Connect with us

Articles

ഹേഗിൽ നിന്ന് ആശ്വാസ വാർത്തയോ?

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വ്യവഹാരങ്ങൾ ഫലസ്തീന് അനുകൂലമായ വികാരം ഉയർത്തിവിട്ടിട്ടുണ്ട്. ആ വികാരത്തിന്റെ പ്രതിഫലനം ഇസ്‌റാഈലിനകത്ത് പോലുമുണ്ട്. പ്രക്ഷോഭഭരിതമാകുന്ന ഇസ്‌റാഈൽ തെരുവുകൾ ഇതിന്റെ സാക്ഷ്യമാണ്.

Published

|

Last Updated

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യുടെ മുമ്പാകെ ഫലസ്തീൻ സംബന്ധിച്ച രണ്ട് വിഷയങ്ങളാണുള്ളത്. ഇസ്‌റാഈൽ രാഷ്ട്രവും സൈന്യവും ഫലസ്തീനിലാകെയും ഗസ്സയിൽ പ്രത്യേകിച്ചും നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്ക നൽകിയ ഹരജി. വംശഹത്യ തടയാൻ ഉടൻ വെടിനിർത്തൽ വേണമെന്നും ദീർഘകാല പരിഹാരത്തിന് ഇടപെടണമെന്നുമാണ് ഐ സി ജെയോട് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഭാഗികമായെങ്കിലും അന്താരാഷ്ട്ര കോടതി ഫലസ്തീൻ വികാരത്തിനൊപ്പം നിന്നു. 1948ലെ ജെനോസൈഡ് കൺവെൻഷൻ ഇസ്‌റാഈൽ ലംഘിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഈ നിയമത്തിന്റെ അടിസ്ഥാനം നാസികളുടെ ജൂതവേട്ടയായിരുന്നുവെന്നോർക്കണം. എത്ര ക്രൂരമായ ചരിത്രവിരുദ്ധതയാണ് ഇസ്‌റാഈൽ!
രണ്ടാമത്തേത് യു എൻ പൊതുസഭയുടെ തന്നെ നിർദേശപ്രകാരം ഐ സി ജെ നടത്തുന്ന ഹിയറിംഗാണ്. ഫലസ്തീൻ മണ്ണിൽ ഇസ്‌റാഈൽ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്ത ഫലമെന്തൊക്കെയെന്നാണ് അന്താരാഷ്ട്ര കോടതി പരിശോധിക്കുന്നത്. ഒന്നാമത്തേത് അടിയന്തര സ്വഭാവമുള്ളതാണെങ്കിൽ രണ്ടാമത്തേത് ദീർഘമായ ചർച്ചയും വാദപ്രതിവാദവും ആവശ്യമുള്ളതും വിശകലന സ്വഭാവത്തിലുള്ളതുമാകുന്നു. ഈ രണ്ട് വിഷയങ്ങളും ഒരു വ്യക്തിക്കെതിരെയുള്ളതല്ല. മറിച്ച് ഇസ്‌റാഈൽ എന്ന രാഷ്ട്രമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. രാഷ്ട്രങ്ങൾ വാദിസ്ഥാനത്തും പ്രതിസ്ഥാനത്തും നിൽക്കുന്ന വിഷയങ്ങൾ മാത്രമാണ് ഐ സി ജെയുടെ മുമ്പിൽ വരിക. വ്യക്തികളാണ് പ്രതിസ്ഥാനത്തെങ്കിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് കൈകാര്യം ചെയ്യുക.

