Connect with us

From the print

പുത്തന്‍ പരീക്ഷണവും വിജയം; ചരിത്രത്തിലേക്ക് കുതിച്ച് അഗ്നി-പ്രൈം മിസൈല്‍

ദൂരപരിധി 2,000 കി.മീറ്റര്‍. പരീക്ഷണം ബാലസോറില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ പ്രതിരോധ മേഖലയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ച് രാജ്യം. ഇതോടെ, റെയില്‍-മൊബൈല്‍ സിസ്റ്റത്തില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ നേട്ടം എക്സിലൂടെ പങ്കുവെച്ചത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്ന് നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 2,000 കി.മീറ്റര്‍ ദൂരപരിധിയുള്ള അത്യാധുനിക മിസൈല്‍ സംവിധാനമാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്. അഗ്നി മിസൈല്‍ പരമ്പരയുടെ മുന്‍ പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ കൃത്യത, വിശ്വാസ്യത, പ്രവര്‍ത്തനക്ഷമത എന്നിവ നല്‍കുന്നതായി മന്ത്രി പറഞ്ഞു.

ഈ ലോഞ്ചറിന് റെയില്‍ നെറ്റ്വര്‍ക്കിലൂടെ മുന്‍കരുതലുകളില്ലാതെ സഞ്ചരിക്കാന്‍ കഴിയും, പ്രതിരോധ രംഗത്ത് ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് വന്‍ സാധ്യതകളും തുറന്നു നല്‍കും. റെയില്‍ അധിഷ്ഠിത ലോഞ്ചറുകള്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ ചലനശേഷിയാണ്. കുറഞ്ഞ ദൃശ്യപരതയോടെ, വളരെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളില്‍ മിസൈല്‍ വിക്ഷേപിക്കാന്‍ സഹായിക്കുന്നു. ഇത് മിസൈല്‍ സംവിധാനങ്ങളുടെ ചലനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ), സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ് എഫ് സി), സായുധ സേന എ ന്നിവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. ഒഡിഷയിലെ ബാലസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷ ണം നടത്തിയത്. റെയില്‍ അധിഷ്ഠിത ലോഞ്ചറില്‍ ഘടിപ്പിച്ച സ്റ്റാറ്റിക് ട്രെയിന്‍ കോച്ചുകള്‍ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം നടത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ തന്നെ രാജ്യത്തിന്റെ റെയില്‍വേ ശൃംഖലയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. ഇത് സായുധസേനക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള കഴിവ് നല്‍കുമെന്നും ഇന്ത്യയുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.