Connect with us

ssf national sahithyotsav 2022

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്; കലാകിരീടം വീണ്ടും ജമ്മു കശ്മീരിന്

ഡല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി

Published

|

Last Updated

കൊല്‍ക്കത്ത |  പശ്ചിമ ബംഗാളില്‍ നടന്ന എസ് എസ് എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവില്‍ ജമ്മു കശ്മീരിന് കലാകിരീടം. ഡല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. 82 ഇനങ്ങളില്‍ 26 സംസ്ഥാന ടീമുകള്‍ മത്സരിച്ച സാഹിത്യോത്സവില്‍ 422 പോയിന്റുകളാണ് ജമ്മു കാശ്മീര്‍ നേടിയത്. ഡല്‍ഹി-267, കേരളം-244 പോയിന്റുകള്‍ വീതവും നേടി. ജേതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.

മൂന്നു ദിവസങ്ങളിലായി ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപനില്‍ നടന്നുവന്ന സാഹിത്യോത്സവിന് ഇതോടെ സമാപ്തിയായി. സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ സമിതി ഉപാധ്യക്ഷന്‍ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബേങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ് എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ഫിനാന്‍സ് സെക്രട്ടറി സുഹൈറുദ്ദീന്‍ നൂറാനി, സെക്രട്ടറിമാരായ സൈഉര്‍റഹ്മാന്‍ റസ്വി, ശരീഫ് നിസാമി, ആര്‍ എസ് സി. ഗള്‍ഫ് കണ്‍വീനര്‍ മുഹമ്മദ് വിപികെ സംസാരിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശില്‍ വെച്ചു നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തില്‍ നടന്നു.


മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോത്സവില്‍ 26 സംസ്ഥാനങ്ങളില്‍നിന്നായി 637 സര്‍ഗപ്രതിഭകളാണ് മത്സരിച്ചത്. താപ്പനിലെ തൈ്വബ ഗാര്‍ഡനില്‍ നടന്ന സാഹിത്യോത്സവില്‍ ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സര്‍ഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും അരങ്ങേറി. ബംഗാള്‍ ഗ്രാമത്തിലെ വയലേലകളില്‍ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടര്‍ത്തിയ മൂന്നു ദിനരാത്രങ്ങളാണ് ദേശീയ സാഹിത്യോത്സവ് സമ്മാനിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങളുടെും വൈജ്ഞാനിക മികവുകളുടെയും സംഗമദിനങ്ങള്‍ സൃഷ്ടിച്ചാണ് സാഹിത്യോത്സവിന് കൊടിയിറങ്ങിയത്.

സാഹിത്യോത്സവ് പോയിന്റുനില
ജമ്മു കാശ്മീര്‍ 422
ഡല്‍ഹി 267
കേരളം 244
കര്‍ണാടകം 212
മധ്യപ്രദേശ് 173
മഹാരാഷ്ട്ര 133
പശ്ചിമ ബംഗാള്‍ 133
ഗുജറാത്ത് 130
ആന്ധ്രപ്രദേശ് 125
തെലുങ്കാന 118
തമിഴ്‌നാട് 106
ഉത്തരാഖണ്ഡ് 95
ജാര്‍ഖണ്ഡ് 92
ആന്‍ഡമാന്‍ 72
ബീഹാര്‍ 72
ഉത്തര്‍ പ്രദേശ് സെന്‍ട്രല്‍ 69
ഉത്തര്‍ പ്രദേശ് വെസ്റ്റ് 66
പഞ്ചാബ് 51
ത്രിപുര 44
ഉത്തര്‍ പ്രദേശ് ഈസ്റ്റ് 44
ഹരിയാന 44
രാജസ്ഥാന്‍ 38
ആസാം 36
ലക്ഷദ്വീപ് 35
ഒഡീഷ 34
മണിപ്പൂര്‍ 30

 

Latest