ഈ രണ്ട് കോടതികൾക്കും യു എൻ അംഗരാജ്യങ്ങളുടെ പിന്തുണയുണ്ട്. ഈ കോടതികൾ രൂപവത്കരിക്കുന്നതിലേക്ക് നയിച്ച ചാർട്ടറിൽ ഒപ്പുവെച്ച രാജ്യങ്ങളുടെ പിൻബലവുമുണ്ട് അവക്ക്. ഇസ്‌റാഈൽ ഈ ചാർട്ടറിൽ ഒപ്പുവെച്ച രാജ്യമാണ്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി 1945ൽ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ഭാഗമായി സ്ഥാപിച്ച ജുഡീഷ്യൽ സംവിധാനമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. ഐ സി ജെയുടെ സൃഷ്ടിയും സ്ഥാപനവും യു എൻ ചാർട്ടറിന്റെ 14ാം അധ്യായത്തിലാണ് പരാമർശിച്ചിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും വെറും കടലാസ് പുലിയായി നിൽക്കാനേ ഇരു കോടതികൾക്കും സാധിക്കൂ. ഉഗ്രൻ ഉത്തരവിടാം. നടപ്പാകുമെന്ന് ഒരുറപ്പുമില്ല. പരിമിതമായെങ്കിലും നടപ്പാക്കിക്കിട്ടണമെങ്കിൽ യു എൻ രക്ഷാസമിതിയുടെ സഹായം വേണം. സ്വന്തം തീരുമാനങ്ങൾ നടപ്പാക്കിയെടുക്കാനുള്ള സൈനിക ശക്തിയോ രാഷ്ട്രീയ പിൻബലമോ ഇല്ലാത്ത രക്ഷാസമിതിക്ക് എങ്ങനെയാണ് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് നടപ്പാക്കാനാകുക. വീറ്റോ രാജ്യങ്ങളുടെ കാരുണ്യത്തിലാണ് യു എന്നിന്റെ മൊത്തം നടത്തിപ്പ്. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ അമേരിക്കയും കൂട്ടാളികളും കനിയണം. ഐ സി സിയുടെയും ഐ സി ജെയുടെയും തീരുമാനങ്ങൾ തങ്ങൾക്ക് ഹിതകരമല്ലെങ്കിൽ അമേരിക്കയോ മറ്റേതെങ്കിലും വീറ്റോ രാജ്യമോ എതിർത്ത് വോട്ട് ചെയ്യും. മനുഷ്യാവകാശ തത്ത്വങ്ങളുടെയും നിയമങ്ങളുടെയും നിലപാടുകളുടെയും ഇഴകീറി പരിശോധിച്ച്, ആഗോള പ്രസിദ്ധരായ 15 ന്യായാധിപർ സംയുക്തമായി പുറപ്പെടുവിച്ച വിധി അക്കാദമിക് പഠനങ്ങൾക്കുള്ള സ്റ്റഡി നോട്ടായി ഫയലിൽ കിടക്കും. അതുകൊണ്ട് ഫലസ്തീൻ വിഷയത്തിൽ ഐ സി ജെയിൽ നടക്കുന്ന നടപടിക്രമങ്ങളിൽ നിന്ന് എന്തെങ്കിലും അർഥവത്തായ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും. കാലിത്തീറ്റ തിന്ന് ജീവൻ നിലനിർത്താൻ വിധിക്കപ്പെട്ട ഫലസ്തീൻ കുഞ്ഞുങ്ങളെ സർവനാശത്തിൽ നിന്ന് രക്ഷിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നുള്ള ഉത്തരവിന് കെൽപ്പുണ്ടാകുമെന്ന വിദൂര വിശ്വാസം പോലും ബുദ്ധിയുള്ള ഒരു മനുഷ്യനും വെച്ചുപുലർത്തുന്നില്ല. പിന്നെന്താണ് ഈ പ്രക്രിയയുടെ പ്രസക്തി?

