Connect with us

Kerala

യുവ വ്യവസായിയും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയുമായ ശുഹൈബ് സില്‍വാന്‍ മക്കയില്‍ നിര്യാതനായി

ഹജ്ജിന്റെ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മിനായില്‍ വെച്ചായിരുന്നു മരണം

Published

|

Last Updated

മലപ്പുറം | സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകാരിയായ യുവ വ്യവസായി വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ശുഹൈബ് സില്‍വാന്‍ (45) മക്കയില്‍ നിര്യാതനായി. വിശുദ്ധ ഹജ്ജ് കര്‍മത്തിനിടെയായിരുന്നു മരണം. സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്.

ഹജ്ജിന്റെ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മിനായിലെ ടെൻ്റിൽ  വിശ്രമിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. സ്വാകാര്യ ഗ്രൂപ്പിലാണ് ശുഹൈബ് ഹജ്ജിനെത്തിയത്.

വ്യവസായിയും സുന്നീ പ്രസ്ഥാനങ്ങളുടെ സഹകാരിയുമായ സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈദാലിക്കുട്ടി ഹാജിയുടെ മകനാണ്. മര്‍കസ് ബോഡിംഗിലെ പൂര്‍വ വിദ്യാര്‍ഥിയും മര്‍കസ് എക്‌സലന്‍സി ക്ലബ്ബിലെ അംഗവുമായിരുന്നു. മര്‍കസിന്റെയും ജാമിഉല്‍ ഫുതൂഹിന്റെയും പരിപാടികളിലെല്ലാം നിറ സാന്നിധ്യമായിരുന്നെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടറും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരിച്ചു. പരിശുദ്ധ ഹജ്ജ് വേളയില്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ക്കിടയിലെ ഒരാളായാണ് മിനായില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടതെന്ന് അനുശോചന കുറിപ്പില്‍ അസ്ഹരി പറഞ്ഞു.

പിതാവിനെ പോലെ തന്നെ നിര്‍ധനരെ അകമഴിഞ്ഞ് സഹായിക്കുന്നതില്‍ ശുഹൈബും മുന്‍പന്തിയിലായിരുന്നു. അബുദാബി അല്‍ ബസ്‌റ ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്‌സ് എന്നിവയുടെ ഡയറക്ടറാണ്.

മാതാവ്: ആഇശുമോള്‍. ഭാര്യ: സല്‍മ. മക്കള്‍: നിദ ഫാത്വിമ, നൈന ഫാത്വിമ, നിഹ ഫാത്വിമ, നൈസ ഫാത്വിമ. സഹോദരങ്ങള്‍: സാബിര്‍ (അല്‍ ബസ്‌റ ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ.