Kerala
സംസ്ഥാനത്ത് കൂടുതല്‍ തുറന്ന ജയിലുകള്‍ വേണം: ജസ്റ്റിസ്റ്റ് അലക്‌സാണ്ടര്‍ തോമസ്
തടവുകാരുടെ മാനസിക ആരോഗ്യത്തിനും പരിവര്‍ത്തനത്തിനുമായി കൂടുതല്‍ തുറന്ന ജയിലുകള്‍ സ്ഥാപിക്കപ്പെടണം.

തിരുവനന്തപുരം | തടവുകാരുടെ മാനസിക ആരോഗ്യത്തിനും പരിവര്‍ത്തനത്തിനുമായി കൂടുതല്‍ തുറന്ന ജയിലുകള്‍ സ്ഥാപിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ്റ്റ് അലക്‌സാണ്ടര്‍ തോമസ്. അതിനാല്‍ അടച്ചു പൂട്ടിയുള്ള തടവറകളേക്കാള്‍ തുറന്ന ജയിലുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തുറന്ന ജയിലുകളുടെ എണ്ണം വളരെ ചുരുക്കമാണ്. രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ തുറന്ന ജയിലുകളുള്ള കാര്യവും ജസ്റ്റിസ്റ്റ് അലക്‌സാണ്ടര്‍ തോമസ് ചൂണ്ടിക്കാട്ടി. തുറന്ന ജയിലുകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഗ്രേഡിംഗ് നല്‍കണം. അങ്ങനെയുള്ള ജയിലുകളില്‍ മര്യാദയോടെ പെരുമാറുന്ന തടവുകാരെ പാര്‍പ്പിക്കണം. കൂടുതല്‍ മര്യാദ പുലര്‍ത്തുന്നവരെ തുടര്‍ന്നുള്ള ഗ്രേഡുകളിലെ ജയിലുകളില്‍ പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ പരാതികളും ആവശ്യങ്ങളും ജസ്റ്റിസ് സശ്രദ്ധം കേട്ടു. തടവുകാരുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ക്ഷേമ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള പ്രത്യാശാ പദ്ധതി കൂടുതല്‍ ജനകീയമാക്കുമെന്നും അതുമായി സഹകരിക്കുന്ന സംഘടനകളെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
15 മുതല്‍ 20 വര്‍ഷം വരെയും, 20 മുതല്‍ 25 വര്‍ഷം വരെയും, 25 മുതല്‍ 30 വര്‍ഷം വരെയും തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞവര്‍ക്ക് നിയമപരമായി ശിക്ഷാ ഇളവുകള്‍ ലഭ്യമാക്കുന്നതിനുള്ള നിയമ സഹായം ഉറപ്പു വരുത്തുമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ അന്തേവാസികള്‍ക്കായി നടത്തിയ ഹെപ്പറ്റെറ്റീസ് മെഡിക്കല്‍ ക്യാമ്പും തടവുകാര്‍ വിളയിച്ച ഫലങ്ങളുടെ വിളവെടുപ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പിന്നീട് അട്ടക്കുളങ്ങര വനിതാ ജയിലും പൂജപ്പുര വനിത ഓപ്പണ്‍ ജയിലും സന്ദര്‍ശിച്ച ജസ്റ്റിസ്, അവിടെയുള്ള തടവുകാരുടെ ആവശ്യങ്ങളും പരാതികളും കേട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ജോബ് സ്‌കില്‍ പരിപാടിയും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉദ്ഘാടനം ചെയ്തു.