അക്രമി രാജ്യവും ഇര ജനതയും തമ്മിലുള്ള വിഷയത്തിൽ ലോക രാജ്യങ്ങൾ എവിടെ നിൽക്കുന്നുവെന്ന് ഐ സി ജെയിലെ കോടതി മുറിയിൽ കാണാം. ഇസ്‌റാഈലിന്റെ നിലനിൽക്കാനുള്ള അവകാശം ചോദ്യംചെയ്യുന്ന ഒരു വിധിയും അംഗീകരിക്കില്ലെന്ന് അമേരിക്ക പറയുമ്പോൾ ആ രാജ്യത്തിന്റെ നിലപാട് വ്യക്തമാകുന്നു. കോടതി വിധി ബാധകമല്ലെന്ന് പ്രഖ്യാപിക്കാനുള്ള ധാർഷ്ട്യം സയണിസ്റ്റ് രാഷ്ട്രത്തിന് കൈവരുന്നത് അമേരിക്കൻ വീറ്റോ അധികാരത്തിൽ നിന്നാണ്. അപാർത്തീഡ് രാഷ്ട്രവും മതസങ്കര ജനതയും തമ്മിലുള്ള ഇടപാടിൽ ആരൊക്കെ വംശീയതക്കെതിരായ നിലപാടെടുത്തുവെന്ന് കാണാൻ ഈ നിയമ വ്യഹാരം വഴിയൊരുക്കും. അവിടെ നടക്കുന്ന വാദപ്രതിവാദങ്ങൾ ഇസ്‌റാഈൽ അതിക്രമത്തിന്റെ സത്യങ്ങളിലേക്ക് മാനവരാശിയെ കൊണ്ടുപോകും. പാശ്ചാത്യ മാധ്യമ മേലാളൻമാർ ആസൂത്രിതമായി തമസ്‌കരിച്ച ഫലസ്തീൻ സത്യങ്ങൾ മാധ്യമങ്ങളിൽ നിറയും. എംബെഡഡ് മാധ്യമ സ്ഥാപനങ്ങളെക്കൊണ്ട് വംശഹത്യയെന്ന വാക്ക് ഉച്ചരിപ്പിക്കാൻ ദക്ഷിണാഫ്രിക്കയുടെ ഐ സി ജെ പോരാട്ടത്തിന് സാധിച്ചുവല്ലോ. ഇസ്‌റാഈൽ അധിനിവേശത്തിന്റെ കെടുതികൾ വിവരിച്ച് ഇതിനകം 52 രാജ്യങ്ങൾ ഹിയറിംഗിൽ പങ്കെടുക്കാൻ സന്നദ്ധമായി രംഗത്ത് വന്നുവെന്നത് ചെറിയ കാര്യമല്ലല്ലോ. കാനഡ ഇസ്റാഈലിന് അനുകൂലമായി മൊഴി നൽകുന്നതിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയെന്നത് ഫലസ്തീൻ അനുകൂലികളെ ആനന്ദിപ്പിക്കുന്നുണ്ട്. ഇസ്റാഈലിന് വേണ്ടി കടുത്ത ലോബിംഗ് നടക്കുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ടിറങ്ങിയാണ് ഈ ഓപറേഷൻ നടത്തുന്നത്. നിയമപരമായ ഒരു ബാധ്യതയുമില്ലാത്ത, വെറും അഭിപ്രായ രൂപവത്കതരണം മാത്രമായിട്ടു പോലും ഐ സി ജെയിലെ പ്രക്രിയയെ ഇസ്‌റാഈലിന്റെ സംരക്ഷകർ വല്ലാതെ ഭയക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫലസ്തീൻ ജനതക്ക് മേൽ നടക്കുന്നത് ഹോളോകോസ്റ്റിനെക്കാൾ ക്രൂരമായ വംശഹത്യയാണെന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡിസൽവയുടെ വാക്കുകൾ അദ്ദേഹത്തിന്റേത് മാത്രമല്ല. ലോകത്തിന്റെ ശബ്ദമാണത്. (ലുലയെ കാണാൻ ബ്ലിങ്കൻ ബ്രസീൽ തലസ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്). ലോക ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും ആസുരവുമായ അധിനിവേശമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന വസ്തുത ലോകത്തിന് മുന്നിൽ സർവ വിശദാംശങ്ങളോടെയും അനാവരണം ചെയ്യപ്പെടാൻ ഐ സി ജെയിലെ ഹിയറിംഗ് വഴിയൊരുക്കും.

