International
നേപ്പാളില്‍ ശര്‍മ ഓലി പ്രധാനമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രചണ്ഡ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു

കഠ്മണ്ഡു| കെ പി ശര്‍മ ഓലി നേപ്പാളില്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രചണ്ഡ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഓലി അധ്യക്ഷനായുള്ള നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) നേപ്പാളി കോണ്‍ഗ്രസ് സഖ്യം 165 എംപിമാരുടെ പിന്തുണക്കത്ത് പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിനു നല്‍കി. ഓലി നാളെ നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റും പിന്തുണ പിന്‍വലിച്ചതോടെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. 275 അംഗ പാര്‍ലമെന്റില്‍ 63 അംഗങ്ങള്‍ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 അംഗങ്ങള്‍ പ്രചണ്ഡ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ക്കുകയും ഒരംഗം വിട്ടു നില്‍ക്കുകയും ചെയ്തു.