Connect with us

Articles

നോട്ടു നിരോധനത്തിന്റെ ശ്രീലങ്കന്‍ പതിപ്പുകള്‍

മോദി സര്‍ക്കാറിനെ നയിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് അടിസ്ഥാനപരമായി ശ്രീലങ്കന്‍ ഭരണം കൈയാളുന്ന പാര്‍ട്ടിക്കുമുള്ളത്. കടുത്ത തീരുമാനങ്ങള്‍ ഒരു കൂടിയാലോചനയുമില്ലാതെ പൊടുന്നനെ എടുക്കുന്നതാണ് വലിയ മിടുക്കെന്ന് കരുതുന്നവരാണ് നരേന്ദ്ര മോദിയും രജപക്‌സേമാരും. സൈന്യത്തിന്റെ അപ്രമാദിത്വത്തിലാണ് താത്പര്യം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗത്തിലും ഇരു കൂട്ടരും വിശ്വസിക്കുന്നു. വൈകാരികത ഇളക്കിവിടലാണ് രാഷ്ട്രീയ തന്ത്രം. ഇന്ത്യ അമേരിക്കന്‍ മൂലധനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ശ്രീലങ്ക ചൈനീസ് സൗഹൃദത്തിലാണ് ആശ്രയം തേടുന്നത്.

Published

|

Last Updated

തീവ്ര ദേശീയതയുടെയും വര്‍ഗീയതയുടെയും ന്യൂനപക്ഷ അന്യവത്കരണത്തിന്റെയും അടിത്തറയില്‍ പണിതുയര്‍ത്തിയ രാഷ്ട്രീയ ശക്തികള്‍ അധികാരം കൈയാളുമ്പോള്‍ ഒരു രാജ്യത്തിന് എന്താണ് സംഭവിക്കുകയെന്നറിയാന്‍ രാമേശ്വരത്തെ പവിഴപ്പുറ്റുകള്‍ കടന്ന് അല്‍പ്പദൂരം സഞ്ചരിച്ചാല്‍ മതിയാകും. അത്രമേല്‍ സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ക്കും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ക്കുമായി നെട്ടോട്ടമോടുകയാണ്. പൂഴ്ത്തി വെപ്പും കരിഞ്ചന്തയും പൊടിപൊടിക്കുന്നു. പലയിടത്തും സഹികെട്ട മനുഷ്യര്‍ നിയമം കൈയിലെടുക്കുന്നു, കൊള്ളക്കാരാകുന്നു. സര്‍ക്കാറിന്റെ ഉത്തരവുകള്‍ വെറും കടലാസുകളായി പറന്നു നടക്കുന്നു. നാണയപ്പെരുപ്പവും അതിന്റെ ഫലമായുള്ള രൂക്ഷമായ വിലക്കയറ്റവും കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകള്‍ ഒരു വശത്ത് തുടരുമ്പോള്‍, മറുവശത്ത് സമ്പന്നര്‍ക്കുള്ള നികുതിയിളവുകള്‍ പൊതു വരുമാനമില്ലാതാക്കുന്നു. ആഭ്യന്തര വായ്പകളും വിദേശ ബോണ്ടുകളിലെ ബാധ്യതയും തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം അച്ചടിച്ചതാണ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയത്. പണപ്പെരുപ്പം 12.1 ശതമാനം എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഭക്ഷ്യ വിലക്കയറ്റം 22.1 ശതമാനമെന്ന നിരക്കിലാണ് കുതിക്കുന്നത്. എല്ലാ പഴിയും കൊവിഡ് മഹാമാരിയിലിരിക്കട്ടെയെന്നതാണ് രജപക്‌സേ സര്‍ക്കാറിന്റെ ലൈന്‍. വിനോദ സഞ്ചാര മേഖലയുടെ തകര്‍ച്ച ഒരു പ്രശ്‌നം തന്നെയായിരുന്നു. രാജ്യത്തിന്റെ ജി ഡി പിയുടെ പത്ത് ശതമാനത്തിലേറെ സംഭാവന ചെയ്യുന്നത് വിനോദസഞ്ചാര മേഖലയാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഈ മേഖലയില്‍ നിന്ന് മാത്രം അടുത്തിടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടത്. ഇതിന് കാരണം കൊവിഡ് ആണെന്നതും സത്യമാണ്. എന്നാല്‍ മുറിച്ചു കടക്കാനാകാത്ത പ്രക്ഷുബ്ധ സമുദ്രമാക്കി ഈ പ്രതിസന്ധിയെ മാറ്റിയത് രജപക്‌സേ സഹോദരന്‍മാരുടെ ഭരണ നയങ്ങളാണ്.

