Kerala
എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ കടലുണ്ടിയിൽ
പരിസ്ഥിതിയും മനുഷ്യനുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ ആധാരമാക്കി പാനൽ ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, എക്സ്പർട് ടോക് എന്നിവ നടക്കും

കോഴിക്കോട് | സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റിന് നാളെ കടലുണ്ടി വേദിയാകും. കടലുണ്ടി പക്ഷി സങ്കേതത്തിൽ നടക്കുന്ന പ്രോഗ്രാം പരിസ്ഥിതി പ്രവർത്തകനും ആണവ വിരുദ്ധ പ്രവർത്തകനുമായ കെ സഹദേവൻ ഉദ്ഘാടനം നിർവഹിക്കും. പരിസ്ഥിതി വിഷയത്തിൽ സംവാദങ്ങളെയും ജനപങ്കാളിത്ത പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ അഞ്ച് വർഷമായി ഗ്രീൻ കേരള സമ്മിറ്റ് നടത്തിവരുന്നത്.
പരിസ്ഥിതിയും മനുഷ്യനുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ ആധാരമാക്കി പാനൽ ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, എക്സ്പർട് ടോക് തുടങ്ങിയ സെഷനുകളാണ് ഗ്രീൻ സമ്മിറ്റിൽ ഉള്ളത്. കാടും കടലും, പ്രകൃതി സംഘർഷം, കൈയേറ്റം, പ്ലാസ്റ്റിക് മനുഷ്യൻ: പ്രതിസന്ധികളുടെ ഭൂമിക, മാലിന്യ സംസ്കരണം: കേരള രീതിയും അന്താരാഷ്ട്ര മാതൃകകളും, മേൽമണ്ണ് ഒലിച്ചുപോയാൽ കേരളം ബാക്കിയാകുമോ, കടൽ ആവാസ വ്യവസ്ഥയും കടലോളം മാലിന്യവും തുടങ്ങിയ ആനുകാലികവും പ്രസക്തവുമായ വിഷയങ്ങൾ ഈ വർഷത്തെ ഗ്രീൻ കേരള സമ്മിറ്റിനെ പ്രൗഢമാക്കും.
ഡി അനിൽകുമാർ, സുകുമാരൻ ചാലിഗദ്ധ, ഡോ. നഈം, ഡോ. എം എസ് മുഹമ്മദ്, സി കെ നജ്മുദ്ധീൻ, മുഹമ്മദ് യാസീൻ ടി കെ. താജുദ്ധീൻ അബൂബക്കർ തുടങ്ങിയ പ്രമുഖർ സമ്മിറ്റിൽ സംവദിക്കും . വിദ്യാർഥികളുടെ വിവിധ പഠനങ്ങളും വിഷയാവതരണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.