Editorial
അമീബിക് മസ്തിഷ്‌കജ്വര ഭീതിയില്‍ സംസ്ഥാനം
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 18 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അനൗദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ 28 പേര്‍ രോഗബാധിതരായിട്ടുണ്ട്.
അമീബിക് മസ്തിഷ്‌കജ്വര ഭീതിയിലാണ് കേരളം. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 18 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അനൗദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ 28 പേര്‍ രോഗബാധിതരായിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളില്‍ രോഗനിര്‍ണയത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഈ മേഖലകളില്‍ രോഗം കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദഗ്ധ പരിശോധന നടത്തിയാല്‍ മറ്റു ഭാഗങ്ങളിലും രോഗം കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പകര്‍ച്ചവ്യാധിയല്ലെങ്കിലും പിടിപെട്ടാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥ പ്രാപിക്കുന്നുവെന്നതാണ് അമീബിക് മസ്തിഷ്‌കജ്വരമുയര്‍ത്തുന്ന വെല്ലുവിളി. വെള്ളത്തിലൂടെ മാത്രം പകരുന്ന ജലജന്യരോഗമെന്നാണ് സമീപ കാലം വരെയും വിശ്വസിക്കപ്പെട്ടിരുന്നത്. മലിന ജലത്തില്‍ കാണപ്പെടുന്ന നെഗ്‌ളെറിയ ഫൗലേറി അമീബ രോഗാണുവാണ് കേരളത്തില്‍ ഇതുവരെയും കാണപ്പെട്ടിരുന്നതും. മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി തലച്ചോറിലെത്തുന്ന ഈ രോഗാണു “തലച്ചോര്‍തീനി’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
പൊടി, ചെളി, മണ്ണ് എന്നിവയിലും രോഗവാഹിനിയായ അമീബയെ കണ്ടെത്തിയിട്ടുണ്ട് സമീപ കാലത്ത്. ഒകന്തമീബ, സാപ്പിനിയ, ബാലുത്തിയ വെര്‍മമീബ തുടങ്ങിയ അമീബ വകഭേദങ്ങളെയാണ് പുതുതായി കണ്ടെത്തിയത്. ക്ലോറിനേഷന്‍ നടത്തിയ വെള്ളത്തിലും പൈപ്പ് വെള്ളത്തിലും വരെ ഈ രോഗാണുവിനെ കാണാനായത് ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്തരീക്ഷ താപനിലയിലെ മാറ്റമാണ് രോഗാണുവിന്റെ വകഭേദത്തിനും വളര്‍ച്ചക്കും സഹായകമാകുന്നതെന്നാണ് വിദഗ്ധപക്ഷം. പെട്ടെന്നുള്ള മഴയും പിന്നാലെയുള്ള കൊടുംചൂടും അമീബയുടെ വളര്‍ച്ചക്ക് വേഗം കൂട്ടും. അമീബിക് മസ്തിഷ്‌കജ്വര ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തിവരുന്നതേയുള്ളൂ. അവരുടെ റിപോര്‍ട്ട് ലഭിച്ചെങ്കിലേ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. നേരത്തേ വേനല്‍കാലത്ത് മാത്രം കണ്ടിരുന്ന രോഗവാഹിനി അമീബയുടെ സാന്നിധ്യം മഴക്കാലത്തും കാണപ്പെടുകയും രോഗബാധ പൂര്‍വോപരി റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
1962ല്‍ യു എസിലെ ഫ്ലോറിഡയിലാണ് അമീബിക് മസ്തിഷ്‌കജ്വരം ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 1965ല്‍ ആസ്‌ത്രേലിയയിലെ അഡ്‌ലൈഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ മാല്‍ക്കം ഫൗളറും ആര്‍ എഫ് കാര്‍ട്ടറും ചേര്‍ന്നു നടത്തിയ പഠനത്തില്‍ രോഗത്തിന്റെ കാരണവും രോഗാണുവും കണ്ടെത്തി. 1962 മുതല്‍ 2014 വരെ ലോകത്താകമാനം 260 അമീബിക് മസ്തിഷ്‌കജ്വര കേസുകള്‍ റിപോര്‍ട്ട് ചെയ്തു. പതിനൊന്ന് പേര്‍ക്ക് മാത്രമാണ് സുഖപ്പെട്ടത്. ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. 1920 വരെ ഇന്ത്യയില്‍ പതിനൊന്ന് പേരിലാണ് രോഗം കണ്ടെത്തിയത്. രോഗവിമുക്തി നേടിയത് നാല് പേര്‍ മാത്രം. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ഒരു യുവതി പൂര്‍ണ രോഗവിമുക്തി നേടിയത് ദേശീയതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് രോഗം ബാധിച്ച പലരും രോഗവിമുക്തി നേടുന്നുവെന്നത് ആശ്വാസത്തിന് വകയേകുന്നുണ്ട്. സങ്കീര്‍ണമെങ്കിലും രോഗത്തിന്റെ അതിജീവന സാധ്യതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു.
കെട്ടിക്കിടക്കുന്നതോ ഒഴുക്ക് കുറഞ്ഞതോ ആയ വെള്ളത്തിലാണ് നെഗ്‌ളെറിയ ഫൗലേറി എന്നയിനം അമീബ വളരുന്നത്. ക്ലോറിനേഷനിലൂടെ (വെള്ളത്തില്‍ ക്ലോറിന്‍ കലക്കി ബാക്ടീരിയ, ഫംഗസ്, ആല്‍ഗ തുടങ്ങിയവയെ നശിപ്പിക്കുന്ന പ്രക്രിയ) കിണറുകളിലെയും കുളങ്ങളിലെയും ജലം അണുവിമുക്തമാക്കുകയാണ് പരിഹാരം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ശുദ്ധീകരണ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ലാറ്റുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങി എല്ലാ ജലസംഭരണികളും ശുദ്ധീകരിക്കും. ചിലയിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തിയ വെള്ളത്തിലും രോഗാണു കണ്ടെത്തിയ സാഹചര്യത്തില്‍ സാധാരണ ക്ലോറിനേഷന്‍ മതിയാകില്ല, സൂപ്പര്‍ ക്ലോറിനേഷന്‍ വേണ്ടി വന്നേക്കും. വെള്ളപ്പൊക്കത്തിലും മറ്റും അതീവ മലിനമാകുന്ന കിണറുകളും കുളങ്ങളും ശുദ്ധീകരിക്കാന്‍ സൂപ്പര്‍ ക്ലോറിനേഷന്‍ രീതിയാണ് പ്രയോഗിക്കാറുള്ളത്.
രോഗവിമുക്തി പ്രയാസമായതിനാലും കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്താത്തതിനാലും രോഗം വരാതെ സൂക്ഷിക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള നല്ല മാര്‍ഗം. സുരക്ഷിതവും ക്ലോറിനേറ്റ് ചെയ്തതുമായ ജലസ്രോതസ്സുകളില്‍ മാത്രമേ കുളിക്കാവൂ. പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മലിനമായതോ ആയ കുളത്തിലോ വെള്ളക്കെട്ടുകളിലോ കുളിക്കുന്നതും വായയും മുഖവും കഴുകുന്നതും ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലും സ്വിമ്മിംഗ് പൂളുകളിലും ഇറങ്ങുന്നതിനു മുമ്പ് വെള്ളം ക്ലോറിനേഷന്‍ ചെയ്ത് ശുദ്ധമാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം ജലസ്രോതസ്സുകളില്‍ കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ്‌ക്ലിപ്പ് ഉപയോഗിക്കുന്നത് നന്ന്. ജലജന്യ രോഗങ്ങളെക്കുറിച്ചോ മലിന ജലത്തില്‍ കുളിക്കുന്നതിന്റെ അനന്തരഫലത്തെക്കുറിച്ചോ ബോധമില്ലാത്തവരാണ് കുട്ടികളും കൗമാരക്കാരും. കാണുന്ന ഏത് ജലസ്രോതസ്സുകളിലും ചാടിക്കുളിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്.