ഗോതബയ രജപക്‌സേ 2019ല്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ വിദേശനാണയ ശേഖരം 7.5 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോഴത് 1.58 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ചൈന മാത്രമാണ് ഇപ്പോള്‍ ശ്രീലങ്കയോട് സഹകരിക്കാന്‍ തയ്യാറാകുന്നത്. അത് തന്നെ ചൈനക്ക് ലാഭമുള്ള മേഖലയില്‍ മാത്രം. പുതുവര്‍ഷത്തില്‍ എല്ലാം ശരിയാകുമെന്നാണ് ഗോതബയ പറയുന്നത്. അതിന് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? ഒരു സാമ്പിളിതാ. രാജ്യം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയ കാര്‍ഷിക മന്ത്രാലയ മേധാവിയെ മണിക്കൂറുകള്‍ക്കകം പുറത്താക്കുകയാണ് ചെയ്തത്. സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു.

ഗോതബയ രാജപക്‌സേ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച കാര്‍ഷിക നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ അതീവ ഗുരുതരമാക്കിയത്. ഭക്ഷ്യ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമായിരുന്ന ശ്രീലങ്കന്‍ കാര്‍ഷിക രംഗം തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു ആ തീരുമാനം. രാജ്യം ജൈവ കൃഷിയിലേക്കു മാറാന്‍ തീരുമാനിച്ചുവെന്നതായിരുന്നു പൊടുന്നനേയുള്ള പ്രഖ്യാപനം. അതിനെ തുടര്‍ന്ന് രാസവളങ്ങളും രാസകീടനാശിനികളും കളനാശിനികളും നിരോധിച്ചു. ഇവയുടെ ഇറക്കുമതി പൂര്‍ണമായി തടഞ്ഞു. ഓര്‍ഗാനിക് കൃഷി സമ്പൂര്‍ണമായി നടപ്പാക്കിയ രാജ്യമെന്ന ഖ്യാതി നേടലായിരുന്നു ലക്ഷ്യം. എന്നാല്‍ ദീര്‍ഘ കാലത്തെ തയ്യാറെടുപ്പോടെ നടപ്പാക്കേണ്ട പരിഷ്‌കാരമാണതെന്ന് നിരവധി വിദഗ്ധര്‍ ഉപദേശിച്ചു നോക്കി. രജപക്‌സേ ചെവികൊണ്ടില്ല. ഒറ്റയടിക്ക് നടപ്പാക്കിയാല്‍ വിപരീത ഫലമുണ്ടാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവരെന്ന് ആക്ഷേപിച്ച് അവരെ നിശ്ശബ്ദമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തമിഴ് വേട്ടയുടെ അപഖ്യാതിയില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ലാത്ത ദ്വീപ് രാഷ്ട്രത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കൃഷി ഭൂമിയില്‍ പരിഷ്‌കരണത്തിന്റെ വിത്തിടുമെന്ന തീരുമാനത്തില്‍ രജപക്‌സേ ഉറച്ച് നിന്നു. വലിയ പരിസ്ഥിതി സംരക്ഷണവാദിയും പ്രകൃതി സ്‌നേഹിയുമായി അദ്ദേഹം സ്വയം ഉദ്‌ഘോഷിക്കുകയായിരുന്നു. ഒടുവില്‍ നാണ്യ വിളകളുടെയടക്കം ഉത്പാദനം കുത്തനെ ഇടിഞ്ഞു. കൃഷിയിടങ്ങള്‍ മുഴുവന്‍ കളകേറി മുടിഞ്ഞു. ഭക്ഷ്യ പ്രതിസന്ധി വരാന്‍ പോകുന്നുവെന്ന അഭ്യൂഹം കമ്പോളത്തില്‍ ഭയാനകമായ വാങ്ങലിനും പൂഴ്ത്തിവെപ്പിനും അമിത വിലയീടാക്കലിനും കാരണമായി.