International
ഷട്ട് ഡൗണ്‍ പ്രതിസന്ധി; അമേരിക്കയില്‍ 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം
പുതിയ തീരുമാനം അമേരിക്കയിലെ 40 എയര്‍പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കും
ന്യൂയോര്‍ക്ക് | ഷട്ട് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ അമേരിക്കയില്‍ ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം.
എയര്‍പോര്‍ട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയര്‍പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്ട്ര സര്‍വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.
അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഭക്ഷ്യസഹായം മുടങ്ങുമോ എന്ന ആശങ്കയിലാണ്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാവുമെന്ന ആശങ്ക ശക്തമാണ്. സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്നാപ്) ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ മുടങ്ങുമെന്ന ആശങ്കയുണ്ടായിരുന്നു. ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടതോടെയാണ് ആനുകൂല്യം ലഭിച്ചത്.
ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും ഷട്ട്ഡൗണിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍ ഷട് ഡൗണ്‍ കൂടുതല്‍ മേഖലകളെ ബാധിക്കുകയാണ്. ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


