Connect with us

Prathivaram

പൈതൃക നഗരിയുടെ സങ്കടങ്ങൾ

ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് ആകെ റൺവേയിലുള്ളത്. ദുബൈയിലേതിൽ നിന്നും തീർത്തും വ്യത്യസ്തമായ കാഴ്ച. ആളും തരവും മാറുമ്പോൾ അനുഭൂതികളും മാറുന്നു. ചിലർക്ക് സുഖസമൃദ്ധി. മറ്റു ചിലർക്ക് പ്രാരാബ്ധങ്ങൾ. ആഡംബരമാണ് ദുബൈയുടെ സവിശേഷത. അതേസമയം ബഗ്ദാദ് ഇല്ലായ്മയുടെ പ്രതീകവും.

Published

|

Last Updated

ഇറാഖീ സമയം ഏതാണ്ട് രാത്രി ഏഴരക്കാണ് ഞങ്ങൾ ബഗ്ദാദിന്റെ വിരിമാറിൽ പറന്നിറങ്ങുന്നത്. ഒരു കൊച്ചു എയർപോർട്ടാണത്. കണ്ടതിൽ വെച്ച് ഏറ്റവും തിരക്ക് കുറഞ്ഞതെന്ന് പറയാം. ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് ആകെ റൺവേയിലുള്ളത്. ദുബൈയിലേതിൽ നിന്നും തീർത്തും വ്യത്യസ്തമായ കാഴ്ച. മനുഷ്യന്റെ ജീവിതം പോലെയാണല്ലോ അവൻ വസിക്കുന്ന നാടുകളുടെ അവസ്ഥയും. ആളും തരവും മാറുമ്പോൾ അനുഭൂതികളും മാറുന്നു. ചിലർക്ക് സുഖസമൃദ്ധി. മറ്റു ചിലർക്ക് പ്രാരാബ്ധങ്ങൾ. ആഡംബരമാണ് ദുബൈയുടെ സവിശേഷത. അതേസമയം ബഗ്ദാദ് ഇല്ലായ്മയുടെ പ്രതീകവും.

ദുബൈയിൽ നിന്ന് പറന്നുയർന്നപ്പോൾ തന്നെ അക്കാര്യം ബോധ്യമായിരുന്നു. വിമാനത്തിൽ ആളുകൾ നന്നേ കുറവാണ്. ഞങ്ങൾ നാൽപ്പത്തിരണ്ട് പേർ കഴിഞ്ഞാൽ പിന്നെ സഞ്ചാരികൾ അധികമില്ല. ഇരിപ്പിടങ്ങൾ പലതും ഒഴിവാണ്.

ചെന്നൈക്കാരനാണ് സഹയാത്രികരിൽ ഒരാൾ. ബഗ്ദാദിലെ പെട്രോളിയം കമ്പനിയിലാണ് ജോലി. നല്ല ശമ്പളമുണ്ട്. പക്ഷേ, കമ്പനിയിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ഇല്ലാത്തതിനാൽ അയാൾക്ക് നഗരത്തിലെ സന്ദർശന കേന്ദ്രങ്ങൾ ഇതുവരെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.
മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. പേര് മുബശ്ശിർ. യുവസഞ്ചാരിയാണ്. ഒരു മാസത്തേക്കാണ് അവന്റെ സന്ദർശന കാലാവധി. ഏതാനും സുഹൃത്തുക്കൾ ഇവിടെയുണ്ട്. സിയാറത്ത് തന്നെയാണ് ആഗമനോദ്ദേശ്യം. ഓരോ വിശുദ്ധ കേന്ദ്രങ്ങളിലും ദിവസങ്ങൾ ചെലവഴിച്ചുള്ള പര്യടനമാണ്. യുവത്വം ആത്മീയ വഴിയിൽ വിനിയോഗിക്കാൻ തീരുമാനിച്ച അവനെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. എല്ലാം മാറ്റിവെച്ച് മഹാന്മാരുടെ മണ്ണിൽ അങ്ങനെ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന ആഗ്രഹം മനസ്സിനെ മഥിച്ചു.

ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ സഹോദര പുത്രൻ ഇ കെ മുഹമ്മദ് ദാരിമിയെയാണ് അപ്പോൾ ഓർമ വന്നത്. ഖാദിരീ ആത്മീയ സരണിയിലെ ഗുരുവും മുഹ്‌യിദ്ദീൻ മാലയുടെ അറബി വിവർത്തകനുമാണ് അദ്ദേഹം. മാസങ്ങളോളം ഇറാഖിലെ പൈതൃക ശേഷിപ്പുകൾ തേടി ചുറ്റിക്കറങ്ങിയിട്ടുണ്ട് ദാരിമി ഉസ്താദ്. ഒരിക്കൽ അദ്ദേഹം പങ്കുവെച്ച അനുഭവം ഇങ്ങനെയായിരുന്നു. “തങ്ങളേ, രണ്ട് ലക്ഷം ഇന്ത്യൻ രൂപ ഞാൻ ഇറാഖിലെ ടാക്സി ഡ്രൈവർമാർക്ക് കൊടുത്തിട്ടുണ്ട്. എന്നിട്ടും ഇറാഖിലെ മഖ്ബറകൾ സിയാറത്ത് ചെയ്ത് തീർക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത്രയും മഹാന്മാർ ബഗ്ദാദിലും പരിസര നാടുകളിലുമുണ്ട്’.