യു എന്നടക്കമുള്ള സർവ അന്താരാഷ്ട്ര സംഘടനകളും യുദ്ധത്തിന്റെ സൃഷ്ടിയാണ്. സമാധാനകാലത്തിന്റെ സൃഷ്ടിയല്ല. ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുതെന്ന ലക്ഷ്യത്തിൽ രൂപപ്പെട്ട യു എൻ, സത്യത്തിൽ ലോകത്തിന്റെയാകെ ആവശ്യമായിരുന്നില്ല, മറിച്ച് രണ്ടാം ലോകമഹായുദ്ധം ജയിച്ചവരുടെ ആവശ്യമായിരുന്നു. അതുകൊണ്ട് കോളനിവത്കരണത്തിന്റെ പുതിയ രൂപങ്ങളും അധിനിവേശവും ഏറ്റുമുട്ടലുകളും സംഭവിച്ചുകൊണ്ടേയിരിക്കുമെന്ന യാഥാർഥ്യത്തെ മുൻനിർത്തിയാണ് യു എൻ ചട്ടങ്ങൾ രൂപപ്പെടുത്തിയത്. യു എന്നിന്റെ പൂർവ രൂപങ്ങളായ ലീഗ് ഓഫ് നേഷൻസ് അടക്കമുള്ള എല്ലാ അന്താരാഷ്ട്ര സംഘടനകളും ഇതേ ആശയഗതി പങ്കുവെക്കുന്നു. 1907ലെ ഹേഗ് റെഗുലേഷന്റെ ആർട്ടിക്കിൾ 42, “ശത്രു സൈന്യത്തിന്റെ അധികാരത്തിന് കീഴിലായിരിക്കുമ്പോൾ ആ ഭൂപ്രദേശം അധിനിവിഷ്ടമായി കണക്കാക്കപ്പെടുന്നു’ എന്നാണ് അധിനിവേശത്തെ നിർവചിക്കുന്നത്. അധിനിവേശം താത്കാലികമായി സംഭവിക്കാം. സായുധ പോരാട്ടം നിലയ്ക്കുമ്പോൾ അത് അവസാനിക്കണമെന്നാണ് ചാർട്ടർ നിഷ്‌കർഷിക്കുന്നത്. ഹേഗ് റെഗുലേഷനുകളും ജനീവ കൺവെൻഷനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമം സായുധ സംഘട്ടന സമയത്ത് സിവിലിയൻമാർ സംരക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കുന്നു. ഇവയെല്ലാം അംഗീകരിച്ചു കൊള്ളാമെന്ന് ഒപ്പിട്ട് നൽകിയാണ് ഇസ്‌റാഈൽ ഉണ്ടായത്. യു എന്നിന്റെ ഫലസ്തീൻ വിഭജനപ്രമേയം വരുന്നതിന് മുമ്പേ തന്നെ അധിനിവേശം തുടങ്ങിയിരുന്നു സയണിസ്റ്റുകൾ. തങ്ങൾ കൂടി ഒപ്പിട്ട ഒരു കരാറും പാലിക്കാൻ ഇന്നുവരെ ഇസ്‌റാഈൽ രാഷ്ട്രം തയ്യാറായിട്ടില്ല. ഇപ്പോൾ ഏകദേശം 7,50,000 ഇസ്‌റാഈലി കൈയേറ്റക്കാർ ഫലസ്തീൻ ഭൂമിയിൽ താമസിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിൽ നിന്ന് വ്യാപകമായി ഫലസ്തീനികളെ ആട്ടിയോടിക്കുന്നു. ചെറുക്കുന്നവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. ഇവർ ഹാജരാക്കപ്പെടുന്നത് സിവിൽ കോടതികളിലല്ല, സൈനിക കോടതികളിലാണ്. ആയിരക്കണക്കിന് ഫലസ്തീൻ തടവുകാർ കുറ്റം ചുമത്താതെ തടങ്കലിൽ കഴിയുന്നുണ്ട്. ഗസ്സയിലെത്തുന്ന സഹായ ട്രക്കുകൾ തടയുന്നത് ഇസ്‌റാഈൽ സൈന്യത്തിന്റെ ക്രൂരവിനോദമാണ്. എല്ലാ നിയന്ത്രണങ്ങളും കടന്ന് ട്രക്കുകൾ എത്തിയാൽ അതിനടുത്തേക്ക് പോകുന്നവരെ വെടിവെച്ചു കൊല്ലുന്നു.

