Kerala
ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം
ശ്രീജിത്തിന്റെ 'പെന്‍ഗ്വിനുകളുടെ വന്‍കരയില്‍' എന്ന നോവലാണ് പുരസ്‌കാരം നേടിയത്.

ന്യൂഡല്‍ഹി | 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അര്‍ഹനായി. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
ശ്രീജിത്തിന്റെ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന നോവലാണ് മലയാളത്തില്‍ നിന്നും പുരസ്‌കാരം നേടിയത്. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ഗ്രേസി ജോസഫ്, ഡോ. പി കെ കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.
കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ അര്‍ഹമായിരുന്നു.
നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ് ശ്രീജിത്ത് മൂത്തേടത്ത്. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.