Connect with us

From the print

സിറാജ് ക്യാമ്പയിന്‍: നേതാക്കള്‍ വരിചേരുന്നു, പൗരപ്രമുഖരും

നേതാക്കളുടെയും പൗരപ്രമുഖരുടെയും വാര്‍ഷിക വരി പുതുക്കുന്ന ദൗത്യമാണ് ക്യാമ്പയിനിന്റെ ആദ്യഘട്ടം.

Published

|

Last Updated

കോഴിക്കോട് | സിറാജ് പ്രചാരണ ക്യാമ്പയിന്‍ പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കളെ വരിചേര്‍ത്ത് യൂനിറ്റ് ഘടകങ്ങള്‍. നേതാക്കളുടെയും പൗരപ്രമുഖരുടെയും വാര്‍ഷിക വരി പുതുക്കുന്ന ദൗത്യമാണ് ക്യാമ്പയിനിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ വാര്‍ഷിക വരിക്കാരെ തേടി യൂനിറ്റ് സിറാജ് ടീം താഴേ തട്ടില്‍ ഗ്രാമങ്ങളിലും നഗര വീഥികളിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കും. അപ്ലോഡിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതിന് പിന്നാലെ നടക്കും.

ഇന്നലെ ചേര്‍ന്ന സംസ്ഥാന എസ് പി സി നേതൃസംഗമം ക്യാമ്പയിന്‍ മുന്നൊരുക്കം അവലോകനം ചെയ്തു. സോണ്‍, സര്‍ക്കിള്‍ സംഗമങ്ങളുടെ നില വിലയിരുത്തുകയും യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. ഓണ്‍ലൈന്‍ നേതൃസംഗമത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. തൗഫീഖ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

സാമൂഹിക മാധ്യമങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്ന കാലഘട്ടത്തിലും സമകാലിക വിഷയങ്ങളില്‍ അര്‍ഥവത്തായ വിലയിരുത്തലുകളും നിരീക്ഷണങ്ങളും പ്രസിദ്ധപ്പെടുത്തുന്ന സിറാജ് വളച്ചുകെട്ടില്ലാതെയും നിറംപിടിപ്പിക്കാതെയും വാര്‍ത്തകളെ വസ്തുനിഷ്ഠമായി ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കുന്ന വെളിച്ച വിപ്ലവമാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ക്യാമ്പയിന്‍ പദ്ധതികള്‍ വിവരിച്ചു. മജീദ് കക്കാട് ക്യാന്പയിന്‍ പ്രവര്‍ത്തനം വിലയിരുത്തി. സംസ്ഥാന എസ് പി സി അംഗങ്ങള്‍, ജില്ലാ എസ് പി സി ഭാരവാഹികള്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ശറഫുദ്ദീന്‍ സ്വാഗതവും മുഹമ്മദ് പറവൂര്‍ നന്ദിയും പറഞ്ഞു. സമസ്ത സെന്റിനറിയുടെയും കേരള യാത്രയുടെയും പശ്ചാതലത്തില്‍ ഈ വര്‍ഷം പൂര്‍വോപരി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് കേരള മുസ്ലിം ജമാഅത്തും പ്രസ്ഥാന ഘടകങ്ങളും തീരുമാനിച്ചത്.

സിറാജിന്റെ വളര്‍ച്ചക്കായി രംഗത്തിറങ്ങുക: കാന്തപുരം
കോഴിക്കോട് | സുന്നി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ദിനപത്രമാണ് സിറാജ് എന്നും പത്രത്തിന്റെ വാര്‍ഷിക പ്രചാരണ ക്യാമ്പയിന്‍ ഉജ്ജ്വല വിജയത്തിലേക്കെത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കാന്തപുരം ഉസ്താദ് ആഹ്വാനം ചെയ്തു.

നാല് പതിറ്റാണ്ട് മുമ്പ് സിറാജ് ആരംഭിച്ചപ്പോള്‍ അതൊരു ചരിത്ര നിയോഗമായിരുന്നു. പക്ഷേ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു അക്കാലത്ത് പത്ര മാനേജ്മെന്റ് കടന്നുപോയത്. പലനേതാക്കളും സാമ്പത്തികമായും മറ്റും അന്ന് വലിയ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്.

സിറാജ് എന്ന വെളിച്ചം കൂടുതല്‍ പ്രകാശത്തോടെ മുന്നേറണം. നേതാക്കള്‍ മുതല്‍ ഓരോ പ്രവര്‍ത്തകനും ഈ ക്യാമ്പയിനിന്റെ ഭാഗമാകണം. ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കേരളത്തിലെ മുന്‍നിര പത്രമായി സിറാജിനെ മാറ്റും. സിറാജിന്റെ പ്രസക്തി മറ്റെന്നേക്കാളും വര്‍ധിച്ചുവരുന്ന ഈ സമയത്ത് പ്രചാരണ ക്യാമ്പയിന്‍ വന്‍ വിജയമാക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.