Ongoing News
സില്‍വര്‍ ലൈന്‍; അതിര്‍ത്തിയില്‍ കല്ലിടല്‍ പുരോഗമിക്കുന്നു
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്
തിരുവനന്തപുരം | കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ-റയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്.
പാത യാഥാർഥ്യമാകുന്നതോടെ കാസര്‍കോട് നിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം.
2013 ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. പതിനൊന്ന് ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്.
കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും. 1961ലെ കേരള സര്‍വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സര്‍വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചു.
ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടല്‍ പൂര്‍ത്തിയായത്. കുഞ്ഞിമംഗലം വില്ലേജില്‍ കല്ലിടല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍ വില്ലേജുകള്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ് കല്ലിടല്‍ തുടങ്ങിയത്.