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാര്യങ്ങള്‍ നേരേയാക്കാമെന്നായിരുന്നു രജപ്കസേ സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. അത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി എല്ലാ വിലനിയന്ത്രണങ്ങളും എടുത്തു കളയുകയെന്ന വിഡ്ഢിത്തവും അരങ്ങേറി. പൂഴ്ത്തി വെപ്പ് തടയാന്‍ സൈന്യത്തെ ഇറക്കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഈ തലതിരിഞ്ഞ നയം പുറത്തെടുത്തത്. വില കുതിച്ചുയരുമ്പോള്‍ എല്ലാ വ്യാപാരികളും വസ്തുക്കള്‍ വില്‍പ്പനക്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. ഇതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമായി. ഇനിയും വിലയേറുമെന്ന് കരുതി വ്യാപാരികള്‍ സാധനങ്ങള്‍ പുറത്തെടുക്കാതെ വെച്ചു. മുന്‍ പട്ടാള മേജര്‍ നിവുന്‍ ഹെല്ലയെ അവശ്യ സേവനങ്ങളുടെ കമ്മീഷണറായി നിയമിച്ചിരുന്നു. മൊത്ത-ചില്ലറ കച്ചവടക്കാരില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. സ്വകാര്യ ഇറക്കുമതിക്കാരുടെ പൂഴ്ത്തിവെപ്പുകൊണ്ടാണ് ആവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നതെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഏത് പ്രതിസന്ധികളെയും നേരിടുന്നതിന് രാജപക്‌സേ സഹോദരന്മാര്‍ (പ്രധാനമന്ത്രി മഹീന്ദാ രജപക്‌സേ, പ്രസിഡന്റ് ഗോതബയ രജപക്‌സേ, ധനമന്ത്രി ബേസില്‍ രജപക്‌സേ) പട്ടാളത്തെയാണ് ഉപയോഗിക്കുന്നത്. സിവിലിയന്‍ ഉദ്യോഗസ്ഥരിലോ രാഷ്ട്രീയ നേതൃത്വത്തിലോ അവര്‍ക്ക് വിശ്വാസമില്ല.

നോട്ടു നിരോധനം പോലെ വീണ്ടുവിചാരമില്ലാത്ത സാമ്പത്തിക പരിഷ്‌കാരം പൊടുന്നനെ കൊണ്ടുവരുകയെന്ന പരമാബദ്ധം അരങ്ങേറിയ ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ ശ്രീലങ്കയില്‍ എന്താണ് സംഭവിച്ചത് എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഇന്ത്യയില്‍ പൊതു മേഖലാ ആസ്തികള്‍ ഒന്നൊന്നായി വിറ്റഴിക്കുകയാണല്ലോ. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നിയമ നിര്‍മാണത്തില്‍ കടിച്ചു തൂങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉജ്ജ്വല സമരത്തിന് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ആ നയം തിരിച്ചു കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മോദി സര്‍ക്കാറിനെ നയിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് അടിസ്ഥാനപരമായി ശ്രീലങ്കന്‍ ഭരണം കൈയാളുന്ന പാര്‍ട്ടിക്കുമുള്ളത്. കടുത്ത തീരുമാനങ്ങള്‍ ഒരു കൂടിയാലോചനയുമില്ലാതെ പൊടുന്നനെ എടുക്കുന്നതാണ് വലിയ മിടുക്കെന്ന് കരുതുന്നവരാണ് നരേന്ദ്ര മോദിയും രജപക്‌സേമാരും. സൈന്യത്തിന്റെ അപ്രമാദിത്വത്തിലാണ് താത്പര്യം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗത്തിലും ഇരു കൂട്ടരും വിശ്വസിക്കുന്നു. വൈകാരികത ഇളക്കിവിടലാണ് രാഷ്ട്രീയ തന്ത്രം. ഇന്ത്യ അമേരിക്കന്‍ മൂലധനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ശ്രീലങ്ക ചൈനീസ് സൗഹൃദത്തിലാണ് ആശ്രയം തേടുന്നത്.

