Kerala
ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ചതിന് സ്റ്റേ
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. അശോകിന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരാം.

തിരുവനന്തപുരം | ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ചതിന് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സ്ഥാനമാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
അശോകിന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരാം. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ടിങ്കു ബിസ്വാളിന് നല്‍കിയ അധിക ചുമതല കോടതി ഉത്തരവോടെ റദ്ദാകും.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മീഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്ന് മാറ്റിയാണ് അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്.
ചട്ടങ്ങള്‍ പാലിക്കാതെയുള്ള മാറ്റമായതിനാല്‍ പുതിയ പദവി ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞ് ബി അശോക് നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഐ എ എസ് കേഡറിനു പുറത്തുള്ള പദവിയില്‍ നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്നാണ് ആക്ഷേപം. സുപ്രധാന ചുമതല വഹിക്കുന്ന, കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടുവെന്ന് അശോക് പറഞ്ഞു. കൃഷിമന്ത്രി പോലും അറിയാതെയാണ് അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.