From the print
ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം; നാസര്‍ ഫൈസി രാജിവെച്ചു
സംരക്ഷിക്കാന്‍ ലീഗിനായില്ല.

കോഴിക്കോട് | ഇ കെ വിഭാഗത്തിന്റെ ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലീഗ് പക്ഷ നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ പുറത്താക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് നാസര്‍ ഫൈസി ഉള്‍പ്പെടെ പങ്കെടുത്ത പ്രവര്‍ത്തക സമിതിയോഗത്തിലാണ് അദ്ദേഹത്തെ നീക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. പിന്നാലെ, സംരക്ഷമൊരുക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ നാസര്‍ ഫൈസി രാജിവെച്ചു. 45 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരും പ്രമേയത്തെ അനുകൂലിച്ചുവെന്നാണറിയുന്നത്.
നേതാക്കളെ അവമതിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്നു, നിരന്തരമായി ഖതീബുമാര്‍ ഉള്‍പ്പെടെയുള്ള ഉസ്താദുമാരെ നിസ്സാരമാക്കും വിധത്തിലുള്ള പ്രസംഗവും പ്രസ്താവനയും നടത്തുന്നു, കുറേ കാലമായി സംഘടനയെ ചലിപ്പിക്കാതെ മനപൂര്‍വം നിര്‍ജീവമാക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം കാരണങ്ങളാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ചുമതലയില്‍ നിന്ന് നീക്കണമെന്നുമായിരുന്നു ശിപാര്‍ശ.
പ്രമേയം തക്ബീറോടെ പാസ്സാക്കുകയായിരുന്നു. പകരം ആളെ നിയമിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ തീരുമാനം മുശാവറക്ക് വിടണമെന്ന് ആവശ്യപ്പെട്ടത് യോഗം അംഗീകരിച്ചു. ഇതേ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖതീബുമാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനമുണ്ടായത്. തീരുമാനം മുശാവറക്ക് വിട്ട സാഹചര്യത്തില്‍ തനിക്കെതിരെ പലരും വിയോജിപ്പ് അറിയിച്ചതിനാല്‍ സ്ഥാനം രാജിവെക്കുന്നതായി നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.
മുശാവറ അംഗങ്ങളെയും സ്വാദിഖലി തങ്ങളെയും അവഹേളിച്ചു സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പോസ്റ്റുകളിട്ട പ്രധാന ഭാരവാഹിയെ കുറിച്ചും കമ്മിറ്റി അംഗത്തെ കുറിച്ചുമുള്ള തെളിവുകള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.