Editors Pick
ശൈഖ് അലി അഹമ്മദ് മുല്ല; മധുര മനോഹര ബാങ്കൊലിയാല്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന മുഅദ്ദിന്‍
മസ്ജിദുല്‍ ഹറമില്‍ ഏറ്റവും കൂടുതല്‍ കാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ച ശൈഖ് അലി അഹമ്മദ് മുല്ലയെ മക്കക്കാര്‍ 'മക്കയുടെ ബിലാല്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

മക്ക | ‘ബിലാല്‍ അല്‍-ഹറം’ എന്ന വിളിപ്പേരിനെ അന്വര്‍ഥമാക്കി ശബ്ദം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മുഅദ്ദിന്‍ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ശൈഖ് അലി അഹമ്മദ് മുല്ല. ഹൃദയഹാരിയായ ബാങ്കൊലിയുടെ ശബ്ദ മാധുര്യം, അനായാസമായ ശൈലി ഇതെല്ലാം ഒത്തിണങ്ങിയതാണ് 77കാരനായ അലി അഹ്മദിനെ വ്യത്യസ്തനാക്കുന്നത്.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറമിലെ ബാങ്കൊലി കേള്‍ക്കുമ്പോള്‍ ഏതൊരു വിശ്വാസിയുടെയും മനസിനൊരു കുളിര്‍മയാണ്. ആ മനോഹര ശബ്ദരാഗത്തില്‍ ഏതൊരു വിശ്വാസിയും ലയിച്ചുപോകും.
മസ്ജിദുല്‍ ഹറമില്‍ ഏറ്റവും കൂടുതല്‍ കാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ച ശൈഖ് അലി അഹമ്മദ് മുല്ലയെ മക്കക്കാര്‍ ‘മക്കയുടെ ബിലാല്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
1945 ജൂലൈ അഞ്ചിന് ജനിച്ച അലി അഹ്മദ് കഴിഞ്ഞ നാല് പതിറ്റാണ്ടായി മക്കയിലെ മസ്ജിദുല്‍ ഹറമിലെ മുഅദ്ദിന്‍ സേവനമനുഷ്ഠിച്ച് വരികയാണ്. അലി മുല്ലയുടെ ബാങ്ക് വിളി വിശുദ്ധ മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കും ഉംറ തീര്‍ഥാടനത്തിനെത്തുന്ന വിദേശികള്‍ക്കും ഏറെ സുപരിചിതമാണ്.
പതിറ്റാണ്ടുകളായി അലി അഹമ്മദ് അല്‍-മുല്ലക്ക് തലമുറ വഴി കൈമാറ്റം ചെയ്യപ്പെട്ട സിദ്ധി കൂടിയാണിത്. മുല്ലയുടെ പിതാമഹനും അമ്മാവന്മാരും ഹറമിലെ മുഅദ്ദിനുകളായിരുന്നു. 1975ലായിരുന്നു അലി അഹമ്മദ് മുല്ലയുടെ ബാങ്ക് ആദ്യമായി മസ്ജിദുല്‍ ഹറമില്‍ മുഴങ്ങിയത്. ബന്ധുവായ ശൈഖ് അബ്ദുല്‍ മാലിക് അല്‍ മുല്ലയുടെ മരണശേഷം 1984ലാണ് മസ്ജിദുല്‍ ഹറമില്‍ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായത്. പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും ബാങ്കൊലി നിര്‍വഹിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
1979-ല്‍ വിശുദ്ധ ഹജ്ജിനു ശേഷം തീവ്രവാദികള്‍ മസ്ജിദുല്‍ ഹറം കൈയടക്കിയ അനിഷ്ട സംഭവങ്ങളില്‍ 23 ദിവസം പള്ളിയില്‍ ബാങ്കൊലി നിര്‍ത്തിയ സംഭവത്തിന് മുല്ല സാക്ഷിയായിരുന്നു. ഉപരോധം നീങ്ങിയ ശേഷം ആദ്യമായി ഹറമിലെ മഗ്രിബ് ബാങ്കൊലിക്ക് അവസരം ലഭിച്ചതും ശൈഖ് അലിക്കായിരുന്നു. അന്നത്തെ മഗ്രിബ് നിസ്‌കാരത്തില്‍ ഖാലിദ് രാജാവും പങ്കെടുത്തിരുന്നു.
ശൈഖ് അലിയുടെ ബാങ്കിന്റെ റെക്കോര്‍ഡിംഗുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിവിധ മാധ്യമങ്ങളിലൂടെ ശ്രവിച്ചു വരുന്നു. ശൈഖ് അലിയുടെ മകന്‍ അതേഫ് ബിന്‍ അലി അഹമ്മദ് മുല്ലയും ഇപ്പോള്‍ പിതാവിന്റെ പാതയിലാണ്. 2022 ഏപ്രില്‍ നാലിനാണ് മസ്ജിദുല്‍ ഹറമില്‍ മുഅദ്ദിനായി നിയമനം ലഭിച്ചത്. ലോകത്തിലെ ഏറ്റവും പവിത്രമായ പള്ളിയായ ഹറമില്‍ ബാങ്കൊലി നിര്‍വഹിക്കുന്നത് വളരെ വലിയ ബഹുമതിയായാണ് വിശ്വാസികള്‍ കാണുന്നത്.