Kerala
എസ് എസ് എഫ് 7,500 യൂണിറ്റുകളില്‍ പീപ്പിള്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നു
കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയും സാധാരണക്കാരൻ്റെ നടുവൊടിക്കുകയും ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികൾ കോണ്‍ഫ്രന്‍സില്‍ ചര്‍ച്ചയാകും

കോഴിക്കോട് | ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 7,500 യൂണിറ്റുകളില്‍ എസ് എസ് എഫ് ‘പീപ്പിള്‍സ് കോണ്‍ഫ്രന്‍സ്’ സംഘടിപ്പിക്കുന്നു.
ബഹുസ്വരതയും മതനിരപേക്ഷതയും പാരമ്പര്യമായി നിലനിന്നുവരുന്ന രാജ്യത്ത് വര്‍ഗീയതയും അസഹിഷ്ണുതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് ഉയരുമ്പോള്‍ രാഷ്ട്രമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അത്തരം ഗൂഢതാത്പര്യങ്ങളെ തിരുത്തുക എന്നതാണ് പീപ്പിള്‍ കോണ്‍ഫ്രന്‍സ് ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്.
ഏപ്രില്‍ 29ന് കണ്ണൂരില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിൻ്റെ ഭാഗമായാണ് പ്രാദേശിക തലത്തില്‍ പീപ്പിള്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള ജനാധിപത്യപരമായ വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉയര്‍ത്തുന്നത് രാജ്യത്തെക്കുറിച്ച് വെറുപ്പുല്‍പ്പാദിപ്പിച്ചു കൊണ്ടാവരുത് എന്ന ആശയം കൂടുതല്‍ വ്യക്തതയോടെ കോണ്‍ഫ്രന്‍സില്‍ അവതരിപ്പിക്കപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.
കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയും അനിയന്ത്രിതമായ വിലകയറ്റത്താല്‍ സാധാരണക്കാരൻ്റെ നടുവൊടിക്കുകയും ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികൾ കോണ്‍ഫ്രന്‍സില്‍ ചര്‍ച്ചയാകും. പ്രാദേശിക- രാഷ്ട്രീയ- സാസ്‌കാരിക പ്രതിനിധികള്‍ പീപ്പിള്‍ കോണ്‍ഫ്രന്‍സിൻ്റെ ഭാഗമാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിര്‍ദൗസ് സുറൈജി സഖാഫി, സംസ്ഥാന സെക്രട്ടറിമാരായ ഡോ. ടി അബൂബക്കര്‍, സി എം സ്വാബിര്‍ സഖാഫി, കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി, അഫ്‌സല്‍ ഹുസൈന്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.