Connect with us

Articles

സീതാറാം യെച്ചൂരി: കാർക്കശ്യത്തിലെ സമവായം

ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചയാൾ എന്ന നിലയിലാകും സീതാറാം യെച്ചൂരി വരുംകാലത്ത് ഓർമിക്കപ്പെടുക. പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങളെ അദ്ദേഹം ദുശ്ശാഠ്യമായി പരിവർത്തിപ്പിച്ചില്ല. കോൺഗ്രസ്സിന്റെ നവഉദാരവത്കരണ നയങ്ങളോട് ഒട്ടും യോജിപ്പില്ലാതിരിക്കുമ്പോഴും ബി ജെ പിക്കെതിരായ ദേശീയ ബദലിന് കോൺഗ്രസ്സിനെ ഒഴിച്ചുനിർത്താനാകില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.

Published

|

Last Updated

നമ്മുടെ കാലത്തെ തെളിച്ചമുള്ള രാഷ്ട്രീയ ജീവിതങ്ങളിലൊന്നായിരുന്നു സീതാറാം യെച്ചൂരി. നയതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. പാർട്ടി നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തെ വിശാലമായി സമീപിച്ചു. കർക്കശക്കാരനായ സമവായക്കാരനായിരുന്നു അദ്ദേഹം. രാഷ്ട്രം നേരിടുന്ന ഭീഷണിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. കേരളത്തിലെ പാർട്ടി ഘടകം കോൺഗ്രസ്സിനെ മുഖ്യഎതിരാളിയായി കണ്ട് നിലപാടുകൾ സ്വീകരിച്ചപ്പോഴും, ഇന്ത്യ മുന്നണിക്കൊപ്പം നിന്ന് ബി ജെ പിയെ പ്രതിരോധിക്കുകയായിരുന്നു സീതാറാം യെച്ചൂരി. കക്ഷിരാഷ്ട്രീയത്തിന്റെ അധികാരപ്പോരാട്ടങ്ങളുടെ പിൻനിരയിൽ പോലും അദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ രാജ്യം ആര് ഭരിക്കണമെന്നതിൽ, ആരാണ് മുഖ്യശത്രു എന്നതിൽ അദ്ദേഹത്തിന് സന്ദേഹങ്ങളുണ്ടായിരുന്നില്ല. ഒരർഥത്തിൽ ഹർകിഷൻ സിംഗിന്റെ ദേശീയ രാഷ്ട്രീയ ഇടപെടലുകളെ പൂർത്തീകരിക്കുകയായിരുന്നു യെച്ചൂരി. അത് ഒട്ടും എളുപ്പമായിരുന്നില്ല.
ഹർകിഷൻ സിംഗിൽ നിന്ന് യെച്ചൂരിയിലേക്കെത്തുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ നന്നേ മെലിഞ്ഞുപോയിരുന്നു സി പി എം. ചുവന്ന മണ്ണായ ബംഗാളിൽ പോലും പാർട്ടി പാടേ തകർന്നിരുന്നു. ത്രിപുരയിലെ വേരുകൾ അറ്റുപോയിരുന്നു. കേരളം എന്ന ഒറ്റത്തുരുത്തിലേക്ക് പാർട്ടിയുടെ അധികാരം ചുരുങ്ങിയിരുന്നു. എങ്കിലും സി പി എം എന്ന പാർട്ടിയെ ദേശീയ ശ്രദ്ധയിൽ നിർത്താൻ യെച്ചൂരി എന്ന ജനറൽ സെക്രട്ടറിക്ക് സാധിച്ചു. വേദികളിലും മാധ്യമങ്ങൾക്ക് മുമ്പിലും അദ്ദേഹം വ്യക്തതയോടെ സംസാരിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിൽ അനുഭവിക്കുന്ന ഭാഷാപരമായ പരിമിതികൾ അദ്ദേഹത്തിനുണ്ടായില്ല. സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന വാക്കുകളിൽ അദ്ദേഹം നിലപാട് പറഞ്ഞു.
തമിഴ്നാട്ടിലായിരുന്നു ജനനം. പക്ഷേ ആയുസ്സിന്റെ നല്ലൊരു പങ്കും ചെലവിട്ടത് ഡൽഹിയിലായിരുന്നു. അധികാരവാഴ്ചകളെയും വീഴ്ചകളെയും പല കാലങ്ങളിൽ നേരിൽ കണ്ടിട്ടുണ്ടദ്ദേഹം. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് കോൺഗ്രസ്സ് പാർട്ടി അണികളാലും നേതാക്കളാലും പാടിപ്പുകഴ്ത്തപ്പെട്ട കാലത്ത് ഇന്ദിരാ ഗാന്ധിയോട് മുഖാമുഖം നിന്ന് വീറ് കാണിച്ചിട്ടുണ്ട് യെച്ചൂരി. ജെ എൻ യുവിലെ പഠനകാലമായിരുന്നു അത്. ദുരധികാരത്തോട് ചെറുത്തുനിൽക്കാനുള്ള കരുത്ത് അവസാനശ്വാസം വരേക്കും അദ്ദേഹത്തിൽ ബാക്കി നിന്നു. നിശിതമായിരുന്നു സംഘ്പരിവാർ ഫാസിസത്തിനെതിരായ വിമർശങ്ങൾ. അതേസമയം ബൗദ്ധികവുമായിരുന്നു. രാജ്യസഭയിൽ അദ്ദേഹം നടത്തിയ എണ്ണമറ്റ പ്രസംഗങ്ങളുണ്ട്. ഒരു വാക്കും ചേറിക്കളയാനില്ലാത്ത വിധം മനോഹരവും പ്രൗഢവുമായ പ്രസംഗങ്ങൾ. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ അജൻഡകളെയും സഭയിൽ അദ്ദേഹം തുറന്നുകാണിച്ചു.

ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചയാൾ എന്ന നിലയിലാകും സീതാറാം യെച്ചൂരി വരുംകാലത്ത് ഓർമിക്കപ്പെടുക. പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങളെ അദ്ദേഹം ദുശ്ശാഠ്യമായ് പരിവർത്തിപ്പിച്ചില്ല. കോൺഗ്രസ്സിന്റെ നവഉദാരവത്കരണ നയങ്ങളോട് ഒട്ടും യോജിപ്പില്ലാതിരിക്കുമ്പോഴും ബി ജെ പിക്കെതിരായ ദേശീയ ബദലിന് കോൺഗ്രസ്സിനെ ഒഴിച്ചുനിർത്താനാകില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. കോൺഗ്രസ്സിനെ തന്നെ മുന്നിൽ നിർത്തിയുള്ള ഇന്ത്യ മുന്നണിയുടെ രൂപവത്കരണത്തിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യം ബി ജെ പിക്കെതിരായ വികാരമായിരുന്നു. ആ വികാരത്തിനൊപ്പം നിൽക്കാനും മുന്നണിയുടെ രൂപവത്കരണത്തിൽ നേതൃപരമായിത്തന്നെ പങ്ക് വഹിക്കാനും സീതാറാം യെച്ചൂരി സന്നദ്ധമായി.

ബംഗാളിലും ത്രിപുരയിലും പരിക്ഷീണമായിരിക്കുമ്പോഴും ശേഷിക്കുന്ന പാർട്ടി സംവിധാനങ്ങളെ ഊർജസ്വലമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കോൺഗ്രസ്സുമായുള്ള സഹകരണത്തിലടക്കം പാർട്ടിയിൽ തന്നെയുണ്ടായിരുന്നു വ്യത്യസ്ത അഭിപ്രായങ്ങൾ. ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റേതിൽ നിന്ന് ഭിന്നമായ സമീപനം കേരള ഘടകം മുന്നോട്ടുവെച്ചിരുന്നു. ബംഗാളിലെ പാർട്ടിയും കേരളത്തിലെ പാർട്ടിയും പല കാര്യങ്ങളിലും ഒരേ നിലപാടായിരുന്നില്ല. സി പി എം പോലൊരു പാർട്ടിയിൽ മാത്രം സാധ്യമാകുന്ന നിശ്ശബ്ദതയോടെ അത്തരം സന്ദർഭങ്ങളെ അങ്ങേയറ്റം “മെയ്്വഴക്കത്തോടെ’ കൈകാര്യം ചെയ്യാൻ ജനറൽ സെക്രട്ടറിക്ക് സാധിച്ചു. സംവാദത്തിന്റെ വാതിലുകൾ തുറന്നിട്ടുകൊണ്ടാണ് പാർട്ടിയിലും പുറത്തും അദ്ദേഹം പ്രശ്‌നപരിഹാരകനായത്.

