Editorial
ശ്രീലങ്കന്‍ ഭീകരാക്രമണവും ബ്രിട്ടീഷ് ചാനല്‍ റിപോര്‍ട്ടും
രജപക്‌സെ സഹോദരന്മാര്‍ക്കനുകൂലമായി ശ്രീലങ്കയില്‍ രാഷ്ട്രീയ മാറ്റമുണ്ടാക്കാന്‍ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നു 2019ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനമെന്നും ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ജനറല്‍ സുരേഷ് സല്ലായടക്കം ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്.

മുസ്‌ലിം വിരുദ്ധരുടെ ഭാഷ്യം കടമെടുത്താല്‍, “ഇസ്‌ലാം ഭീകരത’യുടെ ഭാഗമാണ് 2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണമെന്നാണ് ഇന്നോളം പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഈ ധാരണയെ തിരുത്തുന്നതാണ് ചാനല്‍-4 എന്ന ബ്രിട്ടന്‍ ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത “ശ്രീലങ്കാസ് ഈസ്റ്റര്‍ ബോംബിംഗ്‌സ്-ഡിസ്പാച്ചസ്’ എന്ന ഡോക്യുമെന്ററി. രജപക്‌സെ സഹോദരന്മാര്‍ക്കനുകൂലമായി ശ്രീലങ്കയില്‍ രാഷ്ട്രീയ മാറ്റമുണ്ടാക്കാന്‍ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നു സ്‌ഫോടനമെന്നും ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ജനറല്‍ സുരേഷ് സല്ലായടക്കം ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ഈ “ഭീകരാക്രമണം’ 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രജപക്‌സെമാര്‍ക്ക് അനുകൂലമാക്കിയെന്നും തുടര്‍ന്ന് പറയുന്നു.
ബ്രിട്ടീഷ് ചാനലിന്റെ വെളിപ്പെടുത്തലിലെ വസ്തുതകളെ കുറിച്ച് അന്വേഷിക്കാന്‍ ശ്രീലങ്കയിലെ റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി അധ്യക്ഷനായ അന്വേഷണസമിതി, പാര്‍ലിമെന്ററി സമിതി എന്നിവ രൂപവത്കരിക്കുമെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞു. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും അരങ്ങേറിയ സ്‌ഫോടന പരമ്പരകളില്‍ 11 ഇന്ത്യക്കാരടക്കം 350ലേറെ പേര്‍ മരിക്കുകയും 500ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളിയില്‍ ക്രിസ്ത്യന്‍ തീവ്രവാദി നടത്തിയ കൂട്ടക്കൊലക്ക് പ്രതികാരമാണ് ആക്രമണമെന്നും ഐസിസുമായി ബന്ധമുള്ള ശ്രീലങ്കയിലെ നാഷനല്‍ തൗഹീദ് ജമാഅത്ത് ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നുമാണ് ആരോപിക്കപ്പെട്ടിരുന്നത്. ഈ ആരോപണത്തെ നിരാകരിക്കുന്നതാണ് ചാനല്‍-4ന്റെ അന്വേഷണാത്മക റിപോര്‍ട്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കാറുണ്ട് ഇത്തരം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണങ്ങള്‍. അധികാരത്തിലിരിക്കുന്ന സര്‍ക്കാറുകള്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുമ്പോഴും, തിരഞ്ഞെടുപ്പുകളില്‍ ജനവികാരം അനുകൂലമാക്കാനും പലപ്പോഴും ഇത് പരീക്ഷിക്കപ്പെടാറുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന്റെ പിന്നില്‍ മിക്കപ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളാണെന്നാണ് പറയപ്പെടുന്നത്. 2001ലെ ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന് അക്കാലത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായ ആര്‍ വി എസ് മണി തന്നെ വെളിപ്പെടുത്തിയതാണല്ലോ. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയി, നന്ദിതാ ഹക്സര്‍ തുടങ്ങിയവരും സാഹചര്യത്തെളിവുകളുദ്ധരിച്ച് ചൂണ്ടിക്കാട്ടിയതാണ് പാര്‍ലിമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന്. ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐയെ സഹായിച്ച പ്രമുഖ ഐ പി എസ് ഓഫീസര്‍ സതീഷ് വര്‍മയെ ഉദ്ധരിച്ചാണ് മണി ഇത് വെളിപ്പെടുത്തിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ അലൂമിനിയം പെട്ടികളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട് വാജ്പയ് സര്‍ക്കാറിനെതിരെ ഗുരുതരമായ അഴിമതിയാരോപണം (ശവപ്പെട്ടി കുംഭകോണം) നേരിടുന്ന ഘട്ടത്തിലാണ് പാര്‍ലിമെന്റ് ആക്രമണം നടന്നത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ 2001ല്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഒരു കോടി 47 ലക്ഷം രൂപയുടെ അഴിമതിയാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്നും ദുരൂഹതകള്‍ നീങ്ങാത്ത സംഭവമാണ് പാര്‍ലിമെന്റ് ആക്രമണം. സഭ സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്തായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച വെള്ള കാറില്‍ ബെല്‍റ്റ് ബോംബടക്കമുള്ള മാരകായുധങ്ങള്‍ ധരിച്ച അഞ്ച് പേര്‍ പാര്‍ലിമെന്റ് കവാടം കടന്നെത്തിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇതു സംബന്ധിച്ച് അധികൃത കേന്ദ്രങ്ങളുടെ വിശദീകരണം. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധനക്ക് അത്യന്താധുനിക സജ്ജീകരണങ്ങളുള്ള പാര്‍ലിമെന്റ് വളപ്പിന്റെ പ്രധാന കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാനായി എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. പാര്‍ലിമെന്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംഭവം നടക്കുന്നതിന്റെ മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അഡ്വാനി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ക്കും പോലീസിനും എന്തുകൊണ്ട് ഭീകരരെ കണ്ടെത്താനും തടയാനുമായില്ലെന്ന ചോദ്യത്തിനും ഉത്തരമില്ല.
പുല്‍വാമ ഭീകരാക്രമണത്തിലുമുണ്ട് ദുരൂഹത. 100 കിലോഗ്രാം സ്ഫോടക വസ്തുക്കളുമായി കാറില്‍ എത്തിയ പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് എന്ന ചാവേറാണ് 50ഓളം സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചതുപോലെ ഉയര്‍ന്ന സുരക്ഷയുള്ള ഒരു പ്രദേശത്ത് ചാവേറായ ആദിലിന് ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തിക്കാനായി? സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് സാധിക്കുമോ? കശ്മീര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ദേവീന്ദര്‍ സിംഗ് 2020 ജനുവരി 11ന് നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനിലെ ഭീകരര്‍ക്കൊപ്പം പിടിയിലായത് വലിയ ചര്‍ച്ചയായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുല്‍വാമ ആക്രമണവും ബാലാകോട്ട് പാക് സൈന്യത്തിനു നേരേ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കിയുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് പ്രതിപക്ഷത്ത് നിന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയത്തിന് പുല്‍വാമയും ബാലാകോട്ടും വലിയ തോതില്‍ സഹായകമായിട്ടുണ്ടെന്നതും വസ്തുതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങി ചെല്ലുമ്പോള്‍ ഭരണകൂട ഭീകരതയുടെ കഥകള്‍ പുറത്തുവരാനുണ്ടാകും.