Kerala
ശശി തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുത്: തിരുവഞ്ചൂര്‍
പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രംഗത്തുവന്നത്

കോട്ടയം | കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്നും തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുതെന്നും കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രംഗത്തുവന്നത്. തരൂര്‍ മുന്നോട്ടു പോകുന്നത് പാര്‍ട്ടിയെ ചവിട്ടിമതിച്ചു കൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗം എന്ന നിലയില്‍ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം.
അന്തര്‍ദേശീയ തലങ്ങളില്‍ അടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടി പോകണം. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസ് ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.