കൂടുതൽ തകർച്ചകളിലേക്ക് പാർട്ടി മൂക്കുകുത്താതിരിക്കാനുള്ള ജാഗ്രത എപ്പോഴും പ്രകടിപ്പിച്ചു. മൂലധന ശക്തികൾക്ക് എളുപ്പം വിഴുങ്ങാൻ സാധിക്കും അധികാര രൂപമാർജിച്ച പാർട്ടികളെയും നേതാക്കളെയും. വ്യക്തിപരമായി അത്തരം താത്പര്യങ്ങൾക്ക് വഴങ്ങിയില്ല അദ്ദേഹം. അതേസമയം പാർട്ടി അധികാരം കൈയാളിയ സ്ഥലങ്ങളിൽ അദ്ദേഹം മൂലധന താത്പര്യങ്ങളുടെ എതിർപക്ഷത്ത് നിന്നു. കേരളത്തിൽ പാർട്ടിയിൽ വിഭാഗീയത ശക്തിപ്പെട്ട നാളുകളിൽ യെച്ചൂരിയുടെ ആഭിമുഖ്യം വി എസിനോടായിരുന്നല്ലോ. അദ്ദേഹം കക്ഷി ചേരുകയായിരുന്നില്ല, മറിച്ച് വലതുപക്ഷവത്കരണത്തിനെതിരെ വി എസ് പ്രത്യയശാസ്ത്ര സമരം നയിക്കുന്നു എന്ന ബോധ്യം പങ്കിടുകയായിരുന്നു. സീതാറാം യെച്ചൂരിയില്ലാത്ത സി പി എമ്മിൽ ഇനി എന്ത് എന്നത് സമസ്യ തന്നെയാണ്. ദേശീയ മുഖമായി പറയാവുന്ന ഒരാളില്ല ദേശീയ നേതൃനിരയിൽ എന്നതുതന്നെ പ്രധാന പ്രശ്നം. ദേശീയ രാഷ്ട്രീയ സമവാക്യങ്ങളിൽ പാർട്ടി നിലപാട് ബലി കഴിക്കാതെയും അതേസമയം ഹിന്ദുത്വ അജൻഡകൾക്കെതിരെ വിശാലമായ ജനാധിപത്യ പ്ലാറ്റ്ഫോമിന്റെ ഭാഗമായും എങ്ങനെ മുന്നോട്ടുപോകും എന്നത് സി പി എമ്മിനെ അൽപ്പകാലത്തേക്കെങ്കിലും കുഴക്കാതിരിക്കില്ല.

കർഷക സമരത്തിലടക്കം സി പി എം അവരുടെ ഭാഗധേയത്വം നിർവഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും പാർട്ടിയുണ്ട്. അതേസമയം ന്യൂനപക്ഷ സമുദായങ്ങളും ദളിതുകളും മറ്റു പിന്നാക്കക്കാരും നേരിടുന്ന ഭരണഘടനാ വിരുദ്ധമായ വിവേചനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് സീതാറാം യെച്ചൂരി. അങ്ങനെക്കൂടിയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആ ഇടപെടലുകളെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു സി പി എമ്മിന്റെ ദേശീയ പ്രസക്തി.

Latest