Connect with us

From the print

മനുഷ്യനാണ് വലുത്, നിലനിൽപ്പാണ് പ്രധാനം

മതവും സമുദായവും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കാന്തപുരം. സര്‍വകക്ഷി യോഗം വിളിച്ച് കേരളം മാതൃകയാകണം. സുന്നീ ഐക്യത്തിന് എന്നും അനുകൂലം.

Published

|

Last Updated

കേരളയാത്രയുടെ സമാപനത്തിന് സാക്ഷിയാകാൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഒഴുകിയെത്തിയ ജനം.

തിരുവനന്തപുരം | സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ജനാധിപത്യ കക്ഷികള്‍ ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം ലഭിക്കുക രാഷ്ട്രീയത്തില്‍ പ്രധാനമാണെങ്കിലും വോട്ടിനായി സമുദായ വികാരങ്ങള്‍ ഉപയോഗിക്കുന്നത് സമൂഹത്തില്‍ വലിയ മുറിവുകളുണ്ടാക്കും. അതില്ലാതാക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ സര്‍വകക്ഷി യോഗം വിളിച്ച് കേരളം മാതൃകയുണ്ടാക്കണം.

വര്‍ഗീയമായ ചേരിതിരിവ് മനുഷ്യ ജീവിതത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്. വികസന മുരടിപ്പിലേക്കാണ് അത് നയിക്കുക. പല പ്രതിസന്ധികളും അതിജീവിച്ച കേരളത്തിന് ഇതിലും ശക്തമായ മാതൃക സ്വീകരിക്കാന്‍ കഴിയും. കേരളത്തില്‍ ഇടക്കിടെ നടക്കുന്ന പ്രീണന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ധവളപത്രമിറക്കണം. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളെയും ഇളവുകളെയും കുറിച്ച് വ്യക്തമായ വിവരം പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയാല്‍ ഊഹാപോഹങ്ങള്‍ അവസാനിക്കും. ഇത്തരം ആരോപണങ്ങള്‍ ജാതി- മത സമൂഹങ്ങളെ അധിക്ഷേപിക്കാനും പരസ്പര അകലം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ.

മനുഷ്യനാണ് വലുത്. മനുഷ്യന്റെ നിലനില്‍പ്പാണ് പ്രധാനം. മനുഷ്യര്‍ പരസ്പരമുള്ള സൗഹാര്‍ദം ജീവല്‍പ്രധാനമാണ്. അതിന് എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണം. കേരളയാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും ആയിരക്കണക്കിന് മനുഷ്യരെ സംബോധന ചെയ്തു. ജാതി- മത ചിന്തകള്‍ക്കതീതമായി മനുഷ്യനന്മയുടെ സന്ദേശങ്ങളാണ് നല്‍കിയത്. ഓരോ നാടിന്റെയും വികസനവുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ക്രോഡീകരിച്ച വികസനരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

കേരളത്തില്‍ എസ് ഐ ആറിന്റെ ഭാഗമായി 24 ലക്ഷം പേരാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇത് ആശങ്കയുണ്ടാക്കുന്നു. പഞ്ചായത്ത് ഓഫീസുകളില്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും സമയപരിധി നീട്ടിനല്‍കുന്നത് ആലോചിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ദുഷ്‌കരമാക്കരുത്. സമയക്കുറവ് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാസികള്‍ നേരിട്ട് ഹിയറിംഗിന് ഹാജരാകേണ്ടെങ്കിലും, ജനിച്ചത് ഇന്ത്യയില്‍ അല്ലാത്തതിനാല്‍ ഈ ഇളവ് അവരുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല. ഇതൊനൊക്കെ ബന്ധപ്പെട്ടവര്‍ പരിഹാരം കാണണം. അന്യായമായി ഒരാള്‍ പോലും വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താകരുത്.

2026 സമസ്ത സെന്റിനറിയുടെ വര്‍ഷമാണ്. സാമൂഹിക- വിദ്യാഭ്യാസ മേഖലയില്‍ വലിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. നാടിന് വെളിച്ചമേകിയ പ്രസ്ഥാനമാണ് സമസ്ത. മതസൗഹാര്‍ദത്തിനും മനുഷ്യനന്മക്കും മാതൃക കാണിച്ച പ്രസ്ഥാനമാണിത്. ഇസ്ലാമിന്റെ യഥാര്‍ഥ രൂപമാണ് സുന്നികള്‍ പിന്തുടരുന്നത്. അല്ലാത്തതൊന്നും പ്രത്യയശാസ്ത്രപരമായി ശരിയല്ല. ഇസ്ലാമിക ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചവരാണ് തീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടികള്‍. സുന്നീ ഐക്യത്തിന് എന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സുന്നികളുടെ ഐക്യം കേരളത്തിലെ പൊതുസമൂഹത്തിനും കരുത്തുപകരും.

ഒരു സ്വതന്ത്ര രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യവും ഇടപെടരുത്. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. രാജ്യാന്തര ബന്ധങ്ങള്‍ക്കും ഐക്യരാഷ്ട്രസഭാ നിയമങ്ങള്‍ക്കും എതിരാണ്. ലോക സമാധാനത്തിനായി എല്ലാവരും എപ്പോഴും പ്രാര്‍ഥിക്കണം. സമാധാനത്തിനു മാത്രമേ പുരോഗതി കൊണ്ടുവരാന്‍ കഴിയൂവെന്നും കാന്തപുരം പറഞ്ഞു.