Connect with us

Articles

ശ്രീലങ്ക: സര്‍വാധിപത്യത്തില്‍ നിന്ന് സങ്കീര്‍ണതകളിലേക്ക്

കുടുംബാധിപത്യവും സര്‍വാധിപത്യവും എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലെയും അതിന്റെ ഭരണാധികാരികളെയും സര്‍ക്കാറുകളെയും സംരക്ഷിക്കണമെന്നില്ല. ശ്രീലങ്കയില്‍ രജപക്സേ കുടുംബത്തിനെതിരായി അവിടുത്തെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലാണിപ്പോള്‍.

Published

|

Last Updated

1948 ഫെബ്രുവരി നാലിനാണ് ശ്രീലങ്ക ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. ലോക ഭൂപടത്തില്‍ ഇന്ത്യയുടെ തൊട്ടുതാഴെ കണ്ണുനീര്‍കണത്തിന്റെ ആകൃതിയില്‍ കാണപ്പെട്ടതിനാല്‍ ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ ശ്രീലങ്ക അറിയപ്പെടുന്നു. ശ്രീലങ്ക ഒരു അവികസിത രാഷ്ട്രമാണ്. പൊതുവെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളതും. കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ഫെബ്രുവരിയില്‍ 15.1 ശതമാനമായി നാണ്യപ്പെരുപ്പം ഉയര്‍ന്നു. ആ സമയത്തു തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 25.7 ശതമാനമായി ഉയരുകയും ചെയ്തു. പൊതുവെ സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുകയായിരുന്നു. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30 ശതമാനം കുറഞ്ഞു. 400 ഗ്രാം പാല്‍പ്പൊടിക്ക് 250 ശ്രീലങ്കന്‍ രൂപയാണ് വര്‍ധിച്ചത്. ഒരു കപ്പ് ചായക്ക് 100 രൂപയാണ് അവിടുത്തെ റസ്റ്റോറന്റുകള്‍ വില നിശ്ചയിച്ചത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിലക്കയറ്റത്തിനെതിരെയുള്ള പൊതുജന പ്രതിഷേധം ശ്രീലങ്കയില്‍ ശക്തമായി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മാര്‍ച്ച് ഏഴിന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരത്തില്‍ പ്രകടനം നടത്തിയത്. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്സേ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പ്രതിസന്ധിക്ക് കാരണം രജപക്സേ ഭരണകൂടമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. പ്രസിഡന്റിന്റെ ഓഫീസിന് മുന്നിലും പ്രതിഷേധം ശക്തമാണ്.

വിദേശ നാണയം ലഭ്യമല്ലാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നതോടു കൂടിയാണ് ശ്രീലങ്കയില്‍ ക്ഷാമം വീണ്ടും രൂക്ഷമായത്. പെട്രോളും ഡീസലും വാങ്ങാന്‍ പമ്പുകള്‍ക്കു മുമ്പില്‍ ജനങ്ങളുടെ നീണ്ട നിര എങ്ങും കാണാം. നിലവില്‍ പെട്രോള്‍ ലിറ്ററിന് 254 ശ്രീലങ്കന്‍ രൂപയും ഡീസലിന് 214 രൂപയുമാണ് വില. രാജ്യത്തൊട്ടാകെ പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വളരെ രൂക്ഷമായ വിദേശ നാണയ ദൗര്‍ലഭ്യം പരിഹരിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം ശ്രീലങ്കയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. പെട്രോളിനായി ക്യൂ നിന്ന ആളുകള്‍ മരിച്ചുവീഴുന്ന സ്ഥിതിയായതോടെ പമ്പുകളിലും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മുമ്പിലും സര്‍ക്കാര്‍ സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്. പെട്രോള്‍ പമ്പില്‍ ക്യൂ നിന്ന നാല് പേര്‍ വീണു മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാന്‍ അയല്‍രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിനായി രംഗത്തെത്തിയിരിക്കുന്നത്. നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായമാണ് ഇന്ത്യ ശ്രീലങ്കക്ക് നല്‍കുന്നത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി ബേസില്‍ രജപക്സേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ഡല്‍ഹിയിലെത്തിയ രജപക്സേ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശ നാണ്യശേഖരം ഇടിഞ്ഞതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയെ സഹായിക്കാന്‍ മറ്റ് ചില രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ശ്രീലങ്കക്ക് 250 കോടി ഡോളറിന്റെ വായ്പ നല്‍കുന്നത് സജീവ പരിഗണനയിലാണെന്ന് ചൈനീസ് ഭരണകൂടം ഇതിനകം അറിയിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക സഹായം കൊണ്ട് മാത്രം ശ്രീലങ്കക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കഴിയുന്ന എല്ലാ രാജ്യങ്ങളുടെയും നിര്‍ലോഭമായ സഹായം കൊണ്ട് മാത്രമേ വലിയ തകര്‍ച്ചയെ നേരിടുന്ന ശ്രീലങ്കക്ക് അതില്‍ നിന്ന് പുറത്തുവരാന്‍ സാധിക്കുകയുള്ളൂ. ടൂറിസമാണ് ശ്രീലങ്കക്ക് പ്രധാന വരുമാനം നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മേഖലയിലുണ്ടായ തകര്‍ച്ച രാജ്യത്തെ സമ്പദ് ഘടനയെ ശരിക്കും ബാധിച്ചിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. കൊവിഡിന്റെ മറവില്‍ ഭരണകൂടത്തിന് വേണ്ടപ്പെട്ട വ്യവസായികള്‍ക്കും സമൂഹത്തിലെ പ്രമാണിമാര്‍ക്കും മറ്റും നല്‍കിയ ടാക്സ് ഇളവുകളും ഈ സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണമാണ്. രൂക്ഷമായ വിലയക്കയറ്റവും അത്യാവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും മൂലം ശ്രീലങ്കയില്‍ നിന്ന് ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി കുടിയേറി പാര്‍ത്ത് തുടങ്ങിയിരിക്കുന്നു. ഭക്ഷ്യ-ഇന്ധന പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ജീവിതമാര്‍ഗം തേടി പലരും ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്നുണ്ട്.

അനിയന്ത്രിത കടമെടുപ്പും രാജ്യത്തെ പ്രശ്നങ്ങള്‍ വഷളാക്കി. ചൈനയില്‍ നിന്നുള്ള വലിയ കടങ്ങള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പഞ്ചസാര, ധാന്യങ്ങള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ തുടങ്ങിയവ പോലും ഇറക്കുമതി ചെയ്യുകയാണിവിടെ.

ശ്രീലങ്ക എന്നും രാഷ്ട്രീയ പ്രശ്നങ്ങള്‍ സജീവമായി നിലനിന്നിരുന്ന ഒരു രാജ്യമാണ്. എല്‍ ടി ടി ഇക്ക് എതിരായ വിദേശ ശക്തികളുടെ സഹായത്തോടെയുള്ള ശ്രീലങ്കന്‍ പട്ടാളത്തിന്റെ ശക്തമായ കടന്നാക്രമണങ്ങളും കൂട്ടക്കുരുതികളും രാജ്യത്തുണ്ടായി. ആയിരങ്ങളാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷമായ തമിഴ് വംശജരെ നിഷ്‌കരുണവും മനുഷ്യത്വരഹിതവുമായി നേരിട്ടുകൊണ്ടാണ് സിംഹള ഭരണകൂടം മുന്നോട്ടു പോയതും.

കുടുംബാധിപത്യവും സര്‍വാധിപത്യവും എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലെയും അതിന്റെ ഭരണാധികാരികളെയും സര്‍ക്കാറുകളെയും സംരക്ഷിക്കണമെന്നില്ല. ശ്രീലങ്കയില്‍ രജപക്സേ കുടുംബാംഗത്തിനെതിരായി അവിടുത്തെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലാണിപ്പോള്‍. ഒരു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കേണ്ടത് ആ രാജ്യത്തിന്റെ ജനങ്ങളും അവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തന്നെയാണ്. ശ്രീലങ്കയില്‍ രാഷ്ട്രീയമാറ്റം വേണമെന്ന അവിടുത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം നേടിയെടുക്കണമെങ്കില്‍ അതിനുള്ള കരുത്ത് ഇക്കൂട്ടര്‍ക്ക് ഉണ്ടായേ മതിയാകൂ. എന്തായാലും ശ്രീലങ്കന്‍ രാഷ്ട്രീയം വളരെ സങ്കീര്‍ണമാകുകയാണ്. ഇന്ത്യക്ക് തൊട്ടടുത്തുള്ള രാജ്യമെന്ന നിലയില്‍ നമ്മുടെ രാജ്യത്തെ ജനതക്ക് ശ്രീലങ്കയിലെ സംഭവ വികാസങ്ങളില്‍ സ്വാഭാവികമായും വലിയ ശ്രദ്ധയും ആശങ്കയും ഉണ്ടാകുക സ്വാഭാവികമാണ്. എന്തായാലും ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആ രാജ്യത്തിന് കഴിയുമെന്ന് തന്നെ കരുതാം. തൊട്ടടുത്ത സുഹൃത്ത് രാജ്യമെന്ന നിലയില്‍ കഴിയുന്ന എല്ലാ സഹായവും എല്ലാ നിലയിലും നമ്മുടെ രാജ്യവും ജനതയും ശ്രീലങ്കക്ക് നല്‍കുകയും വേണം.

ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ക്ക് ഒരു പാഠമാണ്. ന്യൂനപക്ഷ-വംശീയ വിദ്വേഷവും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ഏത് ഭരണാധികാരികള്‍ക്കും ഭാവിയില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ശ്രീലങ്കയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428