വിമാനത്തിൽ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സിൽ തെളിഞ്ഞുവന്നത് വർഷങ്ങൾക്ക് മുമ്പുള്ള യാത്രയാണ്. തകർന്നു കിടക്കുകയായിരുന്നു അന്ന് ബഗ്ദാദ് ഇന്റർനാഷനൽ എയർപോർട്ട്. അങ്ങിങ്ങായി പരിശോധനക്ക് ഏതാനും ഉദ്യോഗസ്ഥർ മാത്രം. പരുഷമായ നോട്ടങ്ങളും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളും. പക്ഷേ, ഇപ്പോഴതല്ല അവസ്ഥ. എല്ലാം മാറിയിരിക്കുന്നു. ആവശ്യത്തിന് പ്രൗഢിയും പ്രതാപവും കൈവരിച്ചിരിക്കുന്നു.
രാജ്യത്തിന്റെ പ്രൗഢമായ ഇന്നലെകൾ അടയാളപ്പെടുത്തിയ ചിത്രപ്പണികൾ എയർപോർട്ടിൽ പലയിടത്തും കാണാം. വരും ദിവസങ്ങളിൽ നേരിൽ അനുഭവിക്കാനുള്ള കാഴ്ചകളിലേക്ക് അവ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. വിസാ നടപടികളും മറ്റു പരിശോധനകളും ആയാസകരമായിരുന്നു.

 

അൽപ്പ സമയത്തിനകം സീൽ പതിച്ച് ഉദ്യോഗസ്ഥർ പാസ്പോർട്ട് തിരിച്ചുതന്നു. ശേഷം ഗൈഡിനൊപ്പം പുറത്തേക്ക് നടന്നു. യാത്രക്കുള്ള ബസ് അപ്പോഴേക്കും അവിടെ എത്തിയിട്ടുണ്ട്.
രാത്രിയാണ്. നേരെ താമസ സ്ഥലത്തേക്കാണ് പോകാനുള്ളത്. ഇനി മറ്റെവിടേക്കും പോകാനാകില്ല. പത്ത് കിലോ മീറ്റർ അകലെയാണ് ഞങ്ങളുടെ ഹോട്ടൽ. ദീർഘയാത്ര കഴിഞ്ഞ് ഒരൽപ്പം വിശ്രമിക്കാമല്ലോ എന്ന ആശയോടെ എല്ലാവരും ലഗേജും ബാഗുകളുമെല്ലാം ബസിലേക്ക് വെച്ചു. പുറപ്പെടാൻ തയ്യാറെടുക്കവെ ഒരു ദുഃഖസന്ദേശം. ബസിന്റെ ലഗേജ് സൂക്ഷിച്ച ഭാഗത്തെ വാതിൽ അടയുന്നില്ല. ഓടുന്നതിനിടെ പോലീസ് പിടിച്ചാൽ വലിയ സംഖ്യ ഫൈൻ അടക്കേണ്ടി വരും. നിരാശയോടെ ഞങ്ങൾ പുറത്തിറങ്ങി. ടാക്സി കാറാണ് അടുത്ത മാർഗം.
യാത്രക്കാരെ കണ്ടതും ടാക്സി ഡ്രൈവർമാർക്ക് നല്ല ആവേശമായി. സ്വീകരിക്കാൻ അവർ ചാടിയിറങ്ങി. അൽ മുസാഫിർ ടാക്സി നെറ്റ് വർക്കിന്റെതാണ് എയർപോർട്ടിലെ എല്ലാ വാഹനങ്ങളും. കുറച്ചു വീതം ആളുകൾ അവയിൽ കയറിത്തുടങ്ങി. പുറപ്പെടാൻ ഒരുങ്ങവെ ബസ് ജീവനക്കാരൻ ഓടിവന്നു. പ്രശ്നങ്ങളെല്ലാം തീർന്നിട്ടുണ്ടത്രെ. സാധനങ്ങളെല്ലാം എടുത്ത് തിരികെ നടന്നു. നല്ല തണുപ്പുണ്ട്. മരവിക്കുന്ന തണുപ്പ്. പത്തിൽ താഴെയാണ് താപനില.

പലരും കോട്ട് ധരിക്കാൻ തുടങ്ങി. അപ്പോഴേക്കും ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു. അവിടെ നിന്നും ഹോട്ടലിലേക്ക് പുറപ്പെട്ടു. അൽ അർഷ്, അതാണ് ഹോട്ടലിന്റെ പേര്. അടുത്ത മൂന്ന് ദിവസങ്ങൾ താമസിക്കാനുള്ളത് ഇവിടെയാണ്.

റിസപ്ഷനിൽ എത്തിയതും എല്ലാവർക്കും അറിയേണ്ടത് കാന്റീൻ എവിടെയെന്നാണ്. വിശപ്പിന്റെ വിളി അത്രക്കും ശക്തമായിരുന്നു.

Latest