gaza attack two years
നിലയ്ക്കട്ടെ നിലവിളി
ഗസ്സാ വംശഹത്യക്ക് രണ്ടാണ്ട് പിന്നിടാനിരിക്കെ ആക്രമണ വിരാമത്തിന്റെ പ്രതീക്ഷകളുയരുകയാണ്. ഗസ്സയിൽ വെടിയൊച്ച നിലയ്ക്കുമെന്നും കുഞ്ഞുങ്ങൾ വയറു നിറച്ചുണ്ണുമെന്നും മുറിവുകളിൽ മരുന്നു പുരട്ടാനുള്ള ആശുപത്രികൾ തുറക്കുമെന്നും വിദ്യാലയങ്ങളിൽ അക്ഷരമുണരുമെന്നും കേൾക്കുന്നത് എത്രമാത്രം ആശ്വാസകരമാണ്. അപ്പോഴും ചോദ്യങ്ങൾ അവശേഷിക്കുന്നു. കിഴക്കൻ ജറൂസലമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പിൻവാങ്ങാതെ എങ്ങനെ നീതിയുക്തമായ ഫലസ്തീൻ നിലവിൽ വരും? യുദ്ധക്കുറ്റങ്ങൾ നടത്തിയ സയണിസ്റ്റ് രാഷ്ട്ര നേതാക്കൾ ശിക്ഷിക്കപ്പെടേണ്ടേ? കരാർ ലംഘനം ശീലമാക്കിയ ഇസ്റാഈലിനെ എങ്ങനെ വിശ്വസിക്കും?

വാഷിംഗ്ടൺ/ തെൽ അവീവ് | രണ്ട് വർഷമായി ഇസ്‌റാഈൽ അധിനിവേശം തുടരുന്ന ഗസ്സയിൽ സമാധാന പ്രതീക്ഷകൾക്കിടയിലും ആക്രമണം തുടർന്ന് ഇസ്‌റാഈൽ. ഈജിപ്തിൽ ഇന്ന് ചർച്ചകൾ നടക്കാനിരിക്കെ ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 19 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതിന് പുറമെ പോഷകാഹാര കുറവിനെ തുടർന്ന് ഒരാൾ കൂടി മരിച്ചതായി ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സാ സമാധാന പദ്ധതിയിൽ ഇന്ന് ചർച്ച നടക്കാനിരിക്കെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്‌റാഈൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും കടുംപിടിത്തം തുടരുകയാണ്. മുഴുവൻ ബന്ദികളും ഇസ്‌റാഈൽ മണ്ണിലെത്താതെ സമാധാന പദ്ധതിയിലെ ഒരു നിർദേശവും നടപ്പാക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഗസ്സയുടെ നിയന്ത്രണം ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഹമാസ് പൂർണ ഉന്മൂലനം നേരിടേണ്ടി വരുമെന്ന് ട്രംപും ഭീഷണി മുഴക്കി.
ഗസ്സയിൽ സമാധാനം ഉറപ്പാക്കാൻ ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന നിർദേശം ഭാഗികമായി ഹമാസ് അംഗീകരിച്ചതോടെയാണ് വീണ്ടും ചർച്ചക്ക് വഴിയൊരുങ്ങിയത്. ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഹമാസിനെ പൂർണമായി നിരായുധീകരിക്കുക പോലുള്ള ചില വ്യവസ്ഥകളിൽ ചർച്ച വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാണ് ചർച്ചകൾക്കുള്ള നീക്കം. യു എസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജെറേദ് കുഷ്‌നറും ഇതിനായി ഈജിപ്തിലേക്ക് തിരിച്ചതായി വൈറ്റ്ഹൗസ് അധികൃതർ അറിയിച്ചു.
സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഹമാസിന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.
“സമാധാന കരാർ പൂർത്തിയാക്കാനും ബന്ദികളുടെ മോചനം യാഥാർഥ്യമാക്കാനും ഇസ്‌റാഈൽ താത്കാലികമായി ബോംബിംഗ് നിർത്തിയതിനെ അഭിനന്ദിക്കുന്നു. ഹമാസ് വേഗത്തിൽ നടപടികൾ കൈക്കൊള്ളണം. പലരും ഇതിന് കാലതാമസമുണ്ടാകുമെന്ന് കരുതുന്നു. പക്ഷേ, കാലതാമസവും ഗസ്സ വീണ്ടും സുരക്ഷാഭീഷണിയാകുന്ന സാഹചര്യവും അനുവദിക്കില്ല. നമുക്ക് ഇത് വേഗം നടപ്പാക്കാം. എല്ലാവരെയും നീതിപൂർവം പരിഗണിക്കും’- ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇരു വിഭാഗവും ട്രംപിന്റെ നിർദേശങ്ങൾ പൂർണമായി അംഗീകരിക്കാതെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാർക് റൂബിയോ വ്യക്തമാക്കി.