ദ്വീപ് രാഷ്ട്രത്തിലും ഇന്ത്യയിലും ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ്. ഇവിടെ രാമനാണെങ്കില്‍ അവിടെ രാവണനാണ് വിദ്വേഷത്തിന്റെ ഐക്കണ്‍. ഇവിടെ താമരയാണെങ്കില്‍ അവിടെ താമരമൊട്ടാണ്. രാവണ വിഗ്രഹത്തില്‍ രക്തമുദ്ര ചാര്‍ത്തിയാണ് രജപക്‌സേയുടെ ‘പൊതുജന പൊരുമുന പാര്‍ട്ടി’യുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. താമരമൊട്ടാണ് പാര്‍ട്ടിയുടെ ചിഹ്നം. ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തെ മുഴുവന്‍ നിരാകരിച്ച് സമ്പൂര്‍ണ സിംഹളവത്കരണത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് രജപക്‌സേമാര്‍. വേലുപ്പിള്ള പ്രഭാകരനെ വകവരുത്താനിറങ്ങിയപ്പോള്‍ പട്ടാളം കൊന്നു തള്ളിയ മനുഷ്യരുടെ ചോര ഇന്നും രജപക്‌സേ സഹോദരന്മാരുടെ കൈകളിലുണ്ട്. ലോകത്തെ എല്ലാ സമാധാന കാംക്ഷികളും ആ ചോര കാണുന്നുണ്ട്. സൈനിക നടപടിക്കിടെ ‘കൊളാറ്ററല്‍ ഡാമേജ്’ സ്വാഭാവികമാണെന്നാണ് രജപക്‌സേ പറയുന്നത്. സമാനമായ വാക്കുകള്‍ ഉച്ചരിച്ചയാളാണല്ലോ ഇന്ത്യയില്‍ രണ്ടാമതും പ്രധാനമന്ത്രിയായത്. ഗുജറാത്ത് വംശഹത്യയില്‍ മരിച്ചു വീണ മുസ്ലിംകള്‍, ‘കാറോടിച്ച് പോകുമ്പോള്‍ ചക്രത്തിനടിയില്‍ പെടുന്ന പട്ടിക്കുഞ്ഞുങ്ങള്‍’ മാത്രമായിരുന്നുവല്ലോ മോദിക്ക്. ഇന്ത്യയിലെ സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് ആശയാടിത്തറ സ്വീകരിക്കുന്ന ബുദ്ധ തീവ്രവാദി സംഘടനയായ ബോധു ബല സേന രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗോതബയ രജപക്‌സേ.

ഈ രാഷ്ട്രീയ സമാനതകള്‍ സാമ്പത്തിക നയത്തിലും ആവര്‍ത്തിക്കുന്നതിന്റെ ദുരന്തമാണ് ദ്വീപ് രാഷ്ട്രം ഇപ്പോള്‍ അനുഭവിക്കുന്നത്. ശ്രീലങ്കയുടെ ബഹുസ്വര പോളിറ്റിയിലേക്ക് കടത്തിവിട്ട സിംഹള തീവ്രദേശീയതയെ രാഷ്ട്രീയമായി പരാജയപ്പെടുത്തുക മാത്രമായിരിക്കും ആ രാജ്യം ഇന്നനുഭവിക്കുന്ന കെടുതികളുടെ യഥാര്‍ഥ പരിഹാരം.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്