From the print
ലഡാക്ക് പ്രക്ഷോഭം: വാംഗ്ചുകിനെ വിടാതെ കേന്ദ്രം; എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കി
സംഘടനയുടെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ നിരവധി പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം.

ലേ/ ന്യൂഡല്‍ഹി | കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ സമര നേതാവ് സോനം വാംഗ്ചുകിനെതിരെ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (എസ് ഇ സി എം എ എല്‍) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ് സി ആര്‍ എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. സംഘടനയുടെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ നിരവധി പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇടപാടുകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രാലയം പറയുന്നു.
വാംഗ്ചുകിന്റെ പ്രകോപനപരമായ സംസാരമാണ് ആള്‍ക്കൂട്ടം അക്രമാസക്തമാകാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നിരാഹാര സമരം പിന്‍വലിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സോനം വാംഗ്ചുക് അത് തുടര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ‘ജെന്‍ സീ’ പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, എസ് ഇ സി എം എ എല്ലിന് പുറമെ സോനം വാംഗ്ചുകിന്റെ സ്ഥാപനമായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് (എച്ച് ഐ എ എല്‍) വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടക്കുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി ആറിന് വാംഗ്ചുക് പാകിസ്താന്‍ സന്ദര്‍ശിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എച്ച് ഐ എ എല്ലിന് ഭൂമി നല്‍കിയ നടപടി ആഗസ്റ്റില്‍ ലഡാക്ക് ഭരണകൂടം റദ്ദാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങള്‍ വാംഗ്ചുക് തള്ളി. മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഒഴിവാക്കാന്‍ തന്നെ ബലിയാടാക്കുകയാണെന്ന് വാംഗ്ചുക് പറഞ്ഞു. തന്നെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന് വാംഗ്ചുക് നേരത്തേ ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ലേയില്‍ നടന്ന പ്രക്ഷോഭത്തിനിടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് പോലീസിന് വെടിവെക്കേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ലേയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിച്ചു.