Connect with us

National

ആറുവയസ്സുകാരനെ പുലി കടിച്ചുകൊണ്ടുപോയി; പോരാട്ടത്തിനൊടുവില്‍ രക്ഷിച്ച് അമ്മ

പുലിയുമായുള്ള പോരാട്ടത്തിനിടയില്‍ ദേഹമാസകലം കിരണിന് പരിക്കേറ്റു. തോല്‍വി സമ്മതിക്കാതെ അതിസാഹസികമായി പുലിയുടെ വായില്‍ അകപ്പെട്ട മകനെ അവള്‍ കൈക്കലാക്കി.

Published

|

Last Updated

ഭോപ്പാല്‍| സ്വന്തം മക്കളെ ജീവന്‍കൊടുത്തും സംരക്ഷിക്കുന്നവരാണ് അമ്മമാര്‍. പുലി കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ മകനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അമ്മയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാര്‍ക്കിന് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന ആദിവാസി സ്ത്രീയാണ് മകനെ ജീവന്‍മരണ പോരാട്ടത്തിനൊടുവില്‍ പുലിയുടെ വായില്‍ നിന്ന് രക്ഷിച്ചത്. സ്ത്രീയുടെ പേര് കിരണ്‍ എന്നാണ്.

ദേശീയോദ്യാനത്തിന് സമീപമുള്ള സംരക്ഷിതമേഖയായ ബാഡി ജിരിയ ഗ്രാമത്തിലാണ് കിരണും കുട്ടികളും താമസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഭര്‍ത്താവ് തിരികെവരുന്നതും കാത്ത് കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്നു അമ്മയും മക്കളും. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയകുഞ്ഞ് കിരണിന്റെ മടിയിലും ആറുവയസ്സുള്ള രാഹുലും അവന്റെ രണ്ട് സഹോദരങ്ങളും ഒപ്പമുണ്ട്.

ഇതിനിടയില്‍ വളരെ പെട്ടെന്ന് പുളളിപുലി രാഹുലിനേയും കടിച്ചുകൊണ്ട് കാട്ടിലേക്ക് കുതിക്കുകയായിരുന്നു. തന്റെ കണ്‍മുന്നില്‍ നിന്ന് പുലി മകനെ കടിച്ചെടുത്ത് ഓടിയപ്പോള്‍ ധൈര്യം സംഭരിച്ച് മുന്നേറാനാണ് കിരണ്‍ ശ്രമിച്ചത്. ഇളയ കുഞ്ഞിനെ മൂത്ത കുട്ടിയുടെ കയ്യിലേല്‍പിച്ച് കിരണ്‍ പുലിക്ക് പിന്നാലെ കാട്ടിലേക്ക് ഓടി. ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടര്‍ന്നു. പുലിയുടെ അടുത്തെത്തിയപ്പോള്‍ വടി ഉപയോഗിച്ച് പുലിയെ നേരിട്ടു. വലിയ ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്താനും ശ്രമിച്ചു. കുട്ടിയെ തിരിച്ചു കിട്ടാതെ മടക്കമില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെ അവിടെ നിന്നു. പുലിയുമായുള്ള പോരാട്ടത്തിനിടയില്‍ ദേഹമാസകലം കിരണിന് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ രാഹുലിനും കിരണിനും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായി. രക്തം ധാരാളം നഷ്ടപ്പെട്ടു. എന്നിട്ടും കിരണ്‍ പിന്മാറിയില്ല. പുലിയോട് തോല്‍വി സമ്മതിക്കാതെ അതിസാഹസികമായി പുലിയുടെ വായില്‍ അകപ്പെട്ട മകനെ അവള്‍ കൈക്കലാക്കി. കയ്യില്‍ യാതൊരു ആയുധവുമില്ലാതെ പുള്ളിപ്പുലിയെ നേരിടാന്‍ ഈ അമ്മയെ പ്രാപ്തയാക്കിയത് അവരുടെ നിശ്ചയധാര്‍ഠ്യം മാത്രമാണ്. കിരണിന്റെ ഈ പ്രവൃത്തിയെ പുകഴ്ത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും രാഹുലിന്റെയും ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Latest