Connect with us

Kerala

അടച്ചിട്ട വീട്ടിലെ മുന്‍വാതില്‍ കുത്തിത്തുറന്ന് പതിനാറര പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

റിട്ട.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത് പരിചയക്കാര്‍ എന്നു സൂചന

Published

|

Last Updated

തിരുവനന്തപുരം | അടച്ചിട്ട വീട്ടിലെ മുന്‍വാതില്‍ കുത്തിത്തുറന്ന് പതിനാറര പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞത്തിനടുത്ത് വെണ്ണിയൂര്‍ വിന്‍സന്റ് വില്ലയില്‍ റിട്ട.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണവും പണവും കവര്‍ന്നത്.

മകന്‍ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കായ സഹോദരിയുടെ വീട്ടിലാണ് ഗില്‍ബര്‍ട്ടും ഭാര്യ വിമലകുമാരിയും രാത്രി കിടന്നിരുന്നത്. പതിവുപോലെ ഇന്നലെ രാത്രി വീട്ടില്‍ നിന്നു പോയതിന് ശേഷം പുലര്‍ച്ചെ അഞ്ചിന് ഗില്‍ബര്‍ട്ട് എത്തി വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നപ്പോഴാണ് മുന്‍ വാതില്‍ കുത്തി തുറന്നനിലയില്‍ കണ്ടത്. ഇരുനില വീടിന്റെ ബെഡ് റൂമുകളിലെ അലമാരകള്‍ കുത്തി തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 90 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് ആദ്യം കരുതിയ്ത.

വിവരമറിഞ്ഞ് അഞ്ചലില്‍ ജോലിയുള്ള മകന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അലമാരയിലെ ഡ്രോവറിനുള്ളിലുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കപ്പെട്ടില്ലെന്ന് മനസിലായത്. താഴത്തെ നിലയിലെ ബെഡ് റൂമില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ തൂക്കം വരുന്ന വള, ജപമോതിരം ഉള്‍പ്പെടെ മൂന്ന് മോതിരങ്ങള്‍, രണ്ടര പവന്റെ വള, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെ പതിനാറര പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ചക്കു പിന്നില്‍ ഇവരുടെ വീടിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പ്രത്യേക സംഘം അന്വേഷണം നടത്തും.