1967ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷമാണല്ലോ ഇസ്‌റാഈൽ വെസ്റ്റ്ബാങ്കും കിഴക്കൻ ജറുസലേമും കൈവശപ്പെടുത്തിയത്. 1993ലെ ഓസ്്ലോ ഉടമ്പടി, 2000ലെ ക്യാമ്പ് ഡേവിഡ് കരാർ തുടങ്ങി നിരവധി അന്താരാഷ്ട്ര കരാറുകൾ വന്നിട്ടും വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്‌റാഈൽ പിന്മാറിയിട്ടില്ല. ഓസ്‌ലോ ഉടമ്പടി ഫലസ്തീനിയൻ അതോറിറ്റി (പി എ) സൃഷ്ടിക്കുന്നതിൽ കലാശിച്ചു. പി എയുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ്ബാങ്ക് പ്രദേശത്തെ എ, ബി, സി വിഭാഗങ്ങളായി അടയാളപ്പെടുത്തിയിരിക്കുന്നു. 18 ശതമാനം പ്രദേശം ഫലസ്തീൻ അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ്. അതാണ് എ വിഭാഗം. ബി വിഭാഗം ഭാഗികമായി അതോറിറ്റിയുടെ നിയന്ത്രണത്തിൽ. അത് 22 ശതമാനം വരും. 60 ശതമാനം പ്രദേശവും ഇസ്‌റാഈലിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. സി സെക്ഷൻ അനുദിനം വികസിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ഒക്‌ടോബർ ഏഴിലെ ഹമാസ് സായുധ നീക്കവും തുടർന്ന് നടക്കുന്ന ഇസ്‌റാഈൽ വംശഹത്യയും അധിനിവേശത്തിന്റെ വേഗവും വ്യാപ്തിയും കൂട്ടിയിരിക്കുന്നു. ഈ അതിർത്തി വ്യാപനത്തെ അധിനിവേശമെന്നല്ലാതെ എന്താണ് വിളിക്കുക? ഈ പ്രദേശങ്ങളിൽ ഇസ്‌റാഈലിന് എന്ത് അവകാശമാണുള്ളത്? അന്താരാഷ്ട്ര സമൂഹം നിർണയിച്ച അതിർത്തിക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ കൂട്ടാക്കാത്ത ഒരു രാജ്യത്തെ ആധുനിക രാഷ്ട്രീയ വ്യവസ്ഥക്ക് എങ്ങനെ അംഗീകരിക്കാനാകും? യുക്രൈനിൽ റഷ്യ നടത്തുന്നത് അധിനിവേശമാണെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന ജോ ബൈഡന് ഫലസ്തീനിലേക്കുള്ള കടന്നുകയറ്റം “ഇസ്‌റാഈലിന്റെ സ്വാഭാവിക അവകാശമായി’ മാറുന്നത് എന്തുകൊണ്ടാണ്?

ഗസ്സ ഒഴിപ്പിച്ച് പൂർണമായി ഇസ്‌റാഈൽ സുരക്ഷാ സംവിധാനത്തിൻ കീഴിൽ കൊണ്ടുവരുമെന്നാണല്ലോ നെതന്യാഹുവിന്റെ ഏറ്റവും പുതിയ ആക്രോശം. ഗസ്സയിൽ അവിടുത്തെ ജനത തിരഞ്ഞെടുത്ത ഭരണ സംവിധാനമുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നത് ഹമാസാണ്. ആ സംഘടനയെ കുറിച്ച് എന്ത് ആക്ഷേപവും ഉന്നയിക്കാം. പക്ഷേ അവരെ ഭരണമേൽപ്പിച്ചത് അവിടുത്തെ ജനതയാണെന്നത് മറച്ച് പിടിക്കാനാകില്ല.
ലോകം മുഴുവൻ “ജനാധിപത്യം’ സ്ഥാപിക്കാൻ നടക്കുന്ന പാശ്ചാത്യ ശക്തികൾ ഗസ്സയുടെ കാര്യമെത്തുമ്പോൾ മാത്രം മണലിൽ തലപൂഴ്ത്തി നിൽപ്പാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വ്യവഹാരങ്ങൾ ഫലസ്തീന് അനുകൂലമായ വികാരം ഉയർത്തിവിട്ടിട്ടുണ്ട്. ആ വികാരത്തിന്റെ പ്രതിഫലനം ഇസ്‌റാഈലിനകത്ത് പോലുമുണ്ട്. പ്രക്ഷോഭഭരിതമാകുന്ന ഇസ്‌റാഈൽ തെരുവുകൾ ഇതിന്റെ സാക്ഷ്യമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest