമണിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണ് ദേവയാനി തന്റെ പ്രാണതോഴനോടൊത്ത് സ്വർഗയിൽ എത്തിച്ചേർന്നത്. ലൗകിക ജീവിതത്തിൽനിന്ന് ഒളിച്ചോടി മാനുഷിക കർത്തവ്യങ്ങളെല്ലാം വെടിഞ്ഞ് സ്വയം തീർത്ത ഇരുൾകൂടാരത്തിൽ ഒളിച്ചിരിക്കാനായിരുന്നു അവരുടെ താത്പര്യം. എന്നാൽ, നരകസമാനമായ സ്വർഗയിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ അവരെ കൂടുതൽ ഊർജസ്വലരാക്കി. മരണവേദനയനുഭവിക്കുന്ന നൂറുകണക്കിന് പിഞ്ചുബാല്യങ്ങൾക്കുവേണ്ടി അവർ പോരാടി. എൻഡോസൾഫാൻ വിരുദ്ധ സമരചേരികളിൽ കരുത്തുറ്റ സാന്നിധ്യമായി അവർ മാറി. ഒടുവിൽ ക്രൂരമായി അടിച്ചമർത്തപ്പെടുകയും മനുഷ്യ സ്വത്വമുപേക്ഷിച്ച് പ്രതീകാത്മകമായി നോവലിസ്റ്റ് കൊണ്ടുവന്ന ഇരുണ്ട ഗുഹക്കകത്തേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു.

എൻഡോസൾഫാൻ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ വളരെ വലുതാണ്. മനുഷ്യനിലും നാൽക്കാലികളിലും സസ്യലതാദികളിലും വരെ അതിന്റെ സ്വാധീനം കാണാം. കൂട്ടത്തോടെ ചത്തൊടുങ്ങിയ തേനീച്ചകൾ, മൂന്ന് കാലുമായി പിറന്നുവീഴുന്ന പൈക്കിടാങ്ങൾ, മത്സ്യ സമ്പത്ത് നഷ്ടപ്പെട്ട ജലാശയങ്ങൾ തുടങ്ങി പരിപാവനമായ മുലപ്പാലിൽ വരെ എൻഡോസൾഫാന്റെ സ്വാധീനമുണ്ട്. നോവൽ പൂർത്തിയായതിനുശേഷം സമര രംഗം ഏറെ ശക്തിപ്പെടുകയും ചില രാഷ്ട്രീയ, സാംസ്കാരിക നേതാക്കളുടെ നിരന്തരമായ ഇടപെടൽ കാരണം എൻഡോസൾഫാൻ നിരോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മനുഷ്യന്റെ സ്വാർഥതയുടെ ഇരുണ്ട അധ്യായങ്ങളെ ഓർമപ്പെടുത്തി വിഷവാതകത്തിന്റെ ഇരകളായ അനേകം പേർ എൻമകജെയിലും പരിസരപ്രദേശങ്ങളിലും ഇന്നും ജീവിച്ചിരിപ്പുണ്ട്.

വേദനയനുഭവിക്കുന്ന മനുഷ്യ മക്കളോട് ചേർന്നുനിൽക്കുക എഴുത്തുകാരന്റെ ധർമമാണ്. കാൽപ്പനിക സങ്കൽപ്പങ്ങൾക്കപ്പുറം മനുഷ്യന്റെ വ്യഥ തുറന്നുകാട്ടുന്ന രചനകൾക്ക് സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. എഴുത്തിലൂടെ തന്റെ സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ സമ്പൂർണമായും വിജയിച്ച അപൂർവം എഴുത്തുകാരിൽ ഒരാളാണ് അംബികാസുതൻ മാങ്ങാട്. എൻമകജെ അതിന്റെ മികച്ച ഉദാഹരണമാണ്. തന്റെ ജീവിത പരിസരത്തെ വരിഞ്ഞുമുറുക്കിയ ഒരു പ്രശ്നത്തെ അനാവരണം ചെയ്യുമ്പോഴും സാഹിത്യമൂല്യം ഒട്ടുമേ ചോർന്നുപോകാതിരിക്കാൻ നോവലിസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ഭാഷയുടെ ഒഴുക്കും പ്രതീകാത്മകമായ അവതരണവുമെല്ലാം കൂടിച്ചേരുമ്പോൾ വീണ്ടും വായിക്കാനുള്ള മലയാള സാഹിത്യത്തിലെ മികച്ച നോവലുകളുടെ പട്ടികയിൽ എൻമകജെ ഇടംപിടിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. പ്രസാധനം: ഡി സി ബുക്സ്, വില 175 രൂപ.