Connect with us

Kerala

മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും സ്പോട്ട് ഫൈൻ; നിയമലംഘകരെ പൂട്ടാൻ തദ്ദേശവകുപ്പ് 

സ്‌പെഷ്യൽ സ്ക്വാഡുകൾ രംഗത്തിറങ്ങും നവമാധ്യമങ്ങളിലൂടെ പരാതി നൽകാം

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമമായി നടപ്പാക്കാനും നിയമലംഘകർക്കെതിരെ കടുത്ത നടപടിയെടുക്കാനും തദ്ദേശ വകുപ്പ് ഒരുങ്ങുന്നു. മാലിന്യ സംസ്‌കരണത്തിനായി സമഗ്ര നിയമ നിർമാണവും ചട്ട ഭേദഗതികളും കൊണ്ടുവരുന്നതിന് മുന്നോടിയായാണ് നിലവിലുള്ള നിയമ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.

മാലിന്യ സംസ്‌കരണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കാണ് കൂടുതൽ അധികാരങ്ങളും ചുമതലകളുമുള്ളതെങ്കിലും ഇവ കാര്യമായി നടപ്പാക്കാൻ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് മാലിന്യമുക്ത സംസ്ഥാനത്തിനായി നിർണായക ചുവടുവെപ്പുകളുമായി തദ്ദേശവകുപ്പ് മുന്നോട്ട് വരുന്നത്. പൊതുസ്ഥലം, തെരുവ്, ജലസ്രോതസ്സ്, റോഡുകൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള കാര്യങ്ങളിൽ കർശന നടപടിയെടുക്കും. എല്ലാ ജില്ലകളിലും പ്രത്യേക പരാതി പരിഹാര സെല്ലുകൾ രൂപവത്കരിക്കും. ജില്ലാ ശുചിത്വമിഷൻ ഓഫീസർ നോഡൽ ഓഫീസറായാണ് പരാതി പരിഹാര സെല്ലുകൾ രൂപവത്കരിക്കുക.

മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ ആർക്കും പരാതി നൽകാം. ഉടനടി പരിശോധന നടത്തി ബന്ധപ്പെട്ട പരാതിക്കാരന് രണ്ടാഴ്ചക്കകം മുറുപടി നൽകാനാണ് സംവിധാനമൊരുക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നേരത്തേ നിർദേശിക്കപ്പെട്ട പ്രത്യേക ജില്ലാതല എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് പരാതി പരിഹാരത്തിനായി രംഗത്തിറങ്ങും.

രണ്ട് മാസത്തിനകം ഇതിന്റെ പ്രവർത്തനം തുടങ്ങും. തദ്ദേശസ്ഥാപനം, പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവയുടെ ഓരോ പ്രതിനിധികളുള്ള 23 എൻഫോഴ്‌സ്‌മെൻ്റ് ടീമുകളാണ് എല്ലാ ജില്ലകളിലും രൂപവത്കരിക്കുന്നത്. ഇതിനുള്ള നിർദേശം സർക്കാർ നേരത്തേ നൽകിയിരുന്നെങ്കിലും ഇവർക്കുള്ള വാഹനം, അലവൻസ് എന്നിവ നൽകുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് സ്‌ക്വാഡുകൾ പ്രാബല്യത്തിൽ വരുന്നതിന് തടസ്സമായി നിന്നത്. ഇതെല്ലാം ഉടൻ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ സ്പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡുകൾ സ്വീകരിക്കും.

മാലിന്യം പൊതുനിരത്തിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിക്കുന്നവർക്കെതിരെയും ശുചിമുറി മാലിന്യം, മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ തുടങ്ങിയവ ജലസ്രോതസ്സുകളിലേക്ക് തുറന്നുവെച്ചവർക്കെതിരെയും നടപടി സ്വീകരിക്കും. അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിക്കാനോ പാടില്ല. ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടായാലും നടപടിയെടുക്കും.